കൊച്ചി: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ മന്ത്രി പി രാജീവ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പദ്ധതി അറബിക്കടലില്‍ വലിച്ചെറിയുമെന്ന് പറഞ്ഞവര്‍ ബിജെപിക്ക് വിധേയരായി പദ്ധതി നടപ്പിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനായി രഹസ്യധാരണയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് കണ്ടതിനു ശേഷമാണ് ഒപ്പിട്ടത് എന്നാണ് അവര്‍ ആരോപിച്ചത്. കേരളം ഫണ്ട് വാങ്ങിയിട്ടില്ല എന്ന് ഇപ്പോള്‍ തെളിഞ്ഞുവെന്നും പി രാജീവ് പറഞ്ഞു. ക്യാബിനറ്റ് അറിയാതെ ഒപ്പിട്ട ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം. എവിടെയാണോ കേരളം നിന്നത് അവിടെയെങ്കിലും നില്‍ക്കണമായിരുന്നു. മുട്ടില്‍ നില്ക്കാന് പറഞ്ഞപ്പോള്‍ ഇഴയുന്ന രീതിയില്‍ മാറി. ഭരിക്കാനുള്ള നട്ടെല്ല് വേണം. കേരളത്തില്‍ ഭരണം നടത്തുന്നവര്‍ ബിജെപിക്ക് വേണ്ടി ഭരിക്കുന്നവരായി മാറി. സര്‍ക്കാര്‍ ബിജെപിക്ക് വഴങ്ങുന്നതാണ് വഖഫിലും പിഎം ശ്രീയിലും കണ്ടത്. കേന്ദ്രത്തിന്റെ കാല് നക്കുന്ന അവസ്ഥയിലേക്ക് മുഖ്യമന്ത്രിയും ഈ സര്‍ക്കാരും മാറിയില്ലേയെന്നും പി രാജീവ് ചോദിച്ചു.
പിഎംശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനമായത്. നിലവിൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യമാണെന്ന് പറഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തീരുമാനത്തെ ന്യായീകരിക്കുകയായിരുന്നു. പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകൾ ഏതൊക്കെയെന്ന് സംസ്ഥാന സർക്കാർ തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതൊക്കെ സ്കൂളുകളില്‍ പദ്ധതി നടപ്പിലാക്കും എന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അടൂര്‍ പ്രകാശ് കൂട്ടിച്ചേർത്തു.
Content Highlights: pm shri education scheme government decision opposed by p rajeev