സുഗന്ധഗിരി മരംമുറി: കൊള്ള നടന്നത് LDF ഒത്താശയോടെ, മരം കടത്താൻ സജ്‌ന മാഫിയയെ സഹായിച്ചു; DCC ജനറൽ സെക്രട്ടറി

സിപിഐഎം സംരക്ഷണയിലാണ് സജ്‌നയെന്നും ചെമ്പ്രയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് അനധികൃതമായി പണം പിരിച്ചതില്‍ ഇവര്‍ക്കെതിരെ തെളിവുകളുണ്ടെന്നും പരാതിയില്‍ പറയുന്നു

കല്‍പറ്റ: സുഗന്ധഗിരി മരംമുറി കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കണ്ണൂര്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ സജ്‌ന കരീമിനെ വനം വിജിലന്‍സില്‍ നിന്ന് മാറ്റണമെന്ന് ആവശ്യം. വനം മന്ത്രിക്ക് കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി ഷാജിര്‍ അറാഫത്ത് പരാതി നല്‍കി. മരിച്ച വ്യക്തിയുടെ പേരില്‍ ലേലം അനുവദിച്ചും വ്യവസ്ഥകള്‍ ലംഘിച്ചും മരം കടത്താന്‍ സജ്‌ന മാഫിയയെ സഹായിച്ചെന്നാണ് പ്രധാന ആരോപണം.

സിപിഐഎം സംരക്ഷണയിലാണ് സജ്‌നയെന്നും ചെമ്പ്രയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് അനധികൃതമായി പണം പിരിച്ചതില്‍ ഇവര്‍ക്കെതിരെ തെളിവുകളുണ്ടെന്നും പരാതിയില്‍ പറയുന്നു.

സുഗന്ധഗിരിയില്‍ ലേല വ്യവസ്ഥകള്‍ ലംഘിച്ച് മരംമുറിച്ച് കടത്താന്‍ സജ്‌ന മാഫിയകളെ സഹായിച്ചുവെന്നും മരിച്ച വ്യക്തിയുടെ പേരില്‍ ലേലം അനുവദിച്ചുവെന്നും ചെമ്പ്രയില്‍ വിനോദ സഞ്ചാരികളില്‍ നിന്ന് അനധികൃതമായി പണംപിരിച്ച കേസിൽ സജ്‌നയക്കെതിരെ തെളിവുകളുണ്ടെന്നും ഷാജിര്‍ ആരോപിക്കുന്നു. മരിച്ച ആളുടെ പേരില്‍ ലേലം അനുവദിച്ചുവെന്നും അന്നത്തെ വനംവകുപ്പ് മന്ത്രിയുടെ ഒത്താശയോടെയായിരുന്നു ഇതെന്നും ഷാജിർ റിപ്പോർട്ടറിനോട് പറഞ്ഞു.

'സുഗന്ധഗിരി വനമേഖലയാണ്. 106 മരങ്ങളാണ് മുറിച്ചത്. മരിച്ച ആളുടെ പേരില്‍ ലേലം അനുവദിച്ചു. അന്നത്തെ വനംവകുപ്പ് മന്ത്രിയുടെ ഒത്താശയോടെയായിരുന്നു ഇത്. വനം വകുപ്പ് ഭരിച്ചിരുന്നത് ശരിക്കും പിണറായി വിജയനല്ലേ. എ കെ ശശീന്ദ്രന് വനംവകുപ്പ് മന്ത്രിയെന്ന് പറഞ്ഞ് നടക്കാനേ ആവുള്ളൂ. പക്ഷേ യഥാര്‍ത്ഥത്തില്‍ ഭരിച്ചിരുന്നത് പിണറായിയായിരുന്നു. 20 മരം മുറിക്കാനായിരുന്നു ലേലം വിളിച്ചത്. മുറിച്ചത് 120 മരങ്ങളാണ്. മരം കടത്തിക്കൊണ്ട് പോയി. ഇത് വനം കൊള്ളയാണ്. ഇത് ചെയ്യുന്നവരെയാണ് വനസംരക്ഷകര്‍ എന്ന് പറയുന്നത്. വനം മന്ത്രിയെക്കണ്ട് പരാതി അറിയിച്ചു. സജ്‌നയ്ക്ക് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു', ഷാജർ പറഞ്ഞു.

Content Highlights: Demand to Remove DFO Sajna Kareem from Forest Vigilance in Sugandhagiri Tree Felling Case

To advertise here,contact us