തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പുതുതായി തന്നെ പ്രതി ചേര്‍ത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്ത്. തന്നെ പ്രതി ചേര്‍ത്തു എന്ന വാര്‍ത്ത അപ്രതീക്ഷിതമായിരുന്നു എന്നും നിയമപരമായി ആലോചിച്ച് തന്നെ മുന്നോട്ട് പോകുമെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പ്രതിചേര്‍ക്കുന്നതില്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്ളതായി കരുതുന്നുവെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ഇതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന ചോദ്യത്തോട് സ്വാഭാവികമായും രാഷ്ട്രീയ സമ്മര്‍ദം ഉണ്ടാകുമല്ലോ എന്നായിരുന്നു പി എസ് പ്രശാന്തിൻ്റെ പ്രതികരണം.
എസ്ഐടി നിയമിച്ചത് നല്ല ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥരെയാണെന്നും അവര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുമെന്ന് കരുതുന്നില്ലെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. 'എവിടെയാണ് അന്വേഷണം വഴിമാറിയതെന്ന് അറിയില്ല. എസ് ഐ ടി യെക്കുറിച്ച് ആക്ഷേപം ഒന്നും പറയാനില്ല. മൂന്ന് തവണ മൊഴിയെടുക്കാന്‍ വിളിച്ചിരുന്നു. അഴിമതിയുടെ ഒരു കറപോലും വീഴാത്ത ഉദ്യോഗസ്ഥനാണ് തിരുവാഭരണം കമ്മീഷണറെന്നും അദ്ദേഹം ഈ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു'വെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
തനിക്ക് പറ്റിയ തെറ്റ് സ്വന്തം വീട് പണിതു എന്നതാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ധനലക്ഷ്മി ബാങ്കില്‍ നിന്നും 45 ലക്ഷം രൂപ ലോണ്‍ എടുത്താണ് വീട് പണിതതെന്നും 65 ലക്ഷത്തിന്റെ കടം തനിക്കുണ്ടെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. 'മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ബൈക്കില്‍ പോകുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? കോടിക്കണക്കിന് രൂപയുടെ മരാമത്ത് പണികള്‍ ശബരിമലയില്‍ നടക്കുന്നുണ്ട്. അതില്‍ ഏതെങ്കിലും ഒരു കോണ്‍ട്രാക്ടറില്‍ നിന്നും ഒരു കട്ടന്‍ ചായയുടെ പൈസപോലും ഞാൻ വാങ്ങിയെന്ന് പറയാമോ' എന്നും അദ്ദേഹം ചോദിച്ചു. തന്നെ അറസ്റ്റ് ചെയ്താലും വിലങ്ങണിയിച്ചാലും കോടതി പറയുന്ന ഏത് ശിക്ഷയും താന്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
'2025 ല്‍ നടന്ന പ്രശ്നങ്ങളെക്കുറിച്ച് യാതൊരുവിധ ആക്ഷേപങ്ങളും എനിക്കില്ല. കോടതിയെ അറിയിക്കാതെ കൊണ്ടുപോയി എന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത്. സെപ്തംബര്‍ ഏഴാം തീയതി തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തില്‍ ആണ് ദ്വാരപാലക ശില്പങ്ങള് അഴിച്ചെടുത്ത് അളവുകള്‍ കൃത്യമായി അടയാളപ്പെടുത്തിയിരുന്നത്. എന്നാല്‍ സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കണമെന്നുള്ള നിയമം ഉണ്ടായിരുന്നത് അറിയുന്നത് അതിന് ശേഷം ആണ്. തൊട്ടടുത്ത ദിവസം രാവിലെ എട്ടുമണിക്ക് തന്നെ സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ശില്പ്പങ്ങള് കൊണ്ട് പോകുന്നതില്‍ പ്രശ്നമില്ല എന്ന് അവര്‍ പറഞ്ഞതിനാല്‍ ആണ് കൊണ്ട് പോയത്. കൊണ്ട് പോകണ്ട എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ കൊണ്ട് പോകില്ലായിരുന്നു' എന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
