വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കണമോയെന്ന് തീരുമാനിക്കേണ്ടത് UDF: നികുതി നിർദ്ദേശങ്ങളിൽ ഉറച്ച് മുഖ്യമന്ത്രി

ബജറ്റിലെ നികുതി നിർദേശങ്ങൾ ആരുമായും കൂടിയാലോചിക്കാൻ കഴിയില്ല

തിരുവനന്തപുരം: ലൈഫ് പദ്ധതി അവസാനിപ്പിക്കുന്നുവെന്നും സ്വകാര്യവത്ക്കരണമെന്നുമുള്ള പ്രചാരണം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എല്ലാം നന്നായി ശ്രദ്ധിച്ചു മാത്രമെ ചെയ്യൂ. കേരളത്തിന്റെ താൽപര്യത്തിന് വിരുദ്ധമായതൊന്നും ചെയ്യില്ലെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയായി വി ഡി സതീശൻ പറഞ്ഞു. വേണ്ടാത്തതൊന്നും ഈ സർക്കാർ ചെയ്യില്ലെന്നും ഒരു തെറ്റ് ചെയ്താൽ അത് തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ മാപ്പ് പറഞ്ഞ് പിൻമാറാനും തയാറാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

മദ്യ ആസക്തി കുറച്ചു കൊണ്ടുവരുന്നതിന് വീര്യം കുറഞ്ഞ മദ്യം സഹായിക്കുമെന്ന് സബ്ജക്ട് കമ്മിറ്റിയുടെ നോട്ടിൽ എഴുതിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ബിയറിനും വൈനിനും ഇടയ്ക്കുള്ള നികുതി ചുമത്തണം എന്നായിരുന്നു ഫയലുകളിൽ എഴുതിയിരുന്നതെന്നും വി ഡി സതീശൻ വ്യക്തമാക്കി. അതിനേക്കാൾ ഉയർന്ന നികുതിയാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നതെന്നും വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കണമോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്നും വി ഡി സതീശൻ വ്യക്തമാക്കി. വിഷയം കേരളം ചർച്ച ചെയ്യട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിജ്ഞാപനം വന്നാൽ ഉടൻ വില്പന ആരംഭിക്കുമെന്ന് പറയുന്നത് തെറ്റാണെന്നും ബിവറേജസ് കോർപ്പറേഷൻ അല്ലാതെ ഒരു ഏജൻസിക്കും വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. വളരെ ലളിതമായ വിഷയത്തെ ഊതി പെരുപ്പിച്ചു. സർക്കാരിന് കൃത്യമായ പദ്ധതിയുണ്ട്. ബജറ്റിലെ നികുതി നിർദേശങ്ങൾ ആരുമായും കൂടിയാലോചിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലാണെന്നും അവരെ താങ്ങി നിർത്താൻ എല്ലാ സഹായവും ചെയ്യുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. അതിനായാണ് 50% നികുതിയിളവ് നൽകിയതെന്നും KSRTC സർവീസ് നടത്താത്ത ഇടങ്ങളിൽ സർവീസ് നടത്തേണ്ടത് സ്വകാര്യ ബസ്സുകൾ ആണെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. സ്വകാര്യ ബസ് മേഖലയെ ഒരു വ്യവസായമായി തന്നെയാണ് സർക്കാർ കാണുന്നതെന്നും അവരെ ശത്രുക്കളായി കാണുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നികുതി വെട്ടിപ്പുകാരെ മാത്രമേ സർക്കാരിന് നോട്ടമുള്ളൂവെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. നികുതി വെട്ടിപ്പുകാരെ കർശനമായി നേരിടും. നികുതി വെട്ടിപ്പുകാർ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കുകയും സർക്കാരിന് നികുതി കൊടുക്കുന്ന കച്ചവടക്കാരെയും ഇല്ലാതാക്കും. യഥാർത്ഥ നികുതിദായകരെ സർക്കാർ സംരക്ഷിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

പരമ്പരാഗതമായ രീതിയിൽ നിന്നും മാറി ചിന്തിച്ച് വ്യത്യസ്തമായി തയാറാക്കിയ ബജറ്റാണെന്ന പ്രതിപക്ഷ ആക്ഷേപം പൂർണമായും അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'മൊത്ത വരുമാനത്തിന്റെ 77 ശതമാനം കമ്മിറ്റഡ് എക്‌സ്‌പെൻഡിച്ചറാണെന്ന് പറയുന്നത് ഭയാനകമായ സ്ഥിതിവിശേഷമാണ്. ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ അഭിമാനമുള്ളപ്പോഴും അത് മുന്നോട്ട് കൊണ്ടു പോകാനാകണം. പ്രായമായവരുടെ എണ്ണം കേരളത്തിൽ വർധിച്ചു കൊണ്ടിരിക്കുകയാണ്. വയോധികരെ സംരക്ഷിക്കുന്നതിനു വേണ്ടി പുതിയ സംരംഭങ്ങൾ ആരംഭിക്കേണ്ടിയിരിക്കുന്നു. കൂടുതൽ ബാധ്യതകളാണ് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് മേൽ വരുന്നത്. നിലവിലെ സമ്പദ് വ്യവസ്ഥയിൽ അടിസ്ഥാനപരമായ മാറ്റം അനിവാര്യ'മാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

