'വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി'; പ്ലീഡര്‍ നിയമനത്തില്‍ സര്‍ക്കാരിനെതിരെ കെഎസ്‌യു

പ്രതിഷേധത്തില്‍ പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരുടെ ചിത്രങ്ങളടക്കം പങ്കുവെച്ചാണ് കെഎസ്‌യു പ്രസിഡന്റ് രംഗത്തെത്തിയത്

തിരുവനന്തപുരം: പ്ലീഡര്‍ നിയമനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കെഎസ്‌യുക്കാരെ മര്‍ദ്ദിച്ച എസ്എഫ്‌ഐക്കാരെ സര്‍ക്കാര്‍ നിയമിച്ചെന്ന് അലോഷ്യസ് സേവ്യര്‍ ആരോപിച്ചു. വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ലെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി. പ്രതിഷേധത്തില്‍ പരിക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരുടെ ചിത്രങ്ങളടക്കം പങ്കുവെച്ചാണ് കെഎസ്‌യു പ്രസിഡന്റ് രംഗത്തെത്തിയത്.

കഴിഞ്ഞ പത്ത് വര്‍ഷക്കാലം പിണറായി സര്‍ക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയര്‍ത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകള്‍ ഇപ്പോള്‍ കെഎസ്‌യു സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി വിളിക്കുമ്പോള്‍ ഇന്‍കമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഴിയില്‍ കൂടി പോകുന്ന എസ്എഫ്‌ഐക്കാരെയൊക്കെ ചുമക്കേണ്ട ബാധ്യത യുഡിഎഫ് സര്‍ക്കാരിനില്ലെന്നും അലോഷ്യസ് കുറ്റപ്പെടുത്തി. തിരുവനന്തപുരം നിയമ കലാലയത്തില്‍ കെഎസ്‌യുക്കാരെ നിരന്തരം മര്‍ദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവണ്‍മെന്റ് പ്ലീഡറാക്കിയ നടപടി തിരുത്തപ്പെടേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹൈക്കോടതിയിലെ സര്‍ക്കാര്‍ പ്ലീഡര്‍ നിയമത്തില്‍ ലോയേഴ്‌സ് കോണ്‍ഗ്രസും സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. നിയമനത്തില്‍ അന്വേഷണം വേണമെന്നും ലോയേഴ്‌സ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോള്‍ ചാവേറുകള്‍ ആയവരെ ഭരണം കിട്ടിയപ്പോള്‍ പുറത്ത് നിര്‍ത്തിയെന്ന് കുറ്റപ്പെടുത്തിയാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രതികരിച്ചത്. സിപിഐഎം, സിപിഐ, ബിജെപി വിധേയത്വം ഉള്ളവരെ നിയമിച്ചെന്ന് ആരോപിച്ചാണ് ലോയേഴ്‌സ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഇത്തരം നിയമനങ്ങള്‍ പുനഃപരിശോധിക്കണം എന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

അലോഷ്യസ് സേവ്യറിന്‍റെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ല.

ഇക്കാലമത്രയും വാദിച്ചതും ശബ്ദമുയർത്തിയതും KSU ആയി തെരുവിൽ ചോരയൊഴുക്കിയവർക്കും കേസുകളിൽ പ്രതിയായവർക്കും വേണ്ടിയാണ്. വ്യക്തിപരമായ ഒരു സർക്കാർ ആനുകൂല്യത്തിന് വേണ്ടിയും വാദിക്കാൻ ഉദ്ദേശമില്ല. എന്നാൽ KSU ക്കാരായ സഹപ്രവർത്തകരെ കണ്ടില്ല എന്ന് നടിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല.

കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയർത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകൾ ഇപ്പോൾ KSU സഹപ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഇൻകമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണ്.

വഴിയിൽ കൂടി പോകുന്ന SFI ക്കാരെയൊക്കെ ചുമക്കേണ്ട ബാധ്യത UDF സർക്കാരിനില്ല. തിരുവനന്തപുരം നിയമ കലാലയത്തിൽ KSUക്കാരെ നിരന്തരം മർദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവൺമെന്റ് പ്ലീഡറാക്കിയ നടപടി തിരുത്തപ്പെടേണ്ടതാണ്.

എന്ത് കൊണ്ട് പരസ്യമായി പ്രതികരിക്കുന്നു എന്ന ചോദ്യം പാർട്ടിയേ സ്നേഹിക്കുന്ന സഹപ്രവർത്തകർക്ക് ഉണ്ടാകുമെന്നതിനാൽ അതിനുള്ള മറുപടി കൂടി കുറിക്കാതിരിക്കാൻ വയ്യ.

കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ എന്ന് വച്ചാൽ എന്ത് ചെയ്യും.

Content Highlights: KSU state president Alosius Xavier has raised criticism against the government through a Facebook post regarding pleader appointments.

To advertise here,contact us