കശുവണ്ടി വികസന കോർപ്പറേഷന്‍ അഴിമതിയിലെ പ്രോസിക്യൂഷന്‍ അനുമതി; ഹൈക്കോടതിയെ കുറ്റപ്പെടുത്തി സര്‍ക്കാര്‍

ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെഎ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് നല്‍കിയ അനുമതി ഉത്തരവിലാണ് ഹൈക്കോടതിക്കെതിരെ സര്‍ക്കാരിന്റെ അസ്വഭാവിക വിമര്‍ശനം

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയിലെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാര്‍. പ്രോസിക്യൂഷന്‍ അനുമതി നിര്‍ദ്ദേശം അധികാര പരിധിയിലേക്കുള്ള ഹൈക്കോടതിയുടെ കടന്നുകയറ്റമെന്ന് വ്യവസായ വകുപ്പ് സെക്രട്ടറി. പ്രോസിക്യൂഷന്‍ അനുമതിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്ന പരാമര്‍ശവും സര്‍ക്കാരിന്റെ ഉത്തരവിലുണ്ട്. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ എംഡി കെഎ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് നല്‍കിയ അനുമതി ഉത്തരവിലാണ് ഹൈക്കോടതിക്കെതിരെ സര്‍ക്കാരിന്റെ അസ്വഭാവിക വിമര്‍ശനം.

പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നതാണ് ഹൈക്കോടതിയുടെ ഉത്തരവ്. മനസ്സര്‍പ്പിച്ചല്ല തീരുമാനമെന്നും കോടതിയുടെ ഉത്തരവുകള്‍ അനുസരിക്കണമെന്നും ആവശ്യപ്പെടുന്ന തരത്തിലാണ് ഹൈക്കോടതി ഉത്തരവുകള്‍ ഇറക്കിയത്. ഇത് പ്രോസിക്യൂഷന്‍ അതോറിറ്റിയുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലെ കോടതി വിരുദ്ധ പരാമര്‍ശം.

പ്രോസിക്യൂഷന്‍ അനുമതിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രതികള്‍ക്കുള്ള അവകാശം നിലനിര്‍ത്തിയാണ് അനുമതിയെന്ന അസാധാരണ നിലപാടും ഉത്തരവില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നു. സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയെങ്കിലും ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഉത്തരവ് ഹാജരാക്കാന്‍ സര്‍ക്കാരിന് ബുധനാഴ്ച വരെ ഹൈക്കോടതി സാവകാശം നല്‍കിയിട്ടുണ്ട്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെതിരെ പരാതിക്കാരനായ ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Content Highlights: government criticized the High Court over prosecution sanction in the cashew corruption

To advertise here,contact us