'600 കിലോ മീറ്റർ ദൂരം കടലുള്ളത് കേരളത്തിന്റെ നേട്ടമാണ്. ദുബായ് പോർട്ട് ആ രാജ്യത്തിന്റെ ജിഡിപിയിലേക്ക് 28 മുതൽ 30 ശതമാനം വരെയാണ് വരുമാനം നൽകുന്നത്. കേരളത്തിന്റെ തീരം അത്തരത്തിൽ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയാണ് തുറമുഖങ്ങളെ കുറിച്ചും ഏവിയേഷൻ ഹബ്ബിനെ കുറിച്ചും എംഎസ്എംഇകളെ കുറിച്ചും ആലോചിച്ചത്. അതിന് പണവും ലാൻഡ് ബാങ്ക് പോളിസിയും വേണമെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. നിരവധി ഇക്കണോമിക് മോഡലുകൾ സർക്കാരിന് മുന്നിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ സാന്നിധ്യം അറിയിച്ചുള്ള നിക്ഷേപങ്ങളാകും കേരളത്തിലുണ്ടാകുക. എല്ലാ തടസങ്ങളും വേഗത്തിൽ നീക്കി കൊടുക്കാനാകണം. നമ്മുടെ വരുമാനം വർധിപ്പിക്കാൻ നികുതി പിരിച്ചെടുക്കും. ആരുടെയും തലയിൽ അമിതമായ നികുതി ഭാരം കെട്ടിവയ്ക്കാതെയുള്ള ബദൽ മാർഗങ്ങളാണ് സർക്കാർ തേടുന്നത്. നികുതി ഘടന പൂർണമായും പുനസംഘടിപ്പിക്കും. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ടാക്‌സ് ഡ്രൈവ് നടത്തി നേട്ടമുണ്ടാക്കണ'മെന്നും വി ഡി സതീശൻ വ്യക്തമാക്കി.

പ്രതിപക്ഷം രാഷ്ട്രീയവും ആക്ഷേപവും പറയണമെന്നും എന്നാൽ ലൈഫ് പദ്ധതി നിർത്തുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും വി ഡി സതീശൻ വ്യക്തമാക്കി. പട്ടിക ജാതി പട്ടിക വർഗത്തിനും തീരദേശത്തെ ജനങ്ങൾക്കും ലൈഫ് പദ്ധതിയിൽ മതിയായ പ്രാധാന്യം നൽകുന്നില്ല. അതുകൊണ്ടാണ് അധികാരത്തിൽ എത്തിയാൽ പ്രത്യേക ഭവന നിർമ്മാണ പദ്ധതികൾ ഉണ്ടാകുമെന്ന് ഞങ്ങൾ അവർക്ക് വാക്ക് കൊടുത്തത്. അല്ലാതെ ലൈഫ് പദ്ധതി തകർക്കാനല്ല പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വകാര്യവത്ക്കരണം എന്ന പ്രചാരണത്തെയും വി ഡി സതീശൻ വിമർശിച്ചു. സ്വകാര്യവത്കരണം എന്ന് പറഞ്ഞ് എന്തൊക്കെ ബഹളമായിരുന്നു. മിനറൽ കൊറിഡോറിനെ കുറിച്ച് പറയുന്നിടത്ത് സ്വകാര്യവത്ക്കരണത്തെ കുറിച്ച് ഒരു വാചകം പോലുമില്ല. ഒരു സ്വകാര്യ കമ്പനിയുമായി എല്ലാ ധാരണയും ഉണ്ടാക്കിവച്ചരാണ് ഞങ്ങളെ വിമർശിക്കുന്നത്. കെ.എം.എം.എല്ലിന്റെ 265 മത് ബോർഡ് മീറ്റിംഗിൽ 2026 ജനുവരി 26 ന് സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഗ്ലോബൽ ടെൻഡർ പ്രസിദ്ധീകരിച്ചെന്നും മൂന്ന് കമ്പനികളാണ് ടെൻഡർ നൽകിയതെന്നും പറയുന്നുണ്ട്. എന്നിട്ടാണ് 267മത്തെ ബോർഡ് യോഗം ഫെബ്രുവരി 25-ന് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിക്ക് വർക്ക് ഓർഡർ നൽകാൻ തീരുമാനിച്ചത്. എന്നിട്ടും ബജറ്റിൽ ആക്ഷേപം കേട്ടത് ഞാനാണ്. എല്ലാ ചെയ്തുവച്ചവരാണ് ഞങ്ങളെ വിമർശിച്ചത്. ഞങ്ങൾക്ക് നേരെ ഒരു വിരൽ ചൂണ്ടിയാൽ നാല് വിരൽ നിങ്ങളുടെ നെഞ്ചിലേക്കാണെന്ന് ഓർക്കണമെന്നും പ്രതിപക്ഷത്തോട് വി ഡി സതീശൻ പറഞ്ഞു.

Content Highlights: Kerala Chief Minister says the decision on allowing the sale of low-alcohol beverages should be made by the UDF, while reaffirming the government's stand on tax proposals. Read the latest political updates.

To advertise here,contact us