തിരുവനന്തപുരം മൃഗശാലയിലെ വ്യാജ നിയമനം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്

തിരുവനന്തപുരത്ത് വ്യാജ രേഖ ചമച്ച് രണ്ട് പേര്‍ ജോലി നേടിയത് വിവരാവകാശ രേഖ പ്രകാരം റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവരികയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ വ്യാജ നിയമനത്തില്‍ വിജിലന്‍സ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം മൃഗശാലയില്‍ കീപ്പര്‍ തസ്തികയില്‍ എന്‍ജിഒ യൂണിയന്‍ നേതാവ് രാമചന്ദ്രനും രാജേഷും ജോലിയില്‍ പ്രവേശിച്ചത് വ്യാജ രേഖ സമര്‍പ്പിച്ചാണ് എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളടക്കം പരാതിക്കാരന്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. 2025 ഓഗസ്റ്റിലാണ് മൃഗശാലയിലെ കീപ്പര്‍ നിയമനത്തിലെ ക്രമക്കേട് റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്നത്.

മൃഗശാലകളിലെ കീപ്പര്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ്. ഈ നിയമനങ്ങളില്‍ തിരുവനന്തപുരത്ത് വ്യാജ രേഖ ചമച്ച് രണ്ട് പേര്‍ ജോലി നേടിയത് വിവരാവകാശ രേഖയിലൂടെ പുറത്തുവരികയായിരുന്നു. തിരുവനന്തപുരം മൃഗശാലയിലെ എന്‍ജിഒ യൂണിയന്‍ നേതാവ് രാമചന്ദ്രനും രാജേഷും തിരുവനന്തപുരം കരമന സ്വദേശികളാണ്. ഇരുവരും വ്യാജരേഖ ചമച്ച് കുട്ടനാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി നേടിയെന്ന വിവരാവകാശ രേഖയാണ് പരാതിക്കാരന്‍ വിജിലന്‍സിന് കൈമാറിയത്. കൂടാതെ 'ഔവ്വര്‍ മ്യൂസിയം' എന്ന ഇല്ലാത്ത സ്ഥാപനത്തിന്റെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും ഇരുവരും ഉണ്ടാക്കിയതായും രേഖകള്‍ ഉണ്ട്. ഇതും വിജിലന്‍സിന് കൈമാറി.

ഇത് കൂടാതെ തെരെഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കീപ്പര്‍ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെടുന്ന മറ്റൊരു വാര്‍ത്തയും റിപ്പോര്‍ട്ടര്‍ പുറത്തുകൊണ്ടുവന്നിരുന്നു. മൃഗശാലയിലെ കീപ്പര്‍ നിയമനത്തിലെ ക്രമക്കേട് തുടര്‍ച്ചയായി റിപ്പോര്‍ട്ടര്‍ പിന്തുടര്‍ന്നതോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Content Highlights: The Vigilance Department has taken forward its investigation into the alleged fake appointment case at Thiruvananthapuram Zoo by recording the complainant's statement. Documents obtained through the Right to Information Act have also been submitted, with investigators examining allegations of irregularities in the recruitment of zoo keepers.

To advertise here,contact us