'അവൻ തന്നെ ചെയ്തതാ സാറേ… ബൈക്ക് ഇവിടെയുണ്ടല്ലോ'; അടൂരിലെ യുവതിയുടെ മരണം കൊലപാതകമെന്ന് കുടുംബം

ഇന്നലെ രാത്രിയാണ് ഷെഹന(31)യെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്

പത്തനംതിട്ട: അടൂര്‍ കോട്ടമുറിയില്‍ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. യുവതിയുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. സംഭവസമയം വീട്ടിലുണ്ടായിരുന്ന ആണ്‍സുഹൃത്ത് തന്റെ മകളെ കൊന്നതാണെന്ന് അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'അവന്‍ തന്നെ ചെയ്തതാ സാറേ…ഞങ്ങള്‍ക്ക് മൊത്തത്തില്‍ സംശയമുണ്ട്. അവന്റെ ബൈക്ക് ഇവിടെയുണ്ടല്ലോ. അവന്‍ തന്നെ ചെയ്തതാണ്. എന്നിട്ട് അവന്‍ തന്നെ എല്ലാവരേയും വിളിച്ച് അറിയിച്ചു. വേറെ ആര്‍ക്കെങ്കിലും പങ്ക് ഉണ്ടോയെന്ന് അറിയില്ല. എന്റെ കൊച്ച് സ്വയം മരിക്കില്ല', മാതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഇന്നലെ രാത്രിയാണ് ഷെഹന(31)യെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ നിന്നും ശബ്ദം കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് നഗരസഭാ കൗണ്‍സിലറെ വിവരം അറിയിച്ചു. അവരുള്‍പ്പെടെ എത്തി വാതില്‍ തുറന്നപ്പോഴാണ് ഷഹനയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ നിന്നും പുറത്തുവന്നത്. അകത്തുകയറി പരിശോധിച്ചപ്പോള്‍ ഷഹനയെ സ്റ്റെയര്‍കേസിന്റെ ഭാഗത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍തന്നെ അടൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. മരിച്ച ഷെഹനയുടെയും യുവാവിന്റെയും ശരീരത്തില്‍ രക്തപാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു. ഏഴംകുളം സ്വദേശിയായ ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

Content Highlights: young woman found hanging family seeks investigation at adoor

To advertise here,contact us