തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. പദ്ധതിയില്‍ നിന്ന് പിന്മാറാന് കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ഏതൊക്കെ സ്കൂളുകളില്‍ പദ്ധതി നടപ്പിലാക്കും എന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അടൂര്‍ പ്രകാശ് ഇക്കാര്യം പറഞ്ഞത്.
പദ്ധതിയില്‍ നിന്ന് പിന്മാറാന് വേണ്ടിയല്ലല്ലോ എല്‍ഡിഎഫ് ഒപ്പിട്ടതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദ്ദേശ പകാരമാണ് അന്ന് ഒപ്പിട്ടത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട ഫണ്ട് ഉണ്ട്. അത് ആരുടെയും ഔദാര്യമല്ല. അത് ഏറ്റുവാങ്ങുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പിഎം ശ്രീ ഫണ്ട് തടഞ്ഞുവെച്ചു എന്നത് തെറ്റിദ്ധാരണ പരത്തുന്ന വിവരമാണെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. പിഎം ശ്രീ പദ്ധതിയുടെ കരാറില്‍ നിന്ന് പിന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമെന്നായിരുന്നു മന്ത്രിസഭാ ഉപസമിതിയുടെയും വിലയിരുത്തല്‍. എന്‍ ഷംസുദ്ദീന്, എം ലിജു, റോജി എം ജോണ്‍, പി സി വിഷ്ണുനാഥ് എന്നിവര്‍ അടങ്ങുന്നതാണ് ഉപസമിതി. വകുപ്പുതല രേഖകള്‍ പഠിച്ചശേഷമാണ് ഈ നിലപാടിലെത്തിയതെന്നും ഉപസമിതി വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ഇന്നലെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ, സ്കൂളുകളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ കേരളം പങ്കടുത്തിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അറിയിച്ചത്. സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതിയില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്കൂള്‍ പോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. പിഎം ശ്രീ സ്കൂളുകളുടെ പട്ടികയില്‍ കേരളത്തിലെ സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളുടെ എണ്ണം പൂജ്യമാണ്. കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 47 സ്കൂളുകളും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളവയാണെന്നും കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ക്ക് പിഎം ശ്രീയുടെ യാതൊരു ഫണ്ടും ലഭിച്ചിട്ടില്ലെന്നും ജയന്ത് ചൗധരി പറഞ്ഞിരുന്നു.
Content Highlights- Adoor Prakash stated that there is no possibility of withdrawing from the PM SHRI scheme, adding that the initiative will continue