ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണം; സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതി

കേരള പൊലീസിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ എന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണത്തില്‍ സിബിഐ അന്വേഷണ ആവശ്യം തള്ളി ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിവെച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇടപെടാനില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കേരള പൊലീസിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ എന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി. ആക്രമണക്കേസില്‍ ഇതുവരെ 25 പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. 44 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും മാധ്യമ ദൃശ്യങ്ങളും ശേഖരിച്ചു. ഇന്റലിജന്‍സ് വീഴ്ചയുണ്ടെന്ന ആരോപണം ശരിയല്ല. അന്വേഷണം ശരിയായ ദിശയിലാണെന്നും ഡിഐജി ഹൈക്കോടതിയെ അറിയിച്ചു.

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇക്കഴിഞ്ഞ മെയ് 27നായിരുന്നു ഇ ഡിയുടെ മിന്നല്‍ പരിശോധന നടന്നത്. വീണ ടി പ്രതിയായ കേസില്‍ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയില്‍ അടക്കമായിരുന്നു റെയ്ഡ്. മകള്‍ പ്രതിയായ കേസില്‍ പിണറായി വിജയനെ ലക്ഷ്യംവെയ്ക്കുന്നുവെന്നായിരുന്നു സിപിഐഎം ആരോപണം.

രാവിലെ ആരംഭിച്ച റെയ്ഡ് എട്ട് മണിക്കൂറോളം നീണ്ടിരുന്നു. ഈ സമയമത്രയും പിണറായി വിജയന്റെ വസതിക്ക് പുറത്ത് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. റെയ്ഡിന് ശേഷം ഇ ഡി ഉദ്യോഗസ്ഥര്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം നടന്നത്. ആദ്യം മ്യൂസിയം പൊലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് പിന്നീട് പ്രത്യേക സംഘത്തിന് വിട്ടു.

Content Highlights: High Court has rejected the demand for a CBI investigation into the attack on ED officials,

To advertise here,contact us