വിഴിഞ്ഞം പോര്‍ട്ട് എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയതില്‍ ദുരൂഹത; ജോണ്‍ ബ്രിട്ടാസ് എംപി

വി ഡി സതീശന്റെ ചെയ്തികള്‍ രാഹുല്‍ ഗാന്ധിയുടെ ചെകിട്ടത്തുളള അടിയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു

ന്യൂഡല്‍ഹി: വിഴിഞ്ഞം പോര്‍ട്ട് എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയ നടപടിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. ജി കാര്‍ത്തികേയനെ പോലെ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവിന്റെ മരുമകളെ രായ്ക്ക് രാമായനം മാറ്റാന്‍ എന്തായിരുന്നു വി ഡി സതീശന് ധൃതിയെന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. കേരളത്തിലെ ജനങ്ങളുടെ ചെവിയില്‍ ഇരമ്പുന്ന വലിയ സംശയമായി മാറാന്‍ പോകുന്ന സംഭവമാണിതെന്നും വി ഡി സതീശന്റെ ചെയ്തികള്‍ രാഹുല്‍ ഗാന്ധിയുടെ ചെകിട്ടത്തുളള അടിയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

'വിഴിഞ്ഞത്തില്‍ വി ഡി സതീശന് ഒരു ആശയക്കുഴപ്പവുമില്ല. അധികാരത്തില്‍ വരികയാണെങ്കില്‍ അദാനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഗൂഢാലോചന നടന്നിരുന്നു. ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ പോയി അദാനിയുടെ ആളുകളെ വി ഡി സതീശന്‍ കണ്ടിരുന്നു. എന്തിനാണ് ഇത്ര ധൃതി പിടിച്ച് ചാര്‍ട്ടേര്‍ഡ് വിമാനമെടുത്ത് മംഗലാപുരത്തേക്ക് പോയത്? എന്തിനാണ് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ തന്നെ പോയത്? വിമാനത്തില്‍ പോകാന്‍ എവിടെ നിന്നാണ് പണം ലഭിച്ചതെന്ന് പറയണം. ആരാണ് വിമാനത്തിന് പണം മുടക്കിയത്? ആരാണ് ആര്യാടന്റെ ആ ബന്ധു? ജീവിച്ചിരിക്കുമ്പോള്‍ ആര്യാടന്‍ മുഹമ്മദിനെ കാണാത്ത വ്യക്തിയാണ് ആര്യാടന്റെ ബന്ധുവിനെ കാണാന്‍ പോയത്': ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ആരോപിച്ചിരുന്നു. ദിവ്യയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ അദാനി അധികൃതര്‍ പലതവണ ശ്രമിച്ചതായി കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി. പോര്‍ട്ടിന്റെ കാര്യം നിങ്ങള്‍ നോക്കിയാല്‍ മതി ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം എന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി നിലപാടെടുത്തു. കരാര്‍ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ മാറ്റത്തിന് ശ്രമിച്ചപ്പോള്‍ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ദിവ്യ എസ് അയ്യര്‍. ഭരണ മാറ്റം ഉണ്ടായ ഉടനെ ദിവ്യയെ സ്ഥലം മാറ്റി. പകരം ഒട്ടും അനുഭവ പരിജ്ഞാനം ഇല്ലാത്ത ഉദ്യോഗസ്ഥനെയാണ് നിയമിച്ചത്. ഇതിന് പിന്നിലെ കാരണമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ കെ രാഗേഷ് ആവശ്യപ്പെട്ടിരുന്നു.  വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയ ദിവ്യ എസ് അയ്യരെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായാണ് നിയമിച്ചിച്ചത്. സാംസ്കാരിക വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ദിവ്യ എസ് അയ്യരെ നീക്കിയിരുന്നു. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം തുറമുഖം എംഡി.

Content Highlights: John Brittas MP has raised serious concerns and alleged a mystery behind the sudden removal of Dr. Divya S. Iyer from the post of Vizhinjam Port Managing Director

To advertise here,contact us