പരീക്ഷാ ക്രമക്കേട്: 'നിരാലംബരുടെ ആശ്രയമായ നിത്യസത്യം ജയിക്കണം'; PSC അംഗത്തിന്റെ എഫ്ബി കുറിപ്പ് ചർച്ചയാകുന്നു

ആസൂത്രണ ബോര്‍ഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്ക് നടത്തിയ പൊതു പ്രാഥമിക പരീക്ഷയുടെ ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചതില്‍ ക്രമക്കേടുണ്ടായിരുന്നു

തിരുവനന്തപും: ആസൂത്രണ ബോര്‍ഡ് ചീഫ് നിയമന പരീക്ഷകളിലെ ക്രമക്കേടില്‍ അന്വേഷണം നടക്കുന്നതിനിടെ പിഎസ്‌സി അംഗത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയാകുന്നു. പിഎസ്‌സി അംഗം സെയ്ഫ് ചക്കുവള്ളിയുടെ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. നിസ്വരുടെയും നിഷ്‌കാസിതരുടെയും നിരാലംബരുടെയും നിതാന്ത ആശ്രയമായ നിത്യസത്യം ജയിക്കണം എന്നാണ് സെയ്ഫ് കുറിപ്പില്‍ പറയുന്നത്. നിസ്സാരനും ബലഹീനനുമായ തന്റെ ആശയാണതെന്നും സെയ്ഫ് കുറിപ്പില്‍ പറയുന്നു. ഭരണഘടനയുടെ പുറംചട്ടയുടെ ചിത്രം പങ്കുവെച്ചാണ് സെയ്ഫ് ഇക്കാര്യം കുറിച്ചത്.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മന്ത്രി ഒ ജെ ജനീഷ് രംഗത്തെത്തിയിരുന്നു. പുറത്തുവന്ന വാര്‍ത്ത അതീവഗൗരവതരമാണെന്ന് മന്ത്രി പറഞ്ഞു. ആസൂത്രിത ശ്രമം ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒന്നാം റാങ്കുകാരന്‍ ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ്. പത്ത് ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തിയിരുന്നെങ്കില്‍ ഫലത്തില്‍ മാറ്റം ഉണ്ടാകുമായിരുന്നു. ഇത്തരത്തില്‍ ജോലിയില്‍ പ്രവേശിച്ചവരുടെ നിയമനം റദ്ദ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ വലിയ നിര ചെറുപ്പക്കാര്‍ പഠിച്ചാണ് പരീക്ഷയെഴുതുന്നത്. ഇവരെ നിരാശരാക്കുന്നതാണ് സംഭവം. കഴിഞ്ഞ കാലങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ഇതുവരെ നടന്ന പിഎസ്‌സി പരീക്ഷകളില്‍ സ്‌ക്രീനിംഗ് നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ കണ്ട് പരിശോധിക്കന്‍ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടും. പത്തുവര്‍ഷത്തെ പരീക്ഷകളുടെ ഫലങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്. കേരളത്തിലെ പിഎസ്‌സി രാജ്യത്തെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള സ്ഥാപനമായിരുന്നു. ആ വിശ്വാസ്യത കഴിഞ്ഞ സര്‍ക്കാര്‍ തകര്‍ത്തോ എന്ന് പരിശോധിക്കണം. ആഭ്യന്തര അന്വേഷണം എത്രത്തോളം ഫലപ്രദമാകും എന്ന് ആശങ്കയുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണം വേണം. ഇതിന് നേതൃത്വം വഹിച്ചവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. കൃത്യമായ സമയപരിധിക്കുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

ആസൂത്രണ ബോര്‍ഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്ക് നടത്തിയ പൊതു പ്രാഥമിക പരീക്ഷയുടെ ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചതില്‍ ക്രമക്കേടുണ്ടായിരുന്നു. പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെയാണ് ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഒന്നേകാല്‍ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷന്‍ ചീഫ്, പ്ലാനിങ് കോ-ഓര്‍ഡിനേഷന്‍ ഡിവിഷന്‍ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് നടന്നത്.

ഇതില്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ചീഫ് ആയി ഒന്നാം റാങ്കുകാരന്‍ അരുണ്‍ ജെ പ്രതാപിനെ കഴിഞ്ഞ വര്‍ഷം നിയമിച്ചിരുന്നു. ഇടതുസര്‍വ്വീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് അരുണ്‍ ജെ പ്രതാപ്. മാര്‍ക്കില്‍ സംശയം തോന്നിയ മൂന്നാം റാങ്കുകാരന്‍ കെ ശ്യാം കൃഷ്ണനാണ് ഉത്തരക്കടലാസിനായി പിഎസ്‌സിയെ സമീപിച്ചത്. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗില്‍ ഒന്‍പത് മുതല്‍ 18 വരെയുള്ള ചോദ്യങ്ങള്‍ മാര്‍ക്കിടാതെ ഒഴിവാക്കിയതായി കണ്ടതോടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പിഎസ്‌സി നടത്തിയ പ്രാഥമിക പരിശോധനയില്‍ 228 പേരുടേയും ഉത്തരക്കടലാസുകളില്‍ ഈ ചോദ്യങ്ങള്‍ നോക്കിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. 2023 ജൂലൈ 13നായിരുന്നു പൊതുപ്രാഥമിക പരീക്ഷ നടന്നത്. 228 പേര്‍ പരീക്ഷയെഴുതിയിരുന്നു. 2025 മെയ് 31നാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.

സംഭവം വിവാദമായതോടെ പുനര്‍ മൂല്യനിര്‍ണയത്തിനും ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിനും തീരുമാനമായിരുന്നു. പിഎസ്സി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ ആയിരിക്കും അന്വേഷണം നടക്കുക. അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി സ്വീകരിക്കുക.

Content Highlights- A Facebook post by a Kerala PSC member regarding alleged examination irregularities has drawn attention

To advertise here,contact us