കെ സി പക്ഷത്തിന് അതൃപ്തി: കെപിസിസി യോഗം വിളിക്കണമെന്ന് അധ്യക്ഷന് കത്ത് നൽകി ജനറൽ സെക്രട്ടറി എം ആർ അഭിലാഷ്

കെ സി വേണു​ഗോപാൽ പക്ഷക്കാരനായ എം ആർ അഭിലാഷ് അദാനി വിഷയം മുതൽ പ്ലീഡർ നിയമനം വരെയുള്ള വിഷയങ്ങൾ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് വിവരം

തിരുവനന്തപുരം: സർക്കാർ സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങളിൽ അടക്കം പാർട്ടിയുമായി കൂടിയാലോചനകൾ ഇല്ലായെന്ന ആക്ഷേപങ്ങൾക്കിടെ കെ പി സിസി യോഗം വിളിക്കണമെന്ന് ആവശ്യവുമായി കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷന് കത്ത്. അടിയന്തരമായി കെപിസിസി യോ​ഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി എം ആർ അഭിലാഷാണ് സംസ്ഥാന അധ്യക്ഷന് കത്തയച്ചത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് അദാനി-എം എസ് സി ഡീലിൽ ഉള്‍പ്പടെ കോണ്‍ഗ്രസിൽ അതൃപ്തി പുകയുന്നതിനിടെയാണ് കെപിസിസി ജനറൽ സെക്രട്ടറി എം ആര്‍ അഭിലാഷ് നേതൃത്വത്തിന് കത്ത് നൽകിയിരിക്കുന്നത്. കെ സി വേണു​ഗോപാൽ പക്ഷക്കാരനായ എം ആർ അഭിലാഷ് അദാനി വിഷയം മുതൽ പ്ലീഡർ നിയമനം വരെയുള്ള വിഷയങ്ങൾ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം ആറിനാണ് ഏറ്റവും ഒടുവിൽ കെപിസിസി നേതൃയോ​ഗം ചേർന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിൽ സൂപ്പര്‍ പവറാകാമെന്ന് അദാനി കരുതേണ്ടതില്ലെന്ന് നേരത്തെ കെ സി വേണു​ഗോപാൽ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യക്ഷത്തിൽ അദാനി ​ഗ്രൂപ്പിനെതിരെയാണ് കെ സി വേണു​ഗോപാൽ വിമർശനമുന്നയിച്ചതെങ്കിലും പരോക്ഷമായി വി ഡി സതീശന് കൂടി നൽകിയ മുന്നറിയിപ്പായാണ് ഇത് വിലയിരുത്തപ്പെട്ടത്. ദേശീയ തലത്തിൽ രാഹുൽ ​ഗാന്ധി അദാനിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെ കോൺ​ഗ്രസ് ഭരിക്കുന്ന കേരളത്തിൽ അദാനി അനുകൂല നിലപാടുകൾ സ്വീകരിക്കുന്നതിനെതിരെയാണ് സംസ്ഥാന കോൺ​ഗ്രസിൽ മുറുമുറുപ്പ് ഉയരുന്നത്. നേരത്തെ വീര്യം കുറഞ്ഞ മദ്യം, കരിമണൽ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം തുടങ്ങിയ വിഷയങ്ങളിലും പാർട്ടിയിൽ ആലോചിക്കാതെ മുഖ്യമന്ത്രി തീരുമാനം എടുക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു,

ഇതിനിടെ 49 ശതമാനം ഓഹരി ആ​ഗോള കപ്പൽ കുത്തകയായ എംഎസ്‍സിക്ക് കൈമാറാൻ പ്രാഥമിക കരാറുണ്ടാക്കിയെന്ന് സെബിയെ അറിയിച്ച് അദാനി ​​ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഈ വിവരം അനൗദ്യോഗികമായി സര്‍ക്കാരിന് അറിയിച്ചിരുന്നുവെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. എന്നാൽ ഈ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രതികരണം. ഈ വിഷയത്തിലും മുഖ്യമന്ത്രിയുടെ വാദം കോൺ​ഗ്രസിലെ കെ സി വേണു​ഗോപാൽ വിഭാ​ഗം മുഖവിലയ്‌ക്കെടുത്തിട്ടില്ല. സർക്കാരിനെ അറിയിക്കാതെയാണ് അദാനി ​ഗ്രൂപ്പ് നീക്കം നടത്തിയതെങ്കിൽ അതിനെതിരെ അതിശക്തമായ നിലപാട് മുഖ്യമന്ത്രി എടുക്കണമെന്ന ആവശ്യമാണ് കെ സി പക്ഷം മുന്നോട്ട് വെയ്ക്കുന്നത്. ഇതിനിടെ കേരളത്തിൻ്റെ ചുമതലയുള്ള കോൺ​ഗ്രസ് നേതാവ് ദീപാദാസ് മുൻഷിയുടെ നിർദ്ദേശത്തെ തുടർന്നാണ് വിഷയത്തിൽ മുഖ്യമന്ത്രി അദാനി ​ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എംഎസ്‍സിയുമായി ഓഹരികൈമാറാൻ തീരുമാനിച്ച വിവരം സര്‍ക്കാരിനെ അറിയിക്കാത്തതിൽ മുഖ്യമന്ത്രി അദാനി ​ഗ്രൂപ്പിനെ അതൃപ്തി അറിയിച്ചിരുന്നു.

Content Highlights: KPCC General Secretary M.R. Abhilash has written to the party president demanding an urgent KPCC meeting amid growing dissatisfaction within the KC faction. Read the latest political developments from Kerala.

To advertise here,contact us