എഎംഎംഎ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രാജിവെച്ച് രമേഷ് പിഷാരടി

വ്യക്തിപരമായി നല്ല സൗഹൃദമുണ്ടായിരുന്ന ഒരാൾ ഓഡിയോ പുറത്തുവിട്ടതില്‍ തനിക്ക് വ്യക്തിപരമായ വേദനയുണ്ടെന്നും പിഷാരടി പറഞ്ഞു

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയിലെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രാജിവെച്ച് രമേഷ് പിഷാരടി. ഒരു അധികാര സ്ഥാനത്തും കടിച്ചുതൂങ്ങാന്‍ താനില്ലെന്നും അമ്മയെ കോടതി കയറ്റാന്‍ താല്‍പ്പര്യമില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോനുമായുളള ഫോണ്‍ സംഭാഷണം പുറത്തുവിട്ടതില്‍ വേദനയുണ്ടെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അംഗത്വത്തില്‍ നിന്നുപോലും രാജി പ്രഖ്യാപിച്ച ഒരാളുടെ ഹര്‍ജിയില്‍ എങ്ങനെയാണ് സ്റ്റേ വരുന്നതെന്ന് തനിക്ക് വേണമെങ്കില്‍ ചോദിക്കാമെന്നും എന്നാല്‍ അത്തരം നിയമപോരാട്ടത്തിലേക്ക് പോകുന്നില്ലെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'അമ്മ സംഘടനയുടെ ജനറല്‍ ബോഡി ദിവസം ഒരു ഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന എല്ലാ ഭാരവാഹികളും രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. സംഘടനയില്‍ നിന്നുതന്നെ രാജിവയ്ക്കുകയാണ് എന്ന് പ്രസിഡന്റ് മാധ്യമങ്ങളോടും അവിടെയുണ്ടായിരുന്ന അംഗങ്ങളോടും പറഞ്ഞപ്പോള്‍ ജഗദീഷേട്ടനെ അധ്യക്ഷനാക്കി താല്‍ക്കാലിക യോഗം ചേര്‍ന്നു. അഡ്‌ഹോക്ക് കമ്മിറ്റി ഉണ്ടാക്കേണ്ട ഘട്ടമുണ്ടായി എന്നും കണ്‍വീനര്‍ ആകാമോ എന്നും എന്നെ വിളിച്ച് ചോദിച്ചു. ഞാന്‍ നില്‍ക്കാമെന്ന് പറഞ്ഞു. കണ്‍വീനര്‍ക്ക്് ഒരു മീറ്റിംഗ് വിളിച്ചുകൂട്ടാനോ മറ്റ് കാര്യങ്ങള്‍ ചെയ്യാനോ അധികാരമില്ല എന്ന നിലയ്ക്കാണ് കോടതി സ്‌റ്റേ വന്നിരിക്കുന്നത്. കമ്മിറ്റി പറഞ്ഞു. ഞാന്‍ കണ്‍വീനറായി. കോടതി പറഞ്ഞു, ഞാന്‍ മാറുന്നു. കോടതി അങ്ങനെ പറഞ്ഞ സ്ഥിതിക്ക് എന്റെ ധാര്‍മ്മിക ഉത്തരവാദിത്വം കൂടി കണക്കിലെടുത്ത് ഇതില്‍ കടിച്ചുതൂങ്ങണം എന്ന് എനിക്കാഗ്രമില്ല. ഞാനും രാജിവയ്ക്കുകയാണ്': രമേഷ് പിഷാരടി പറഞ്ഞു.

അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചെങ്കിലും സംഘടനയുടെ മിനുട്‌സ് ബുക്ക് പോലും കിട്ടിയിരുന്നില്ലെന്നും പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഓഫീസുകളുടെ താക്കോലുകളും ലഭിച്ചില്ലെന്നും പിഷാരടി പറഞ്ഞു. 'ഇതൊന്നും തന്നില്ലെങ്കിലും അവരോട് ചോദിച്ചുകൊണ്ടിരിക്കുകയാണ് ചെയ്തത്. അമ്മ സംഘടനയെ കോടതിയില്‍ എത്തിക്കണമെന്ന് എനിക്ക് ഒരു ആഗ്രഹവുമില്ല. എനിക്ക് പ്രശ്‌നങ്ങള്‍ രമ്യതയില്‍ പരിഹരിക്കണമെന്നായിരുന്നു. ശ്വേതയോട്, അന്‍സിബയോട്, ടിനി ടോമിനോട്, ലക്ഷ്മിപ്രിയയോട്, മല്ലിക ചേച്ചിയോട്, അവരുടെ അഭിഭാഷകരോട് എല്ലാം മണിക്കൂറുകളോളം ഞാന്‍ സംസാരിച്ചിരുന്നു. അതിലൊരു ഓഡിയോ ആണ് ഇന്ന് റിലീസായത്. ലീക്ക് എന്ന് പറയുന്നില്ല. എവിടെനിന്നാണ് അത് റിലീസായതെന്ന് മനസിലാകും. വ്യക്തിപരമായി എനിക്ക് നല്ല സൗഹൃദമുണ്ടായിരുന്ന ഒരാളില്‍ നിന്നും രമ്യതയില്‍ എത്തിക്കാന്‍ വേണ്ടി സംസാരിച്ച ഓഡിയോ പുറത്തുവിട്ടതില്‍ എനിക്ക് വ്യക്തിപരമായ വേദനയുണ്ട്': പിഷാരടി പറഞ്ഞു.

'എനിക്ക് വേണമെങ്കില്‍ സ്റ്റേയ്‌ക്കെതിരെ കോടതിയെ സമീപിക്കാം. പക്ഷെ അങ്ങനെ കോടതിയില്‍ പോരാടി കടിച്ചുതൂങ്ങണമെന്ന് എനിക്ക് ആഗ്രഹമില്ല. ഈ സംഘടനയെ കോടതി കയറ്റാനോ ഇതിനെതിരെ പറയാനോ ആഗ്രഹമില്ല. കഴിഞ്ഞ കമ്മിറ്റിയുടെ കണക്കുകള്‍ അവര്‍ അവതരിപ്പിച്ചത് കമ്മിറ്റിയില്‍ പാസായില്ല. അതോടെ തന്നെ അവരുടെ മാന്‍ഡേറ്റ് പോയി. അവരുടെ അക്കൗണ്ടന്റും കാഷ്യറും അത് പറഞ്ഞു. കണക്ക് പാസാകാതിരുന്നതോടെയാണ് ചര്‍ച്ച തുടങ്ങിയത്. ഔദ്യോഗികമായി രാജിവെച്ചില്ല എന്നാണ് പറഞ്ഞത്. അവര്‍ എല്ലാവരും രാജിവെക്കുമ്പോള്‍ ആര്‍ക്കാണ് രാജി കൊടുക്കുക? ഒന്നുകില്‍ രജിസ്ട്രാര്‍ ഓഫീസില്‍ കൊടുക്കണം. കമ്മിറ്റി അവരുടെ പ്രഖ്യാപനം രാജിയായി എടുത്തു. എനിക്കിതില്‍ കടിച്ചുതൂങ്ങണമെന്നില്ല. നല്ലത് നടക്കട്ടെ. എന്റെ രാജി രാജി തന്നെയാണ്. 15 ദിവസം കഴിയുമ്പോള്‍ ഇത് രാജിയല്ലെന്ന് പറഞ്ഞ് ഞാന്‍ വരില്ല': രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.

To advertise here,contact us