സംസ്ഥാന BJPയില്‍ അസാധാരണ നീക്കം; പതിവില്ലാതെ നേതൃയോഗം, പങ്കെടുത്തത് ജന.സെക്രട്ടറിമാരും ഉപാധ്യക്ഷന്മാരും മാത്രം

തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി കോര്‍ കമ്മിറ്റി വിളിച്ച് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല

തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ അസാധാരണ നീക്കങ്ങള്‍. പതിവില്ലാതെ നേതൃയോഗം വിളിച്ചു. ജനറല്‍ സെക്രട്ടറിമാരുടെയും ഉപാധ്യക്ഷന്മാരുടെയും മാത്രം യോഗമാണ് വിളിച്ചത്. മുന്‍ അധ്യക്ഷന്മാരെ ഒഴിവാക്കി യോഗം വിളിച്ചതില്‍ കടുത്ത അതൃപ്തിയിലാണ് മുതിര്‍ന്ന നേതാക്കള്‍. ഇന്നലെ വിളിച്ച യോഗത്തില്‍ നിന്ന് എം ടി രമേശ് വിട്ടുനിന്നു. സംസ്ഥാന അധ്യക്ഷന്‍ കോര്‍ കമ്മിറ്റി യോഗം ഇതുവരെ വിളിച്ചിട്ടില്ല. മുന്‍ അധ്യക്ഷന്മാരെ ഒഴിവാക്കാനാണ് കോര്‍ കമ്മിറ്റി ചേരാത്തത് എന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി കോര്‍ കമ്മിറ്റി വിളിച്ച് ചര്‍ച്ച ചെയ്തിട്ടുമില്ല.

സാധാരണയായി ബിജെപി കോര്‍ കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിമാരും തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഭാരവാഹികളും മുന്‍ അധ്യക്ഷന്മാരുമാണ് ഉണ്ടാവാറുളളത്. ജനറല്‍ സെക്രട്ടറിമാരുടെ യോഗവും സംസ്ഥാന ഭാരവാഹികളുടെ യോഗവുമാണ് ഇതല്ലാതെ സാധാരണയായി നടക്കുന്ന യോഗങ്ങൾ. എന്നാല്‍ ഇന്നലെ ജനറല്‍ സെക്രട്ടറിമാരെയും ചില വൈസ് പ്രസിഡന്റുമാരെയും മാത്രം ഉൾപ്പെടുത്തി അസാധാരണമായ യോഗമാണ് വിളിച്ചുചേർത്തത്. കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, കെ സുരേന്ദ്രന്‍, സി കെ പത്മനാഭന്‍ തുടങ്ങിയ നേതാക്കളെ കൂടി ചേര്‍ത്താല്‍ കോര്‍ കമ്മിറ്റി യോഗമാവുമായിരുന്നു.

കോര്‍ കമ്മിറ്റി വിളിക്കാതെ തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേരെ മാത്രം വിളിച്ചായിരുന്നു യോഗം. യോഗത്തില്‍ ഏകപക്ഷീയമായി ചില തീരുമാനങ്ങളാണ് പ്രഖ്യാപിച്ചെതെന്നാണ് ആരോപണം. 'ഇവിടെ ഒരു തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പും നടന്നിട്ടില്ല. അങ്ങനെ ചില പരാതികളുണ്ട്. അത് വേണമെങ്കില്‍ കോര്‍ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാം അല്ലെങ്കില്‍ അച്ചടക്ക സമിതിയ്ക്ക് വിടാം' എന്നെല്ലാം പ്രഖ്യാപിക്കുകയുമായിരുന്നു രാജീവ് ചന്ദ്രശേഖർ എന്നാണ് പരാതി. കോര്‍ കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്നും ആര്‍ക്കെങ്കിലും തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുകയും ചെയ്യണമെന്നാണ് ആവശ്യം.

Content Highlights: Kerala BJP calls an unprecedented emergency leadership meeting amid unusual internal political developments; major political discussions underway

To advertise here,contact us