ഭൂരിപക്ഷവും മണ്ടന്മാര്‍, അതിന്റെ ആകെ തുകയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്; അമ്മ എക്‌സിക്യൂട്ടിവിനെതിരെ ജോയ് മാത്യു

തീരുമാനം എടുക്കാന്‍ കഴിവില്ലാത്ത സംഘത്തോടൊപ്പം മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ജോയ് മാത്യു

കോഴിക്കോട്: താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. പിടിപ്പുകേട്, വിവരം ഇല്ലായ്മ, പരസ്പരം പഴിചാരല്‍, പൊലീസ് കേസ് ഒക്കെയായി സഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍ എന്നും സംഘടനയുടെ പ്രതിച്ഛായ തകര്‍ന്നെന്നും ജോയ് മാത്യു പറഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് പ്രതികരണം. തീരുമാനം എടുക്കാന്‍ കഴിവില്ലാത്ത സംഘത്തോടൊപ്പം മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

രണ്ടുമാസം മുമ്പ് രാജിക്കത്ത് കൊടുത്തിരുന്നു. രാജിവെയ്ക്കരുതെന്നും മാധ്യമ വാര്‍ത്തയാകുമെന്നും അന്ന് പ്രസിഡന്റ് പറഞ്ഞു. താന്‍ കാരണം ഒരു പ്രശ്‌നം വേണ്ടെന്ന് കരുതി രാജിയുമായി മുന്നോട്ടുപോയില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ താന്‍ ന്യൂനപക്ഷമാണ്. തന്നെ പിന്തുണയ്ക്കുന്ന രണ്ടോ മൂന്നോ പേരെയുള്ളൂ. വിവരമുള്ള മുതിര്‍ന്ന അംഗങ്ങളുണ്ട്. ഭൂരിപക്ഷം മണ്ടന്മാരും അവരുടെ അഭിപ്രായത്തെ അംഗീകരിക്കില്ല. മണ്ടത്തരങ്ങളുടെ ആകെ തുകയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ജോയ് മാത്യൂ തുറന്നടിച്ചു. റിപ്പോര്‍ട്ടറിനോടാണ് പ്രതികരണം.

അഡ്‌ഹോക് കമ്മിറ്റിയെ ആരാണ് തെരഞ്ഞെടുത്തതെന്നും ജോയ് മാത്യു ചോദിക്കുന്നു. നിലവില്‍ ശ്വേത തന്നെയാണ് അമ്മ സംഘടനയുടെ പ്രസിഡന്റ്. വൈകാരിക പ്രതികരണങ്ങള്‍ ഡോക്യുമെന്റഡ് അല്ല. ഔദ്യോഗികമായി ശ്വേത രാജി പ്രഖ്യാപിച്ചിട്ടില്ല. അഡ്‌ഹോക് കമ്മിറ്റിക്ക് അസ്ഥിത്വമില്ല. നാല് ആള്‍ വന്ന് തങ്ങളാണ് അഡ്‌ഹോക് കമ്മിറ്റിയെന്ന് പറഞ്ഞാല്‍ എങ്ങനെയാണ്. മോഹന്‍ലാല്‍ പ്രസിന്റായിരുന്നപ്പോള്‍ എതിര്‍ത്തുപറയേണ്ട ആവശ്യംപോലും വന്നിട്ടില്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവുള്ളവരാണ്. തിലകന്റെ കാര്യത്തിലുള്‍പ്പെടെ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും സംഘടനയുടെ മറ്റുകാര്യങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിക്കേണ്ട സാഹചര്യം വന്നിട്ടില്ല. തിരുത്താന്‍ ശ്രമം നടക്കണം. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 17പേരും തമ്മില്‍ ഐക്യം വേണം എന്നും ജോയ് മാത്യു പറഞ്ഞു.

ഇന്നലെയാണ് ജോയ് മാത്യു, ജയന്‍ ചേര്‍ത്ത, കൈലാഷ് എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജിവെച്ചത്. സംഘടനയുടെ ഇ-മെയിലിലേക്ക് ഇവര്‍ രാജിസന്ദേശം അയക്കുകയായിരുന്നു.

Content Highlights: Actor Joy Mathew has come out with strong criticism against the executive committee of AMMA. He questioned the leadership’s functioning and raised concerns over internal issues within the organization.

To advertise here,contact us