കൊച്ചി: കശുവണ്ടി അഴിമതിക്കേസ് നാളെ ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ വിചാരണക്ക് അനുമതി നല്‍കാതെ ഇടത് സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷം സംരക്ഷിച്ച ഐഎന്‍ടിയുസി പ്രസിഡന്റിനെ യുഡിഎഫ് സര്‍ക്കാര്‍ കൈവിടുമോ അതോ സംരക്ഷിക്കുമോ എന്നാണ് ചോദ്യം. കശുവണ്ടി അഴിമതിക്കേസില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരനെതിരെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ച് പ്രോസിക്യൂഷന് അനുമതി നല്‍കാനുള്ള ഫയല്‍ മുഖ്യമന്ത്രി വി ഡി സതീശന് മുന്നിലാണ്.
ജെ മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരിക്കെ പ്രോസിക്യൂഷന് അനുമതിക്ക് നിര്‍ദേശം നല്‍കുകയും അതനുസരിച്ച് ഫയല്‍ നീങ്ങുകയും ചെയ്തെങ്കിലും പിന്നീട് ഉദ്യോഗസ്ഥ ഇടപെടലിൽ വിചാരണാ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു. 2020ല്‍ ആദ്യം അനുമതി നിഷേധിച്ചപ്പോള്‍ സിബിഐ അപേക്ഷ പുനഃപരിശോധിച്ച് മൂന്ന് മാസത്തിനകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഈ ഉത്തരവിനെതിരെ ചന്ദ്രശേഖരനും രതീഷും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനുള്ള കാരണമില്ലെന്നു പറഞ്ഞു തള്ളുകയായിരുന്നു. എന്നിട്ടും അഞ്ച് വര്‍ഷമായി വിചാരണ തടഞ്ഞുനിര്‍ത്തി.
ഇടത് സര്‍ക്കാരിന്റെ കാലത്ത് വിചാരണക്ക് അനുമതി നിഷേധിച്ചതിന്റെ പേരില്‍ വകുപ്പ് സെക്രട്ടറിയായിരുന്ന എപിഎം മുഹമ്മദ് ഹനീഷ് കോടതിയലക്ഷ്യ നടപടി നേരിടുകയുമാണ്. സംഭവത്തിൽ ഹെെക്കോടതി രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ എന്നായിരുന്നു കോടതി ചോദിച്ചത്. കേസില്‍ മൂന്നാം പ്രതിയായ ആര് ചന്ദ്രശേഖറിനെയും മുന്‍ എംഡി കെ എ രതീഷിനെയും വിചാരണ ചെയ്യാനുള്ള അനുമതി തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാര്‍ നിഷേധിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്. അഴിമതിക്കാര്‍ക്കൊപ്പം സഞ്ചരിക്കുകയാണോ സര്‍ക്കാര്‍ എന്നും കോടതി ചോദിച്ചിരുന്നു.
എന്താണ് കശുവണ്ടി അഴിമതിക്കേസ്
വിദേശത്ത് നിന്ന് ഗുണനിലവാരമുള്ള തോട്ടണ്ടി ഇറക്കുമതി ചെയ്ത്, സംസ്കരിച്ച കശുവണ്ടി നാട്ടിലും വിദേശത്തും വിപണനം ചെയ്യാനായി 1969ല്‍ തുടങ്ങിയ കേരള കാഷ്യു ഡവലപ്മെന്റ് കോര്പറേഷന് ആദ്യകാലം മുതല്‍ വെള്ളാനയാണ്. 2008 മുതല്‍ പലവട്ടം സിഎജി ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിവർത്തിയില്ലാതെ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണങ്ങളായി. ഫിനാന്‍ഷ്യല്‍ ഇന്സ്പെക്ഷന് വിങ് തുടങ്ങി സര്‍കാര്‍ നിയോഗിച്ച പ്രത്യേക സംഘം വരെ നടത്തിയ പരിശോധനകളെല്ലാം അടിമുടി ക്രമക്കേട് തെളിയിച്ചു. തോട്ടണ്ടി വാങ്ങുന്നതില്‍ തുടങ്ങി, കശുവണ്ടി പരിപ്പ് വിറ്റഴിക്കുന്നതില്‍ വരെ സര്‍വത്ര അഴിമതിയായിരുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളിലെല്ലാം തോട്ടണ്ടി ഇറക്കുമതി ചെയ്ത കോട്ടയത്തെ JMJ ട്രേഡേഴ്സ് സപ്ലൈ ചെയ്തതെല്ലാം നിലവാരം കുറഞ്ഞത്. അവരുമായി വിലപേശി തുക ഉറപ്പിച്ചതാകട്ടെ, എംഡി കെഎ രതീഷും ചെയര്മാന് ആര് ചന്ദ്രശേഖരനും. ഇവര്‍ രണ്ടും മാത്രം ഒപ്പിട്ട ഈ രേഖ 2013ല്‍ ഫിനാന്‍ഷ്യല്‍ ഇന്സ്പെക്ഷന് വിങ് പരിശോധന നടത്തി പിടിച്ചെടുത്തതാണ്. എന്നാല്‍ രണ്ട് മാസത്തിന് ശേഷം വീണ്ടും പരിശോധന നടത്തിയപ്പോള്‍, ഇതേ രേഖയില്‍ ഡയറക്ടര്‍ ബോര്‍ഡിലെ മറ്റുള്ളവരെ കൊണ്ടും ഒപ്പിടുവിച്ച് തട്ടിപ്പിന് നടത്തിയ നീക്കമാണ് തെളിഞ്ഞത്.
Content Highlights: The prosecution sanction file in the Kerala cashew scam case has reached the Chief Minister. Political attention is focused on whether action will be taken against R Chandrasekhar