തിരുവനന്തപുരം: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊറോ ഹെൽത്ത് എന്ന ഐ ടി/മെഡിക്കൽ കോഡിംഗ് കമ്പനി മുൻകൂർ നോട്ടീസ് ഇല്ലാതെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ സംസ്ഥാന തൊഴിൽ വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ. കൊറോ ഹെൽത്തിൻ്റെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് യാതൊരു മുൻകൂർ അറിയിപ്പും നൽകാതെ ഏകദേശം 800 ജീവനക്കാരെ കഴിഞ്ഞ ദിവസം കൂട്ടത്തോടെ പിരിച്ചുവിട്ടത് പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
മുൻകൂർ നോട്ടീസോ തൊഴിലാളികളുമായി ചർച്ചയോ നടത്താതെ, കേവലം മൂന്ന് മാസത്തെ ശമ്പളം മാത്രം നൽകി ജീവനക്കാരെ പിരിച്ചുവിടാനുള്ള കമ്പനി തീരുമാനം തൊഴിൽ അവകാശങ്ങൾക്കും തൊഴിൽ നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങൾക്കും വിരുദ്ധമാണെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. ബെംഗളൂരു, ചെന്നൈ, നോയിഡ തുടങ്ങിയ നഗരങ്ങളിൽ പ്രവർത്തനം തുടരുന്ന കമ്പനി കേരളത്തിലെ ഓഫീസുകൾ മാത്രം അടച്ചുപൂട്ടുകയും ഇവിടെ മാത്രം ഇത്തരമൊരു നടപടിയിലേക്ക് കടക്കുകയും ചെയ്തതിന്റെ കാരണം കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാണിച്ചു .
'സാധാരണ ദിവസത്തെപ്പോലെ ജോലിക്കെത്തിയ ജീവനക്കാരെ ഒരുമിച്ച് വിളിച്ചുകൂട്ടി കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയും ഉടൻ തന്നെ അവരുടെ കമ്പ്യൂട്ടർ, ഔദ്യോഗിക അക്കൗണ്ടുകൾ എന്നിവയിലേക്കുള്ള പ്രവേശനം റദ്ദാക്കുകയും ചെയ്തു. പിരിച്ചുവിടലിന് മുമ്പ് യാതൊരു മുന്നറിയിപ്പോ ഔദ്യോഗിക വിശദീകരണമോ ജീവനക്കാരുമായി കൂടിയാലോചനയോ ഉണ്ടായിരുന്നില്ലെ'ന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാണിക്കുന്നു.
നൂറുകണക്കിന് യുവജനങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനത്തെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ സംസ്ഥാന സർക്കാരും തൊഴിൽ വകുപ്പും അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. പിരിച്ചുവിടൽ നടപടിയുടെ നിയമസാധുത പരിശോധിക്കുകയും, തൊഴിൽ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണം. തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിന് സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഡിവൈഎഫ് ആവശ്യപ്പെട്ടു. കൊച്ചി പാലാരിവട്ടം ഓഫീസിൽ നിന്ന് ഏകദേശം 600 പേരെയും കോഴിക്കോട് ഓഫീസിൽ നിന്ന് 200 ഓളം പേരെയുമാണ് കൊറോ ഹെൽത്ത് പിരിച്ച് വിട്ടതെന്നാണ് ഡിവൈഎഫ്ഐ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Content Highlights: DYFI has demanded the State Labour Department's immediate intervention following the mass layoffs at Koro Health, alleging unfair dismissal of employees and seeking protection of workers' rights.