തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തെ ജനാധിപത്യ മര്യാദയോടെ അംഗീകരിക്കുന്നുവെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്. വ്യക്തികളോടല്ല, തത്വങ്ങളോടാണ് തന്റെ നിലപാടെന്നും എന്‍ ശേഷാദ്രിനാഥന് ഭരണഘടനാപരമായ പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ കൂടി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും മതേതരത്വത്തെയും സംരക്ഷിക്കാനുള്ള തന്റെ പ്രതിബദ്ധത തുടരുമന്നും അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് പറയുക തന്നെ ചെയ്യുമെന്നും പി എം നിയാസ് കൂട്ടിച്ചേര്‍ത്തു.
പി എം നിയാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. തീരുമാനങ്ങളെ മാനിക്കുന്നതും അതുപോലെ തന്നെ ജനാധിപത്യ സംസ്കാരത്തിന്റെ ഭാഗമാണ്. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനവുമായി ബന്ധപ്പെട്ട് എന്റെ ആശങ്കകളും അഭിപ്രായങ്ങളും ഞാൻ പൊതുസമൂഹത്തിന്റെയും പാർട്ടി നേതൃത്വത്തിന്റെയും മുന്നിൽ ആത്മാർത്ഥമായി അവതരിപ്പിച്ചിരുന്നു. അത് ജനാധിപത്യത്തോടുള്ള എന്റെ പ്രതിബദ്ധതയുടെ ഭാഗമായിരുന്നു.
ഇപ്പോൾ സർക്കാർ അതിന്റെ തീരുമാനം എടുത്തിരിക്കുകയാണ്. ആ തീരുമാനത്തെ ഞാൻ ജനാധിപത്യ മര്യാദയോടെ അംഗീകരിക്കുന്നു. വ്യക്തികളോടല്ല, തത്വങ്ങളോടാണ് എന്റെ നിലപാട് എന്നും ബന്ധപ്പെട്ടിരുന്നത്.
പുതുതായി ചുമതലയേറ്റ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ശ്രീ എൻ. ശേഷാദ്രിനാഥൻ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ പൂർണ നിഷ്പക്ഷതയോടെയും സുതാര്യതയോടെയും നിർവഹിക്കുകയും, കേരളത്തിലെ ജനാധിപത്യ സംവിധാനത്തിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും മതേതരത്വത്തെയും സംരക്ഷിക്കാനുള്ള എന്റെ പ്രതിബദ്ധത തുടരും. അഭിപ്രായങ്ങൾ പറയേണ്ടിടത്ത് അത് പറയുകയും, തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ അവയെ ജനാധിപത്യ ബഹുമാനത്തോടെ അംഗീകരിക്കുകയും ചെയ്യുക എന്നതാണ് എന്റെ രാഷ്ട്രീയ വിശ്വാസം, അത് ഭാവിയിലും തുടരുക തന്നെ ചെയ്യും.
എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിനെതിരെ പി എം നിയാസാണ് ആദ്യം രംഗത്തെത്തിയത്. ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്നും തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും പി എം നിയാസ് പറഞ്ഞിരുന്നു. പിന്നാലെ നിയമന ശുപാര്‍ശക്കെതിരെ കോണ്‍ഗ്രസില്‍ നിന്നും യൂത്ത് കോണ്‍ഗ്രസില്‍ നിന്നുമടക്കം എതിര്‍പ്പ് ഉയര്‍ന്നു. തുടർന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യമന്ത്രി വി ഡി സതീശനുമായി സംസാരിച്ചിരുന്നു. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി മന്ത്രിമാരുമായി ഇക്കാര്യം സംസാരിച്ചു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തുകയും സണ്ണി ജോസഫ്, കെ എം ഷാജി എന്നിവരുമായി കൂടിയാലോചിക്കുകയും ചെയ്തിരുന്നു.
ശേഷാദ്രിനാഥിന്റെ നിയമനശുപാര്‍ശയില്‍ കോണ്‍ഗ്രസിൽ അഭിപ്രായ ഭിന്നത ശക്തമായിരിക്കുന്ന സാഹചര്യത്തിൽക്കൂടിയാണ് സർക്കാരിൻ്റെ ശുപാർശ ഗവർണർ അംഗീകരിച്ചിരിക്കുന്നത്.
Content Highlights: PM Niyas on N Seshadrinathan Appointment