കാപ്പാ കേസ്: സുഗതനും ബിജെപിക്കും തിരിച്ചടി; ജയിലില്‍ അടച്ചത് ശരിവെച്ച് കാപ്പാ ഉപദേശക സമിതി

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ഭരണസമിതിയും പ്രതിസന്ധിയിലായിരിക്കുകയാണ്

തിരുവനന്തപുരം: കാപ്പാ കേസില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആര്‍ സുഗതനും ബിജെപിക്കും തിരിച്ചടി. സുഗതനെ ജയിലിലടച്ചത് കാപ്പാ ഉപദേശക സമിതിയും ശരിവെച്ചു. ആര്‍ സുഗതന്‍ ആറ് മാസത്തേക്ക് ജയിലില്‍ തുടരാനാണ് ഉത്തരവ്.

ഹൈക്കോടതി ജാമ്യം നല്‍കിയില്ലങ്കില്‍ സുഗതന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകുമെന്നിരിക്കെയാണ് നിര്‍ണായക നടപടി. ഇതോടെ തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ഭരണസമിതിയും പ്രതിസന്ധിയിലായിരിക്കുകയാണ്. ഭരണസമിതിയില്‍ സുഗതന്റെ സത്യപ്രതിജ്ഞ മാത്രമാണ് ഇനി നടക്കാനുള്ളത്. ആദ്യ സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ട മറ്റ് 19 കൗണ്‍സിലര്‍മാരും നേരത്തെ തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

മാത്രമല്ല തുടര്‍ച്ചയായി മൂന്ന് മാസം മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ വിട്ടുനിന്നാല്‍ കൗണ്‍സിലര്‍ അയോഗ്യനാകും. കഴിഞ്ഞ രണ്ട് യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തിരുന്നില്ല. സുഗതനെ സഹായിക്കാനാണ് ബിജെപി നേതൃത്വം കൗണ്‍സില്‍ യോഗം വിളിക്കാത്തതെന്ന് ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ശക്തമായ പ്രതിഷേധമാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതും. സ്വതന്ത്രന്റെ പിന്തുണയോടെയാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണം പിടിച്ചത്.

വധശ്രമക്കേസില്‍ ഒളിവിലായിരുന്ന സുഗതനെ നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. സുഗതന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയായിരുന്നു അറസ്റ്റ്. കാപ്പ ചുമത്തിയിട്ടുള്ള ഇയാളെ അറസ്റ്റ് ചെയ്യാന്‍ കളക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. പിടികൂടാനെത്തിയ പൊലീസിനെ സുഗതന്റെ അനുയായികള്‍ വളയുകയായിരുന്നു. പിന്നാലെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിര്‍ത്തു. സുഗതന്റെ അനുയായികളുടെ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

Content Highlights: The KAAPA Advisory Board has upheld the preventive arrest of Sugathan, dealing a setback to him and the BJP in the ongoing case.

To advertise here,contact us