വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കം; സര്‍ക്കാരിനെതിരെ സമസ്ത

വഖഫ് ബോർഡിൽ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉൾപ്പെടുത്താനുള്ള സർക്കാർ നീക്കം ബിജെപി താൽപര്യം സംരക്ഷിക്കുന്നതാണെന്നുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്.

കോഴിക്കോട്: വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത. സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്കൊപ്പമാണെന്ന് സമസ്ത ഏകോപന സമിതി അംഗം സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ഹര്‍ജിക്കാരുടെ താല്‍പര്യം നിഗൂഢമാണ്. ആരാണ് ഹര്‍ജിക്കാരെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ഈ ഹര്‍ജിക്കാര്‍ക്ക് കുട പിടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നതെന്നും സന്താർ പന്തല്ലൂർ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പ്രതികരണം. വഖഫ് ബോർഡിൽ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉൾപ്പെടുത്താനുള്ള സർക്കാർ നീക്കം ബിജെപി താൽപര്യം സംരക്ഷിക്കുന്നതാണെന്നുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്.

'ദൈവപ്രീതി മാത്രം ലക്ഷ്യംവെച്ച് ഇസ്‌ലാം മത വിശ്വാസികള്‍ ദാനം ചെയ്യുന്നതാണ് വഖ്ഫ് സ്വത്ത്. അത് സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള സര്‍ക്കാര്‍ സംവിധാനമാണ് വഖ്ഫ് ബോര്‍ഡ്. നിലവിലുള്ള വഖ്ഫ് ബോര്‍ഡിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ ഹര്‍ജികളുമായി വന്ന നാല് കക്ഷികളും ഇതുമായി ബന്ധപ്പെട്ടവരല്ലെന്ന് വ്യക്തമാണ്. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണന്നതില്‍ തര്‍ക്കവുമില്ല. ആരാണ് ഹര്‍ജിക്കാരെന്ന് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. എന്നാല്‍ ഈ ഹര്‍ജിക്കാര്‍ക്ക് കുട പിടിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നത്? ഈ നീക്കം ആരുടെ താത്പര്യം സംരക്ഷിക്കാനാണ്?', എന്നാണ് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വഖഫ് ബോർഡിൽ മുസ്‌ലിം ഇതര വിഭാഗങ്ങളെ ഉൾപ്പെടുത്താനുള്ള സർക്കാർ നീക്കം ബിജെപി താൽപര്യം സംരക്ഷിക്കുന്നതാണെന്നുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്. അതേസമയം വഖഫ് ബോര്‍ഡില്‍ നിന്ന് ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കാനുള്ള നീക്കത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

അതിനിടെ വഖഫ് ബോര്‍ഡ് പുനഃസംഘടനയിലെ സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ച് കെ പി നൗഷാദ് അലി എംഎല്‍എ രംഗത്തെത്തി. വഖഫ് ബോര്‍ഡ് പുനഃസംഘടനയിലെ വിമര്‍ശനം വിഷയ ദാരിദ്ര്യമാണെന്ന് നൗഷാദ് അലി പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമഭേദഗതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തവരാണ് കോണ്‍ഗ്രസ്. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിലപാട്. ആരോപണങ്ങള്‍ രാഷ്ട്രീയ അഭ്യാസം മാത്രമാണ്. എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കും എതിര സിപിഐഎം ഉപയോഗിച്ച ആയുധമാണ് ഹിന്ദുവത്ക്കരണം എന്നും നൗഷാദ് അലി പറഞ്ഞു.

വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര വിഭാഗത്തില്‍പ്പെട്ട ആളുകളെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് അടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. 2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോര്‍ഡില്‍ രണ്ട് മുസ്‌ലിം ഇതര അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കാതെയാണ് ബോര്‍ഡ് രൂപീകരിച്ചത് എന്നായിരുന്നു ഷോണ്‍ ജോര്‍ജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. നിലവിലെ ബോര്‍ഡിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണ്. 2025ല്‍ വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചപ്പോള്‍ ഒൻപത് പേരെയാണ് സര്‍ക്കാര്‍ നിയമിച്ചത്. ഇതില്‍ എല്ലാവരും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരാണെന്നും ഇത് നിയമവിരുദ്ധമാണെന്നും ഷോണ്‍ ജോര്‍ജ് വാദിച്ചിരുന്നു. ഇതില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ഷോണ്‍ ജോർജ് ഉന്നയിച്ച വാദങ്ങളെ അനുകൂലിക്കുന്ന നിലപാടായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്.

Content Highlights- Samastha has objected to the government's move to include non Muslim members in the Waqf Board

To advertise here,contact us