തിരുവനന്തപുരം: കോർപ്പറേഷനിലേക്കുള്ള യുഡിഎഫ് മാർച്ചിൽ കേസെടുത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്. കെ എസ് ശബരിനാഥനെ ഒന്നാംപ്രതിയും മേരി പുഷ്പത്തെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെയാണ് കേസ്. വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും തടസ്സമുണ്ടാക്കിയെന്ന് എഫ്ഐആർ. ഭരണ പ്രതിസന്ധി ചൂണ്ടിക്കാണിച്ചായിരുന്നു യുഡിഎഫിൻ്റെ മാർച്ച്.
കോർപ്പറേഷനു മുന്നിലെ എൽഡിഎഫിന്റെ അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഗതാഗത തടസ്സമുണ്ടാക്കിയെന്ന് കാണിച്ചും കേസെടുത്തിട്ടുണ്ട്. എസ് പി ദീപക്കിനെ ഒന്നാംപ്രതിയും ശ്രീകുമാറിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ്. കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെയും കേസെടുത്തുത്തിട്ടുണ്ട്. മ്യൂസിയം പോലീസ് ആണ് കേസെടുത്തത്. കാപ്പ കേസിൽ ഉൾപ്പെട്ട് ജയിലിലായ ആർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് എൽഡിഎഫിന്റെ സത്യാഗ്രഹം.
യുഡിഎഫും എൽഡിഎഫും തിരുവനന്തപുരം കോർപറേഷനിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെ ഇന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിലും സംഘർഷം ഉണ്ടായിരുന്നു. ഹാജർ ബുക്കിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ബിജെപി കൗൺസിലർമാർ പരസ്പരം ഏറ്റുമുട്ടി. വധശ്രമ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത ബിജെപി കൗൺസിലർ ആർ സുഗതന് ഒപ്പിടുന്നതിനുവേണ്ടി ബിജെപി കൗൺസിലർമാർ ഹാജർ ബുക്ക് മാറ്റിവെക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് യോഗത്തിൽ പ്രതിഷേധം തുടങ്ങിയത്. ഇത് അനുവദിക്കില്ല എന്നുപറഞ്ഞ് കോൺഗ്രസ് കൗൺസിലർമാർ ഹാജർ ബുക്ക് പിടിച്ചുവാങ്ങി. പിന്നാലെ, കോൺഗ്രസ് അംഗങ്ങളുടെ കൈയിൽനിന്ന് ഹാജർ ബുക്ക് ബിജെപി പ്രവർത്തകർ പിടിച്ചുവാങ്ങി. ഇതോടെ ഇരു പാർട്ടിയുടെയും ജനപ്രതിനിധികൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമായി. ഇതിനിടെ ഡയസിനുമുകളിൽ വരെ കയറി നേതാക്കൾ പരസ്പരം പോരടിച്ചു.
ഉന്തും തള്ളും പതിയെ കൈയേറ്റത്തിലേക്ക് വഴിമാറി. കോൺഗ്രസിന്റെ വനിതാ കൗൺസിലർമാരെ ബിജെപി കൗൺസിർമാർ കൈയേറ്റം ചെയ്തു എന്നാരോപിച്ച് കെ എസ് ശബരീനാഥനടക്കമുള്ള നേതാക്കൾ പോർവിളി നടത്തി രംഗത്തെത്തി. ഇതിനിടെ പലരുടെയും വസ്ത്രങ്ങൾ കീറി, ഒരു ബിജെപി കൗൺസിലർ ശബരീനാഥനെ തല്ലാൻ ശ്രമിക്കുന്നതും അത് മറ്റൊരു വനിതാ കൗൺസിലറുടെ തലയിൽ കൊള്ളുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. കോൺഗ്രസ് കൗൺസിലർമാർ ഹാജർ ബുക്ക് കൈയടക്കിവെക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് ബിജെപി കൗൺസിലർമാർ ആരോപിച്ചു. അവരുടെ കൈയിൽനിന്നും ബുക്ക് തിരികെ വാങ്ങാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും അത് കൈയ്യാങ്കളിയിലേക്ക് കൊണ്ടുപോയത് കോൺഗ്രസ് കൗൺസിലർമാരാണെന്നും ബിജെപി കൗൺസിലർമാർ ആരോപിച്ചു.
കാപ്പയടക്കം അൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ സുഗതനെ കൗൺസിലിൽ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്നാണ് എൽഡിഎഫ് കൗൺസിലർമാരുടെ നിലപാട്. പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷ കൗൺസിലർമാർ കൗൺസിൽ യോഗത്തിനെത്തിയത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റ എൽഡിഎഫ് കൗൺസിലർമാരും യോഗത്തിന് എത്തിയിരുന്നു.
Content Highlights: Police have registered a case against UDF leaders following the protest march to the Thiruvananthapuram Corporation. KS Sabarinadhan has been named as the first accused in the case. Read the latest updates.