കോട്ടയം: കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം ജില്ലയ്ക്ക് പുറത്തേക്ക്. സംഭവത്തില്‍ രണ്ടാമത്തെ എഫ്ഐആര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയെ വില്പന നടത്തിയതിനാണ് കേസ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തൊടുപുഴയില്‍ ഇതരസംസ്ഥാനത്ത് നിന്നുള്ള യുവതി പ്രസവിച്ച കുഞ്ഞിനെയാണ് വില്പന നടത്തിയത്. അസം സ്വദേശിയായ 22കാരി നല്കിയ പരാതിയിലെ അന്വേഷണത്തിലാണ് മറ്റ് രണ്ട് യുവതിമാര്‍ പ്രസവിച്ച കുഞ്ഞുങ്ങളുടെ വില്പന നടന്നിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. ഇതില്‍ ഒരു സംഭവത്തിലാണ് ഇപ്പോള്‍ കോട്ടയം പൊലീസ് സീറോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തൊടുപുഴയിലേക്ക് കൈമാറിയിരിക്കുന്നത്.
തൊടുപുഴ സ്റ്റേഷന് പരിധിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് രണ്ടാമത്തെ യുവതിയുടെ പ്രസവം നടന്നത്. ഈരാറ്റുപേട്ട കേസിലെ പ്രതി രാജനെയും മറ്റ് നാലു പേരെയും ചേര്‍ത്താണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികളെ കേരളത്തില്‍ തന്നെയാണ് വില്പന നടത്തിയതെന്നാണ് വിവരം. ഈ കേസിലും ഇടനിലക്കാരിയായത് കൊല്ലം സ്വദേശിയായ അനീനയാണ്. ഇതരസംസ്ഥാനത്ത് നിന്നുള്ള കുട്ടികളെ വേണ്ടാത്ത യുവതികളെ സമൂഹമാധ്യമങ്ങളിലൂടെ കണ്ടെത്തും. തുടര്‍ന്ന് ഇവരുമായി നിരന്തരം ചാറ്റ് ചെയ്യുകയും കേരളത്തിലെത്തിക്കുകയും ചെയ്യും. നിലവില്‍ ഈരാറ്റുപേട്ടയിലേത് അടക്കം മൂന്ന് കേസുകളാണ് അന്വേഷണ പരിധിയിലുള്ളത്.
ചില പ്രശ്നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞ അസം സ്വദേശിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പ്രസവത്തിന് സഹായം തേടി പോസ്റ്റ് പങ്കുവയ്ക്കുകയും തുടർന്ന് പ്രതികള്‍ സഹായം വാഗ്ദാനം ചെയ്ത് ഇവരെ ബന്ധപ്പെടുകയുമായിരുന്നു. എന്നാല്‍ കുഞ്ഞിനെ വില്‍ക്കുന്ന കാര്യം യുവതിക്ക് അറിവില്ലായിരുന്നു. ഏഴ് മാസം ഗര്‍ഭിണിയായ യുവതിയും പ്രതികളും തമ്മില്‍ ഇതേത്തുടര്‍ന്ന് വാക്കുതര്‍ക്കത്തിലായി. പിന്നാലെയാണ് യുവതി പൊലീസിനെ സമീപിക്കുന്നത്. തിരുനെല്‍വേലി സ്വദേശി രാജന്, വാഗമണ്‍ സ്വദേശി അര്ജുന് എന്നിവര്‍ നിലവില്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ടാമത്തെ കേസില്‍ അര്‍ജുന്റെ പങ്കുവ്യക്തമല്ല.
Content Highlights: Authorities are investigating reports of a newborn baby trafficking racket in Kerala. The case alleges that infants were sold, with women from other states. The investigation is ongoing to determine the extent of the network