ഫിഷറീസ് മന്ത്രി സംസാരിക്കുന്നതിനിടെ ഇടപെട്ട് വനംമന്ത്രി; പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തില്‍ ഭരണപക്ഷ ബഹളം

മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവും രംഗത്തെത്തി

തിരുവനന്തപുരം: നിയമസഭയില്‍ അബ്ദുല്‍ ഗഫൂര്‍ മറുപടി നല്‍കുന്നതിനിടെ മന്ത്രി ഷിബു ബേബി ജോണ്‍ ഇടപെട്ടതില്‍ വിമര്‍ശനവുമായി പ്രതിപക്ഷം. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം ഉന്നയിച്ച് സജി ചെറിയാന്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിന് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുല്‍ ഗഫൂര്‍ മറുപടി നല്‍കുന്നതിനിടെയാണ് ഷിബു ബേബി ജോണ്‍ ഇടപെട്ടത്. സാധാരണ സഭയില്‍ ഇല്ലാത്ത കീഴ്‌വഴക്കമാണിതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ഷിബു ബേബി ജോണിന് സംസാരിക്കാന്‍ അനുമതി നല്‍കിയ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നടപടിയും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇതിനിടെ പ്രതിപക്ഷ നേതാവ് പറഞ്ഞ ഒരു പ്രയോഗം ഭരണപക്ഷം ഏറ്റെടുത്തു.

ഫിഷറീസ് മന്ത്രിക്ക് വിഷയത്തില്‍ മറുപടി പറയാന്‍ അല്‍പം കഴിവുകേടുണ്ട് എന്ന് തോന്നിക്കത്തക്ക വിധത്തിലുള്ള ഇടപെടല്‍ മറ്റൊരു മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. 'മറ്റൊരു മന്ത്രിക്ക് കഴിവുകേട് ഉണ്ട് എന്ന് അങ്ങയെപ്പോലെ ഒരാള്‍ പറയരുത്' എന്ന് സ്പീക്കര്‍ പറഞ്ഞു. ഇതിന് പിന്നാലെ ഭരണപക്ഷം പ്രതിഷേധിച്ചു. മന്ത്രി സംസാരിക്കുന്ന സമയത്ത് മുഖ്യമന്ത്രി ഇടപെട്ട സംഭവം മുന്‍പ് ഉണ്ടായിട്ടുണ്ടെന്നും അത് നിയമസഭാ രേഖകളില്‍ ഉണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞ്.

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി സജി ചെറിയാന്‍ അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഇതിന് പിന്നാലെ മറുപടി നല്‍കി ഫിഷറീസ് മന്ത്രി രംഗത്തെത്തി. ട്രോളിംഗ് കാലത്ത് സൗജന്യ റേഷനും സമ്പാദ്യ സമാശ്വാസ സഹായവും നല്‍കാറുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്. മൂന്ന് ജില്ലകളില്‍ ഇതുവരെ നല്‍കി. ബാക്കിയുള്ള ജില്ലകളില്‍ ആദ്യ ഗഡു ഉടന്‍ നല്‍കും. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സാധാരണ ഇത് നല്‍കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഈ പണം നല്‍കുന്നത് ഓഗസ്റ്റ് വരെ നീണ്ടുപോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി സജി ചെറിയാന്‍ രംഗത്തെത്തി.

പത്തുലക്ഷം മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ ദുരിതം അനുഭവിക്കുന്നുണ്ടെന്നും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. സംസ്ഥാനവും കേന്ദ്രവും നല്‍കേണ്ട പണം ഇതുവരെ കൊടുത്തിട്ടില്ല. അവരില്‍നിന്ന് പിടിച്ച പണമാണ് മൂന്ന് ജില്ലകളില്‍ വിതരണം ചെയ്തത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2,00,700 രൂപ മാത്രമാണ് നല്‍കിയിരുന്നത്. തങ്ങളത് 6,000 രൂപയായി ഉയര്‍ത്തി. കേന്ദ്ര വിഹിതം കിട്ടിയില്ല എന്ന് പറഞ്ഞ് പണം നല്‍കാതിരിക്കരുത്. കഴിഞ്ഞ കാലങ്ങളിലും ബിജെപി സര്‍ക്കാര്‍ കൃത്യസമയത്ത് പണം നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ആ പണം കൂടി നല്‍കുകയായിരുന്നുവെന്നും സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി.

