'വിഴിഞ്ഞം തുറമുഖത്തിൻ്റെ ഷെയർ കൈമാറണമെങ്കിൽ സർക്കാരിന്റെ അനുമതി വേണം, അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ല'

നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചതാണ് ഇക്കാര്യം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഷെയറില്‍ വലിയൊരു ഭാഗം അദാനി ഗ്രൂപ്പ് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളില്‍ ഒന്നായ എംഎസ്‌സി ഗ്രൂപ്പിന് കൈമാറുന്നുവെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഷെയര്‍ കൈമാറാന്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി ഉന്നയിച്ച ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഷെയര്‍ കൈമാറാന്‍ കഴിയില്ല. ചില കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടി അനുമതി വേണം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ സര്‍ക്കാരിന്റെ മുന്നില്‍ വന്നാല്‍ പരിശോധിക്കും. കരാര്‍ കൈമാറ്റം സംബന്ധിച്ച് സര്‍ക്കാരിനെ അറിയിച്ചാലും മതിയാകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഇതിനിടെ വിഴിഞ്ഞം തുറമുഖത്തിലെ വിദേശ നിക്ഷേത്തില്‍ ആശങ്ക അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തി. ഓഹരി കൈമാറ്റത്തിലൂടെ വിഴിഞ്ഞം തുറമുഖം എംഎസ്‌സി കമ്പനിയുടെ കുത്തകയായി മാറുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആശങ്ക ശരിവെച്ച മുഖ്യമന്ത്രി

അഞ്ച് കാര്യങ്ങള്‍ പരിഗണിച്ചുമാത്രമേ വിഴിഞ്ഞത്ത് എന്ത് നീക്കവും ഉണ്ടാകൂവെന്ന് ഉറപ്പുനൽകി. ദേശീയ സുരക്ഷ ഉറപ്പാക്കൽ, പൊതു താല്‍പ്പര്യം സംരക്ഷിക്കൽ, നല്ല മത്സര സാധ്യത ഉറപ്പാക്കൽ, നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കൽ, ദീര്‍ഘവീക്ഷണത്തോടെ വികസനങ്ങള്‍ നടപ്പാക്കൽ തുടങ്ങിയ അഞ്ച് കാര്യങ്ങൾ പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

വിഴിഞ്ഞത്തെ രണ്ടാംഘട്ട നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് മന്ദഗതിയിലാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനുബന്ധ വ്യവസായങ്ങള്‍ക്ക് സ്ഥലം ഏറ്റെടുത്ത് കൊടുക്കണം. കേരളത്തേക്കാള്‍ തയ്യാറെടുപ്പ് തമിഴ്‌നാട് നടത്തുന്നുണ്ട്. വിഴിഞ്ഞത്തിന്റെ ഗുണഭോക്താവാകാന്‍ നല്ല രീതിയിലുള്ള ശ്രമം തമിഴ്‌നാട് നടത്തുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുള്ള പ്രവര്‍ത്തനം മന്ദഗതിയിലാണ്. ഇങ്ങനെയാണെങ്കില്‍ വിഴിഞ്ഞത്ത് ഒരു ഗേറ്റ്‌വേ മാത്രമായി അവശേഷിക്കും. ഈ സര്‍ക്കാര്‍ വന്നതിനുശേഷം നടപടികള്‍ വേഗത്തിലാക്കിയെന്നും വി ഡി സതീശന്‍ അവകാശപ്പെട്ടു. അതേസമയം എംഎസ്‌സിക്ക് ഷെയര്‍ കൈമാറുന്നത് സംബന്ധിച്ച് അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ അനുമതി തേടും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയാണ് തേടുക. സെബിയുടെ അനുമതി കിട്ടിയതിനെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.

അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികള്‍ എംഎസ്സിക്ക് കൈമാറുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എംഎസ്സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ (TiL) ഉപസ്ഥാപനമായ മുന്‍ഡി ലിമിറ്റഡ് ഓഹരികള്‍ സ്വന്തമാക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം. ഏകദേശം 13,270 കോടി രൂപയ്ക്ക് ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയതായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ടായിരുന്നു സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ ചോദ്യം.

Content Highlights- V.D. Satheesan stated that any transfer of shares in Vizhinjam Port requires prior government approval. He alleged that the Adani Group has not applied for such permission

To advertise here,contact us