കൊച്ചിയിലെ വിവാദയോഗം; വിവരം തേടി സ്‌പെഷ്യല്‍ ബ്രാഞ്ച്; ഗുണ്ടകളുടെ യോഗമല്ലെന്ന് സംഘാടകന്‍

'ലഹരിയുമായി ബന്ധപ്പെട്ടവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടതില്ലെന്നാണ് സര്‍ പറഞ്ഞത്'

കൊച്ചി: ഓപ്പറേഷന്‍ തൂഫാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍ എംപി കൊച്ചിയിൽ വിളിച്ച യോഗത്തെക്കുറിച്ച് വിവരം തേടി സ്‌പെഷ്യല്‍ ബ്രാഞ്ച്. യോഗത്തില്‍ പങ്കെടുത്തിരുന്നയാള്‍ കഴിഞ്ഞദിവസം വധശ്രമക്കേസില്‍ പിടിയിലായിരുന്നു. പിന്നാലെയാണ് വിവരങ്ങള്‍ ശേഖരിച്ചത്.

അതേസമയം സുധാകരന്‍ യോഗത്തില്‍ പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നു. ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഉപയോഗിച്ച് ലഹരിമാഫിയയെ തകര്‍ക്കുകയെന്നതാണ് ലക്ഷ്യമെന്നാണ് സുധാകരന്റെ പ്രസംഗം. നാടിന്റെ ശബ്ദം നിങ്ങളുടെ ശബ്ദമായി മാറട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും സുധാകരൻ പറയുന്നുണ്ട്. അതിനിടെ യുവാക്കളുടെ കൂട്ടായ്മയാണ് കൊച്ചിയില്‍ വിളിച്ചുചേര്‍ത്തതെന്ന് യോഗത്തില്‍ പങ്കെടുത്ത ഡിസിസി അംഗം സുഹൈല്‍ ഷാജഹാന്‍ ന്യായീകരിച്ചു.

'ലഹരിയുമായി ബന്ധപ്പെട്ടവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടതില്ലെന്നാണ് സര്‍ പറഞ്ഞത്. വിവരം പൊലീസിനെ അറിയിക്കുകയും അവരുമായി സംസാരിച്ച് അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാനുള്ള സംവിധാനം ചെയ്യണം. ആയിരക്കണക്കിന് യുവാക്കളെ കൂട്ടി ആഭ്യന്തര മന്ത്രിയെയോ എക്‌സൈസ് മന്ത്രിയെയോ കൊണ്ടുവന്ന് വലിയ പരിപാടി നടത്തണമെന്ന് ആഗ്രഹിച്ചതാണ്. ആ ഘട്ടത്തില്‍ നെഗറ്റീവ് വാര്‍ത്ത കൊടുത്താല്‍ ആരെങ്കിലും വരുമോ', എന്നും സുഹൈല്‍ ഷാജഹാന്‍ ചോദിക്കുന്നു.

സദുദ്ദേശത്തോടെയാണ് യോഗം ചേര്‍ന്നതെന്ന് സംഘാടകന്‍ ഹാരിസ് മട്ടാഞ്ചേരിയും റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കേസുകള്‍ ഉള്ളവരും പങ്കെടുത്തിട്ടുണ്ട്. തന്റെ പേരിലുള്ള തോക്ക് കേസ് പഴയതാണ്. കേസ് തീരാറായെന്നും ഹാരിസ് മട്ടാഞ്ചേരി പ്രതികരിച്ചു. ഗുണ്ടകളുടെ യോഗമെന്നത് ശരിയല്ല. കെ സുധാകരനെ അങ്ങോട്ട് സമീപിച്ചതാണെന്നും ഹാരിസ് മട്ടാഞ്ചേരി പറഞ്ഞു.എന്നാൽ ബ്യൂട്ടി പാർലർ വെടിവെപ്പ്, കള്ളത്തോക്ക് കേസ്, വധശ്രമം  എന്നിങ്ങനെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ   കെ സുധാകരൻ പങ്കെടുത്ത കൊച്ചിയിലെ യോഗത്തിന് എത്തിയിരുന്നു.

Content Highlights: The Special Branch has sought information about a meeting convened by K Sudhakaran expressing solidarity with Operation Toofan

To advertise here,contact us