തുടര്‍ന്ന് നടന്ന നടപടി ക്രമങ്ങളെക്കുറിച്ചും പി എസ് പ്രശാന്ത് വിശദീകരിച്ചു. 'തുടർന്ന് ദ്വാരപാല ശിൽപ്പങ്ങൾ ചെന്നൈയിലേക്ക് കൊണ്ടുപോയിരുന്നു. പത്താം തീയതി സ്പെഷ്യല്‍ കമ്മീഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നടപടി നിര്‍ത്തി വെയ്ക്കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തു. പതിനാലാം തീയതി ബോര്‍ഡ് സെക്രട്ടറി കോടതിയില്‍ മാപ്പ് പറയുകയും തുടര്‍ന്ന് സ്റ്റേ നീക്കുകയും നടപടികള്‍ മുന്നോട്ട് പോകുകയും ചെയ്തിരുന്നു. പിന്നീട് സെപ്തംബര്‍ പതിനേഴാം തീയതിയാണ് ശബരിമലയില്‍ സ്വര്‍ണപീഠങ്ങള്‍ കാണാതായ വിവാദം ഉണ്ടാവുന്നത്. പിന്നീട് കോടതി വീണ്ടും വിഷയത്തില്‍ ഇടപെടുകയും ചെയ്തു. 2023 ജൂണ്‍ 30 നാണ് ശബരിമല ഉരുപടികള്‍ പുറത്തുകൊണ്ടുപോകുമ്പോള്‍ സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കണമെന്ന ഉത്തരവ് വരുന്നതെന്നും അന്ന് തങ്ങളുടെ ബോര്‍ഡ് അധികാരത്തില്‍ വന്നിട്ടില്ലെന്നും പി എസ് പ്രശാന്ത് വിശദീകരിച്ചു. ഉത്തരവ് ബോര്‍ഡിന് അറിയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു. 'തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് കോടതിയില്‍ നല്കിയ 2019ലെ ഫയലില്‍ നിന്നാണ് സ്വര്‍ണക്കൊള്ളയുടെ കാര്യം പുറത്ത് വരുന്നത്. എന്തെങ്കിലും ഒളിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ ഫയല്‍ കൊടുക്കാതിരുന്നാല്‍ മതിയായിരുന്നു. ഞങ്ങള്‍ക്ക് ഒന്നും മറയ്ക്കാന്‍ ഇല്ലായിരുന്നു എന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് ആണ് സമഗ്ര അന്വേഷണത്തിന് കോടതിയോട് ആവശ്യപ്പെട്ടത്' എന്നും അദ്ദേഹം പറഞ്ഞു.
2024 സെപ്തംബര്‍ 20 നാണ് ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട ഫയലുകള്‍ ബോര്‍ഡിനുമുന്നില്‍ വരുന്നതെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി. 2019 ലെ മോഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഒന്നും ബോര്‍ഡിന് മുന്നില്‍ വന്നിട്ടില്ല. അങ്ങനെ എന്തെങ്കിലും ഫയല്‍ ഉണ്ടായിരുന്നെങ്കില്‍ അട്ടിമറിച്ചു എന്നതില്‍ വസ്തുത ഉണ്ടായേനെ. ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം ശില്പ്പങ്ങള് കൊടുത്തു വിടണം എന്നായിരുന്നു എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞത്. എന്നാല്‍ തങ്ങള്‍ അത് ചെയ്തിട്ടില്ല. മൂന്നാമത് ഒരാളുടെ കൈവശം ശില്പ്പങ്ങള് കൊടുത്തു വിടില്ല എന്ന് ഞങ്ങള്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വീഴ്ചമാത്രമാണെന്ന് കരുതിയെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയെ ഒറ്റത്തവണ മാത്രമേ കണ്ടിട്ടുള്ളുവെന്നും ഗോവര്ദ്ധന് എന്നയാളിനെ കണ്ടിട്ടുപോലുമില്ലെന്നും പങ്കജ് ഭണ്ഡാരിയെ കുറിച്ച് അറിയുന്നത് വാര്‍ത്തകളില്‍ വന്നപ്പോഴാണെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. 2019ല്‍ ഞാന്‍ കോണ്‍ഗ്രസുകാരനായിരുന്നു. ഇത്തരം നടപടികളെക്കുറിച്ച് അറിയില്ലായിരുന്നു. അയ്യപ്പ സംഗമം പൊളിക്കാന്‍ ഗൂഢാലോചന ഉണ്ടായിരുന്നതായി സംശയിക്കുന്നു. ഉണ്ണികൃഷ്ണന് പോറ്റി കള്ളം പറഞ്ഞതായും സംശയിക്കുവെന്ന് പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു. സ്വര്‍ണ പീഠം സഹായിയുടെ കയ്യില്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹം കള്ളം പറഞ്ഞതാണെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
Content Highlights: P S Prashanth alleged that a conspiracy led to his inclusion as an accused in the Sabarimala gold robbery case. He raised the claim while responding to developments in the ongoing investigation