224 കോടിയുടെ കശുവണ്ടി ഇടപാട് നടത്തിയ താന്‍ 2000 കോടിയുടെ അഴിമതി നടത്തിയെന്നാണ് പ്രചാരണം: ആര്‍ ചന്ദ്രശേഖരന്‍

'പ്രോസിക്യൂഷന് അനുവാദം നല്‍കിയതിനെ സ്വാഗതം ചെയ്യുന്നു. ബോര്‍ഡിന്റെ ചുമതലയിലിരുന്നത് മൂന്ന് വര്‍ഷം മാത്രമാണ്'

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പരാതിക്കാരന്റെ ഉദ്ദേശത്തില്‍ സംശയം പ്രകടിപ്പിച്ച് ഐഎന്‍ടിയുസി നേതാവും കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായ ആര്‍ ചന്ദ്രശേഖരന്‍. 17 വര്‍ഷക്കാലം ഒരേയൊരു സ്ഥാപനത്തിനെതിരെ എന്തിനാണ് കേസ് നടത്തിയതെന്നും സുപ്രീംകോടതി വരെ കേസുമായി പോകാന്‍ പണം എവിടെ നിന്നാണ് ലഭിച്ചതെന്നും ചന്ദ്രശേഖരന്‍ ചോദിച്ചു. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് തീരുമാനങ്ങള്‍ ഒന്നിച്ചാണ് എടുത്തതെന്ന് ആര്‍ ചന്ദ്രശേഖരന്‍ ആവര്‍ത്തിച്ചു.

പ്രോസിക്യൂഷന് അനുവാദം നല്‍കിയതിനെ സ്വാഗതം ചെയ്യുന്നു. ബോര്‍ഡിന്റെ ചുമതലയിലിരുന്നത് മൂന്ന് വര്‍ഷം മാത്രമാണ്. 224 കോടി രൂപയുടെ കശുവണ്ടി ഇടപാട് നടത്തിയ താന്‍ 2,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ഏത് വിചാരണയും നേരിടും. ഐഎന്‍ടിയുസിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

ഉദ്യോഗസ്ഥ വീഴ്ചയെ ബോര്‍ഡിന്റെ വീഴ്ചയായി കാണിച്ച് തങ്ങളെ കുടുക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്ന് ചന്ദ്രശേഖര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഏത് തീരുമാനം എടുക്കുമ്പോഴും ഡയറക്ടര്‍ ബോര്‍ഡിനാണ് പൂര്‍ണ്ണ അധികാരം. ഏകകണ്ഠമായ തീരുമാനങ്ങളില്‍ ചെയര്‍മാന്‍ ഉത്തരവാദിയല്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

Content Highlights: R Chandrasekharan Questions Complainant's Motive in Cashew Development Corporation Corruption Case

To advertise here,contact us