ഗവര്‍ണര്‍ ഭരണഘടനയുടെ സംരക്ഷകനാണ്, രാഷ്ട്രീയ പക്ഷത്തിന്റെ പ്രതിനിധി അല്ല; വിമര്‍ശനവുമായി സമസ്ത

സര്‍ക്കാര്‍ പട്ടിക തള്ളി നടത്തുന്ന നിയമനങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവിനെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നു

കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത. സംഘപരിവാര്‍ ബന്ധമുള്ളവരെ വിസി ആക്കുന്നതിനെതിരെയാണ് സമസ്ത മുഖപത്രം സുപ്രഭാതത്തിലെ എഡിറ്റോറിയല്‍. സര്‍വകലാശാലകളില്‍ സംഘപരിവാര്‍ കയ്യേറ്റം നടക്കുന്നു എന്നാണ് വിമര്‍ശനം. കാര്‍ഷിക സര്‍വകലാശാല വിസിയെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും സര്‍ക്കാര്‍ പട്ടിക തള്ളി നടത്തുന്ന നിയമനങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവിനെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും എഡിറ്റോറിയലില്‍ വിമര്‍ശിക്കുന്നുണ്ട്.

സര്‍വകലാശാലകള്‍ രാഷ്ട്രീയ അധികാര പ്രകടനത്തിന്റെ വേദിയാകുത്. ഈ നടപടി അക്കാദമിക സ്വാതന്ത്ര്യവും ഗവേഷണ അന്തരീക്ഷവും ദുര്‍ബലമാക്കും. വിസിയുടെ യോഗ്യത അക്കാദമിക മികവും ഭരണപരമായ കഴിവും ദര്‍ശനവുമാകണം. സര്‍വകലാശാലകളെ ആശയപരമായ സ്വാധീന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമം എതിര്‍ക്കപ്പെടണം. ഗവര്‍ണര്‍ ഭരണഘടനയുടെ സംരക്ഷകനാണ്, രാഷ്ട്രീയ പക്ഷത്തിന്റെ പ്രതിനിധി അല്ല. ഏകപക്ഷീയമായുള്ള തീരുമാനങ്ങള്‍ സര്‍വകലാശാലകളിലെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക വെട്ടി, കാര്‍ഷിക സര്‍വകലാശാലയിലെ താല്‍ക്കാലിക വിസിയായി സംഘപരിവാര്‍ ബന്ധമുള്ള ടി സജിതാ റായിയെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് സമസ്ത മുഖപത്രം വിമര്‍ശിക്കുന്നു. കുറച്ചുവര്‍ഷങ്ങളായി കേരളത്തിലെ സര്‍വകലാശാലകളില്‍ നിശബ്ദമായും അല്ലാതെയും സംഘപരിവാര്‍ കയ്യേറ്റം നടക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പേരുകളെ പട്ടിക പൂര്‍ണമായും അവഗണിച്ച് ഈ നിയമനം നടത്തിയിരിക്കുന്നത് ഭരണഘടനാപരമായ മര്യാദകളെയും ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവിനെയും ചോദ്യം ചെയ്യുന്ന നടപടിയാണ്. സര്‍വകലാശാലകളെ ആശയപരമായ സ്വാധീനകേന്ദ്രങ്ങളാക്കി മാറ്റാനുള്ള ഏത് ശ്രമവും, അത് ഏത് രാഷ്ട്രീയ പക്ഷത്തുനിന്നായാലും എതിര്‍ക്കപ്പെടണം. സര്‍വകാശാലകളുടെ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണറുടെ ഓരോ തീരുമാനവും അക്കാദമിക സ്വാതന്ത്ര്യത്തെയും ഫെഡറല്‍ മര്യാദകളെയും ശക്തിപ്പെടുത്തുന്നതാകണമെന്നും എഡിറ്റോറിയലില്‍ പറയുന്നു.

Content Highlights: Suprabhatham, the mouthpiece of Samastha, has criticized the Kerala Governor over the appointment of Vice Chancellors allegedly linked to the Sangh Parivar, intensifying the debate over university governance

To advertise here,contact us