'മഴ കുറഞ്ഞു, അതാണ് വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം': സണ്ണി ജോസഫ്

കാലാവസ്ഥ ആശ്രയിച്ച് വൈദ്യുതി നിയന്ത്രണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇന്ത്യയില്‍ ആകെ പ്രതിസന്ധിയുണ്ടെന്നും കൂടുതല്‍ വില കൊടുത്ത് സംസ്ഥാനത്ത് വൈദ്യുതി വാങ്ങാന്‍ ശ്രമം നടത്തുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് കിട്ടിയ മഴ ഇപ്പോഴില്ലെന്നും മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. 'രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട്. 4,5 ദിവസം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നു. കാലാവസ്ഥ ആശ്രയിച്ച് നിയന്ത്രണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കും. ഇതുസംബന്ധിച്ച് നാളെ കൂടുതല്‍ കാര്യങ്ങള്‍ സഭയില്‍ പറയും. ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും': സണ്ണി ജോസഫ് പറഞ്ഞു.

ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് കഴിഞ്ഞ ദിവസം റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. ജൂലൈ മുതല്‍ ഡിസംബര്‍ വരെ വൈദ്യുതി വാങ്ങാം. റെഗുലേറ്ററി കമ്മീഷന്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഉത്തരവില്‍ കെഎസ്ഇബിയെ വിമര്‍ശിക്കുന്നുണ്ട്. സോളാര്‍ വൈദ്യുതി ശേഖരിക്കാനുളള BESS പദ്ധതി വൈകുന്നുവെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു. പദ്ധതി നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ആവര്‍ത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകളില്‍ നിന്നുളള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമര്‍പ്പിച്ചില്ലെന്നും റെഗുലേറ്ററി കമ്മീഷന്‍ പറയുന്നുണ്ട്.

'അത്യാവശ്യ വിവരങ്ങള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നതില്‍ കെഎസ്ഇബി വീഴ്ച വരുത്തുന്നു. കെഎസ്ഇബി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങള്‍ നല്‍കിയില്ല': കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതില്‍ റെഗുലേറ്ററി കമ്മീഷന്‍ ആശങ്ക രേഖപ്പെടുത്തി. അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിനെതിരെ വ്യാപക വിമര്‍ശനമുണ്ടെന്നും ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഉപയോക്താക്കളെ ലോഡ് ഷെഡിംഗ് വിവരം അറിയിക്കണമെന്നും റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദേശിച്ചു. മണ്‍സൂണ്‍ ശക്തിപ്പെടുമ്പോള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാന്‍ കെഎസ്ഇബി ശ്രമിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Content Highlights: Minister Sunny Joseph stated that the severe shortage in rainfall is the primary reason behind the ongoing power crisis

To advertise here,contact us