തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിൽ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് സർക്കാർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം ഡി രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സിബിഐ കുറ്റപത്രം നൽകിയ കേസിൽ ആർ ചന്ദ്രശേഖരന് പിണറായിസർക്കാർ മൂന്നുതവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്നു. പ്രോസിക്യൂഷൻ അനുമതി ലഭിച്ച സാഹചര്യത്തിൽ വിചാരണ നടപടികൾ വൈകാതെ ആരംഭിക്കും. മനോജ് കടകംപള്ളി നൽകിയ കോടതിയലക്ഷ്യ ഹർജിയെ തുടർന്നാണ് പ്രോസിക്യൂഷൻ അനുമതി നൽകാൻ യുഡിഎഫ് സർക്കാർ നിർബന്ധിതരാകുന്ന സാഹചര്യം ഉണ്ടായത്.
പ്രോസിക്യൂഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നിരുന്നു. ഹൈക്കോടതിയിൽ നേരിട്ടെത്തി തിങ്കളാഴ്ച വിശദീകരണം നൽകാനാണ് മുഹമ്മദ് ഹനീഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് കോടതി മൂന്നുതവണ നിർദേശിച്ചിട്ടും പ്രോസിക്യൂഷൻ അനുമതിനൽകാത്തതിനെ തുടർന്നാണ് മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് കോടതി നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഹെെക്കോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ എന്നായിരുന്നു കോടതി ചോദിച്ചത്. കേസില്‍ മൂന്നാം പ്രതിയായ ആര് ചന്ദ്രശേഖറിനെയും മുന്‍ എംഡി കെ എ രതീഷിനെയും വിചാരണ ചെയ്യാനുള്ള അനുമതി തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിഷേധിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്. അഴിമതിക്കാര്‍ക്കൊപ്പം സഞ്ചരിക്കുകയാണോ സര്‍ക്കാര്‍ എന്നും കോടതി ചോദിച്ചിരുന്നു.
നടപടിക്രമങ്ങളിലെ പ്രശ്നങ്ങൾ മാത്രമാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നേരത്തെ പിണറായി വിജയൻ സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകാനാവില്ലെന്ന നിലപാട് സ്വീകരിച്ചത്. ജെ മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരിക്കെ പ്രോസിക്യൂഷന് അനുമതിക്ക് നിര്‍ദേശം നല്‍കുകയും അതനുസരിച്ച് ഫയല്‍ നീങ്ങുകയും ചെയ്തെങ്കിലും പിന്നീട് ഉദ്യോഗസ്ഥ ഇടപെടലിൽ വിചാരണാ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. 2020ല്‍ ആദ്യം അനുമതി നിഷേധിച്ചപ്പോള്‍ സിബിഐ അപേക്ഷ പുനഃപരിശോധിച്ച് മൂന്ന് മാസത്തിനകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവിനെതിരെ ചന്ദ്രശേഖരനും രതീഷും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനുള്ള കാരണമില്ലെന്നു പറഞ്ഞു തള്ളുകയായിരുന്നു.
2006 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ കശുവണ്ടി വികസന കോർപ്പറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതിചെയ്തതിൽ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കോർപ്പറേഷൻ മുൻ ചെയർമാനായ ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ എ രതീഷ് എന്നിവരാണ് പ്രതികൾ. വിദേശത്ത് നിന്ന് ഗുണനിലവാരമുള്ള തോട്ടണ്ടി ഇറക്കുമതി ചെയ്ത്, സംസ്കരിച്ച കശുവണ്ടി നാട്ടിലും വിദേശത്തും വിപണനം ചെയ്യാനായി 1969ല്‍ തുടങ്ങിയ കേരള കാഷ്യു ഡവലപ്മെന്റ് കോര്പറേഷന് ആദ്യകാലം മുതല്‍ വെള്ളാനയാണെന്നാണ് ആരോപണം. 2008 മുതല്‍ പലവട്ടം സിഎജി ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിവർത്തിയില്ലാതെ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണങ്ങളായി. ഫിനാന്‍ഷ്യല്‍ ഇന്സ്പെക്ഷന് വിങ് തുടങ്ങി സര്‍കാര്‍ നിയോഗിച്ച പ്രത്യേക സംഘം വരെ നടത്തിയ പരിശോധനകളെല്ലാം അടിമുടി ക്രമക്കേട് തെളിയിച്ചു. തോട്ടണ്ടി വാങ്ങുന്നതില്‍ തുടങ്ങി, കശുവണ്ടി പരിപ്പ് വിറ്റഴിക്കുന്നതില്‍ വരെ സര്‍വത്ര അഴിമതിയായിരുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളിലെല്ലാം തോട്ടണ്ടി ഇറക്കുമതി ചെയ്ത കോട്ടയത്തെ JMJ ട്രേഡേഴ്സ് സപ്ലൈ ചെയ്തതെല്ലാം നിലവാരം കുറഞ്ഞത്. അവരുമായി വിലപേശി തുക ഉറപ്പിച്ചതാകട്ടെ, എംഡി കെഎ രതീഷും ചെയര്മാന് ആര് ചന്ദ്രശേഖരനും. ഇവര്‍ രണ്ടും മാത്രം ഒപ്പിട്ട ഈ രേഖ 2013ല്‍ ഫിനാന്‍ഷ്യല്‍ ഇന്സ്പെക്ഷന് വിങ് പരിശോധന നടത്തി പിടിച്ചെടുത്തതാണ്. എന്നാല്‍ രണ്ട് മാസത്തിന് ശേഷം വീണ്ടും പരിശോധന നടത്തിയപ്പോള്‍, ഇതേ രേഖയില്‍ ഡയറക്ടര്‍ ബോര്‍ഡിലെ മറ്റുള്ളവരെ കൊണ്ടും ഒപ്പിടുവിച്ച് തട്ടിപ്പിന് നടത്തിയ നീക്കമാണ് തെളിഞ്ഞത്.
Content Highlights: The government has granted permission to prosecute INTUC leader R Chandrasekharan in the alleged cashew corruption case. Read the latest updates, key allegations, and case developments.