തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പ്പനയില്‍ വിവാദം കടുക്കുന്നു. സെബി അറിഞ്ഞായിരുന്നു ഓഹരി കൈമാറ്റമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അദാനി ഗൂപ്പ് സെബിക്ക് നല്കിയ കത്തിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ എംഎസ്സി ഗ്രൂപ്പിന് നല്‍കുന്നത് അറിയിച്ചുകൊണ്ടാണ് കത്ത് നല്‍കിയത്.
ജൂണ്‍ 29നാണ് ഓഹരി കൈമാറ്റത്തിനുള്ള കരാര്‍ ഒപ്പുവെച്ചത്. ഇതിന് പിറ്റേന്നാണ് കത്ത് നല്‍കിയത്. ആവശ്യമായ ഔദ്യോഗിക അനുമതികള്‍ ലഭിച്ച ശേഷമേ ഓഹരി കൈമാറ്റം അന്തിമമാകൂ. എന്നാല്‍ വിഴിഞ്ഞം തുറമുഖത്തില്‍ സര്‍ക്കാരുമായി അദാനി ഗ്രൂപ്പിനുള്ള കരാറുകളുടെ ലംഘനമാണ് ഇവിടെയുണ്ടായിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്സഷന് കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായത്. സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമേ കണ്സഷണയറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. ഈ വ്യവസ്ഥകള്‍ ഒന്നും പാലിക്കാതെയാണ് ഇവിടെ ഓഹരി കൈമാറ്റം നടന്നിരിക്കുന്നത്. എന്നാല്‍ ഓഹരി കൈമാറ്റത്തിന് സെബിയുടെ അനുമതി ആവശ്യമില്ലെന്നിരിക്കെ, അദാനി ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചുകൊണ്ട് സെബിക്ക് കത്ത് നല്‍കിയിട്ടുമുണ്ട്. ഇതോടെ അദാനി ഗ്രൂപ്പിനെതിരെ സര്‍ക്കാരിന് നിലപാട് കടുപ്പിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
അദാനിയുടെ നിയമവിരുദ്ധ നടപടി അനുവദിക്കരുതെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിലപാടും. പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അദാനി ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറിയത് കരാര്‍ ലംഘനമാണ്. വിഴിഞ്ഞം തുറമുഖത്തെ ഇടപാടുകള്‍ സുതാര്യമാക്കണം. സംശയത്തിന്റെ കണികകള്‍ ഉണ്ടാകാന്‍ പാടില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. വിഴിഞ്ഞത്തെ ഓഹരികള്‍ എംഎസ്സി കമ്പനിക്ക് നല്‍കിയതില്‍ നേരത്തെ മുഖ്യമന്ത്രി വി ഡി സതീശന് അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചിരുന്നു. ഹൈക്കമാന്റ് നിര്‍ദേശത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചത്.
ഓഹരി കൈമാറ്റം നടത്തണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണമെന്നും തുടര്‍ തീരുമാനം കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമാകുമെന്നുമാണ് വി ഡി സതീശന് അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ കൂടിയാലോചനയോ ഇല്ലാതെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികള്‍ കൈമാറിയത്. സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമേ വിഴിഞ്ഞത്തെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ എന്നും സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെ അറിയിച്ചിരുന്നു.
അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികള്‍ എംഎസ്സിക്ക് കൈമാറുന്നുവെണ് വാര്‍ത്തകള്‍. എംഎസ്സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ (TiL) ഉപസ്ഥാപനമായ 'മുന്‍ഡി ലിമിറ്റഡ്' ഓഹരികള്‍ സ്വന്തമാക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം. ഏകദേശം 13,270 കോടി രൂപയ്ക്കായിരുന്നു കൈമാറ്റം. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നതും വിവാദമാകുന്നതും.
ഓഹരികൈമാറ്റം വിവാദമായതോടെ അദാനി ഗ്രൂപ്പ് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. വിഐഎസ്എല്‍ എംഡിക്കാണ് അപേക്ഷ നല്‍കിയത്. ഒരാഴ്ചയ്ക്കകം അപേക്ഷ നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ആദാനി ലീഗല്‍ വിഭാഗത്തിന്റെ നിയമോപദേശം കൂടി തേടിയ ശേഷമാണ് ജൂലൈ ഒന്നിന് അപേക്ഷ സമര്‍പ്പിച്ചത്.
Content Highlights: Reports say SEBI was informed about Adani share transfer. Copy of letter submitted by Adani Group has surfaced, intensifying Vizhinjam controversy.