എന്‍ ശേഷാദ്രിനാഥന്റെ നിയമന വിവാദം; കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു, എംപിമാര്‍ക്കും അതൃപ്തി

മണ്ഡല പുനര്‍നിര്‍ണയത്തില്‍ അന്യായമായി ശേഷാദ്രിനാഥന്‍ ഇടപെടുമെന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നുണ്ട്

കോഴിക്കോട്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമന വിവാദത്തില്‍ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിന് പിന്നാലെ കോണ്‍ഗ്രസ് എംപിമാര്‍ക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മണ്ഡല പുനര്‍നിര്‍ണയത്തില്‍ അന്യായമായി ശേഷാദ്രിനാഥന്‍ ഇടപെടുമെന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നുണ്ട്. എന്‍ ശേഷാദ്രിനാഥന്റെ നിയമനം പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തസ്തിക സുപ്രധാനമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എതിര്‍ രാഷ്ട്രീയ ബന്ധമുള്ളവരെ നിയമിക്കുന്നത് അപകടം ചെയ്യുമെന്ന മുന്നറിയിപ്പും നേതാക്കള്‍ നല്‍കുന്നുണ്ട്.

അതേസമയം വിഷയം കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് കാരണമായെന്നും റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട് ഡിസിസി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ശേഷാദ്രിനാഥനെതിരായ നിലപാട് ഉയര്‍ത്തിയ പി എം നിയാസിനെതിരെ പടയൊരുക്കമെന്നാണ് വിവരം. നിയാസ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നാണ് ഉയരുന്ന വിമര്‍ശനം. അതേസമയം പി.എം നിയാസിനായി കെ.സി വേണുഗോപാല്‍ രംഗത്തുണ്ട്. എന്‍ സുബ്രഹ്‌മണ്യനെയാണ് രമേശ് ചെന്നിത്തല പിന്തുണക്കുന്നത്. ഡിസിസി ജനറല്‍ സെക്രട്ടറിമാരായി നിജേഷ് അരവിന്ദും ഷാജിര്‍ അറാഫത്തും പരിഗണനയിലുണ്ടെന്നാണ് വിവരം. യൂത്ത്കോണ്‍ഗ്രസ് മുന്‍ ജില്ല അധ്യക്ഷന്‍ നൗഷീറിനായി എം കെ രാഘവനും രംഗത്തുണ്ട്.

എന്‍ ശേഷാദ്രിനാഥിന്റെ നിയമനശുപാര്‍ശക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി എം നിയാസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ശേഷാദ്രിനാഥനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തെ ജനാധിപത്യ മര്യാദയോടെ അംഗീകരിക്കുന്നുവെന്നായിരുന്നു ഇന്നലെ പി എം നിയാസ് പ്രതികരിച്ചത്. വ്യക്തികളോടല്ല, തത്വങ്ങളോടാണ് തന്റെ നിലപാടെന്നും എന്‍ ശേഷാദ്രിനാഥന്‍ ഭരണഘടനാപരമായ പൂര്‍ണ്ണ ഉത്തരവാദിത്തത്തോടുകൂടി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു പ്രതികരണം. വിഷയത്തില്‍ പി എം നിയാസിനെതിരെ യൂത്ത് ലീഗും ഇന്ന് രംഗത്ത് വന്നിരുന്നു.

Content Highlights: The appointment of N Seshadrinathan as the State Election Commissioner has reportedly triggered growing discontent within the Congress. Following criticism from KPCC General Secretary P.M. Niyas, reports indicate that several Congress MPs have also expressed dissatisfaction, intensifying the political debate over the appointment.

To advertise here,contact us