തൊട്ടുപിന്നാലെ മറുപടിയുമായി അബ്ദുല്‍ ഗഫൂര്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു മത്സ്യത്തൊഴിലാളികള്‍ക്കുള്ള സമാശ്വാസ സഹായം സര്‍ക്കാര്‍ ആറായിരം രൂപയായി വര്‍ധിപ്പിച്ചതെന്ന് അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. 1500 രൂപ നിലവില്‍ നല്‍കിയിട്ടുണ്ട്. ബാക്കി വരുന്ന തുക കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് നല്‍കുക. അത് ഉടന്‍ നല്‍കും. മത്സ്യത്തൊഴിലാളികളെ ചേര്‍ത്തുപിടിക്കുന്ന നടപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. ഇതിനിടെയാണ് ഷിബു ബേബി ജോണ്‍ സംസാരിക്കാന്‍ എഴുന്നേറ്റത്. ഇതോടെ സ്പീക്കര്‍ ഇടപെട്ടു. ഇങ്ങനെ ഒരു കീഴ് വഴക്കം ഉണ്ടോ എന്ന് സ്പീക്കര്‍ ചോദിച്ചു. അങ്ങ് വളരെ സീനിയര്‍ ആയ നേതാവല്ലേയെന്നും സ്പീക്കര്‍ ചോദിച്ചു. ഈ സമയം അബ്ദുല്‍ ഗഫൂര്‍ വഴങ്ങി എന്നായിരുന്നു ഷിബു ബേബി ജോണ്‍ പറഞ്ഞത്. വഴങ്ങിയതുകൊണ്ട് താന്‍ ഒബ്ജക്റ്റ് ചെയ്യുന്നില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഷിബു ബേബി ജോണിന് ശേഷം അബ്ദുല്‍ ഗഫൂര്‍ വീണ്ടും സംസാരിച്ചു. ഇതിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണവും വന്നു. പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

സജി ചെറിയാന്‍ ഉന്നയിച്ച വിഷയം സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചു എന്നാണ് പ്രതികരണങ്ങളില്‍ നിന്ന് മനസിലാക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഫിഷറീസ് മന്ത്രി സംസാരിക്കുന്നതിനിടെ മറ്റൊരു മന്ത്രി ഇടപെടുകയും സ്പീക്കര്‍ പതിവിന് വിപരീതമായി അതിന് അനുമതി നല്‍കുകയും ചെയ്തു. വിഷയത്തില്‍ മറുപടി പറയാന്‍ ഫിഷറീസ് മന്ത്രിക്ക് അല്‍പം കഴിവുകേടുണ്ടെന്ന് തോന്നിക്കുന്ന വിധത്തിലുള്ള ഇടപെടലാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതോടെ സ്പീക്കര്‍ ഇടപെട്ടു. അങ്ങയെപ്പോലെ ഒരാള്‍ സഭയില്‍ ഇത് പറയരുതെന്ന് സ്പീക്കര്‍ പഞ്ഞു. തൊട്ടുപിന്നാലെ ഭരണപക്ഷത്ത് നിന്ന് പ്രതിഷേധ ശബ്ദം ഉയര്‍ന്നു. ഫിഷറീസ് മന്ത്രിക്ക് കഴിവുകേട് ഉണ്ട് എന്ന് തോന്നിക്കുന്ന വിധത്തില്‍ ഇടപെട്ടു എന്നാണ് താന്‍ പറഞ്ഞതെന്നും അത് ശരിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ഭരണപക്ഷത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.

താനാരെയും അപമാനിച്ചിട്ടില്ലെന്നും മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ചത് നിങ്ങളാണെന്നും പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിക്ക് കഴിവില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് അങ്ങേയറ്റത്തെ അപരാധം. അതാണ് ഇവിടെ ഉണ്ടായത്. അത് പാടുണ്ടോ എന്നതാണ് പ്രശ്‌നമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടര്‍ന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇത്തരത്തില്‍ സംഭവമുണ്ടായിട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞു. ഫിഷറീസ് മന്ത്രി സംസാരിക്കുമ്പോള്‍ വനം മന്ത്രി അദ്ദേഹത്തോട് വഴങ്ങുമോ എന്ന് ചോദിച്ചു. അദ്ദേഹം വഴങ്ങുകയായിരുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി ഭംഗിയായി മറുപടി പറഞ്ഞു. പിണറായിയെ പോലെ ഒരാള്‍ ഫിഷറീസ് മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തരുത്. പ്രസ്താവന പ്രതിപക്ഷ നേതാവ് തന്നെ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ സ്പീക്കര്‍ സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതെങ്കിലും മന്ത്രിമാര്‍ ഇടപെട്ട് സംസാരിച്ചിട്ടുണ്ടെങ്കില്‍ ആരാണോ സംസാരിക്കുന്നത് അയാളുടെ സംസാരം കഴിഞ്ഞ ശേഷമാണ്. അതല്ല ഇവിടെ ഉണ്ടായത്. ഫിഷറീസ് മന്ത്രിക്ക് കഴിവില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല. അദ്ദേഹം നല്ല കഴിവുറ്റ ആളാണെന്ന അഭിപ്രായക്കാരനാണ് താന്‍. മന്ത്രിക്ക് കഴിവില്ല എന്ന് വരുത്തി തീര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായി. അതാണ് താന്‍ ചൂണ്ടിക്കാട്ടിയത്. അതിനര്‍ത്ഥം ഫിഷറീസ് മന്ത്രിക്ക് കഴിവില്ല എന്നല്ല. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.

Content Highlights- An uproar erupted in the Kerala Assembly after the Forest Minister intervened during the Fisheries Minister's speech and the Opposition Leader responded.

To advertise here,contact us