ചർച്ചയ്ക്ക് കാത്തുനിൽക്കാതെ കോറോ ഹെല്‍ത്ത്; പിരിച്ചുവിടൽ നടപടിയുമായി മുന്നോട്ട്; 'നഷ്ടപരിഹാരം' നൽകി

നഷ്ടപരിഹാരമായി പ്രഖ്യാപിച്ച മൂന്ന് മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കി

കൊച്ചി: മുന്നറിയിപ്പ് ഇല്ലാതെ കൊച്ചിയില്‍ തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ട യുഎസ് സ്ഥാപനമായ കോറോ ഹെല്‍ത്ത് നടപടി ക്രമങ്ങളുമായി മുന്നോട്ട്. നഷ്ടപരിഹാരമായി പ്രഖ്യാപിച്ച മൂന്ന് മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കി. തിങ്കളാഴ്ച വരെ പിരിച്ചുവിടല്‍ നടപടി മരവിപ്പിക്കാന്‍ ധാരണയായിക്കെയാണ് അതിനെ മറികടന്നുള്ള നീക്കം.

കോറോ ഹെല്‍ത്ത് എന്ന യുഎസ് ആസ്ഥാനമായ സ്ഥാപനമാണ് തൊഴിലാളികളെ കാരണം അറിയിക്കാതെ പിരിച്ചുവിട്ടത്. ജീവനക്കാര്‍ രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് പിരിച്ചുവിട്ടെന്ന വിവരം അറിഞ്ഞത്. ഏകദേശം 800ലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ശേഷം ഓഫീസ് അടയ്ക്കുകയും ചെയ്തു.മൂന്ന് മാസത്തിനുള്ളില്‍ കോമ്പന്‍സേഷന്‍ നല്‍കാമെന്നാണ് കമ്പനി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്‍പ് പിരിച്ചുവിടല്‍ നേരിട്ടവര്‍ക്ക് പോലും തുക ലഭിച്ചില്ലെന്ന് ജീവനക്കാര്‍ ആശങ്ക അറിയിച്ചിരുന്നു.

ഉമ തോമസ് എംഎല്‍എ ഇടപെട്ടായിരുന്നു പിരിച്ചുവിടൽ നടപടി മരവിപ്പിച്ചത്. ഉമാ തോമസ് കൊച്ചിയിലെ കമ്പനിയിലെത്തി ജീവനക്കാരുമായി സംസാരിച്ചിരുന്നു. എംഎല്‍എയാണ് ജീവനക്കാരെ പിരിച്ചുവിട്ട നടപടി മരവിപ്പിച്ചതായി അറിയിച്ചത്. ആറാം തീയതി കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും അതുവരെ തല്‍സ്ഥിതി തുടരാനാണ് തീരുമാനമായിരുന്നത്. തൊഴില്‍മന്ത്രി വിഷയത്തില്‍ ഇടപെട്ടെന്നും ആറാം തീയതി തിരുവനന്തപുരത്ത് തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടക്കുകയെന്നും ഉമ തോമസ് വ്യക്തമാക്കിയിരുന്നു.

Content Highlights: Koro Health has moved forward with employee layoffs at its Kochi operations, stating that compensation has been paid to the affected workers as part of the process.

To advertise here,contact us