തിരുവനന്തപുരം: കാപ്പ കേസ് പ്രതിയും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലറുമായ ആര് സുഗതന് ജാമ്യമില്ല. ജാമ്യാപേക്ഷ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി തളളി. രണ്ട് കേസുകളിലാണ് ജാമ്യം നിഷേധിച്ചത്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ക്ഷേത്രോത്സവത്തിനിടെ കുളുമല സ്വദേശി പ്രശാന്തിനെ മര്‍ദ്ദിച്ച കേസിലുമാണ് ജാമ്യം തേടിയത്. സുഗതനെതിരെ വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകളാണ് ചുമത്തിയിരുന്നത്.
ജൂലൈ ഒന്നിന് ആര് സുഗതനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. അന്ന് വൈകുന്നേരം 5.30 വരെയാണ് സുഗതനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. വെളളയില്കടവില് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ സുഗതന് രണ്ടുപേരെ ആക്രമിച്ച കേസില്‍ ആയുധങ്ങള്‍ കണ്ടെത്താനുണ്ടെന്നും രണ്ടുദിവസം കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് കോടതിയില്‍ പറഞ്ഞിരുന്നു. തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോയപ്പോള്‍ വാഹനത്തില്‍ വെച്ച് പൊലീസ് മോശമായി പെരുമാറി എന്ന് സുഗതന് കോടതിയില്‍ പറഞ്ഞിരുന്നു.
സുഗതനെതിരായ കാപ്പ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ആഭ്യന്തര വകുപ്പാണ് കാപ്പ ചുമത്തിയ നടപടി അംഗീകരിച്ചത്. ജില്ലാ കളക്ടറുടെ നടപടിയാണ് അംഗീകരിച്ചത്. എന്നാല്‍ ഇളവിന് കാപ്പ ഉപദേശക സമിതിയെ സമീപിക്കണം. സര്‍ക്കാര്‍ സമിതി രൂപീകരിക്കാന്‍ വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജൂലൈ 26ന് മുമ്പ് കാപ്പ കേസില്‍ ജാമ്യമില്ലെങ്കില്‍ സുഗതന് കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യനാകും. അതിനുമുന്‍പ് ജാമ്യം നേടാനാണ് ബിജെപി ശ്രമിക്കുന്നത്. കാപ്പ ഒഴിവാക്കുന്നതിനോടൊപ്പം സുഗതന്റെ പുനഃസത്യപ്രതിജ്ഞയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി.
Content Highlights: The Nedumangad Magistrate Court has rejected the bail applications of Thiruvananthapuram Corporation BJP councillor R. Sugathan in both cases