ലോകം അറിയുന്ന പത്രാധിപർക്ക് ഇതാണ് അനുഭവം എങ്കിൽ സാധാരണക്കാരായ പൗരന്മാരുടെ സ്ഥിതി എന്തായിരിക്കും: പിണറായി വിജയൻ

പൗരന്മാരുടെ ജീവിതവും അവകാശങ്ങളും ചവിട്ടിമെതിപ്പെടുമ്പോള്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് നിശബ്ദരായിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാലിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആര്‍ രാജഗോപാലിന് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടല്‍ ഉളവാക്കുന്നതാണെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലോകം അറിയുന്ന ഒരു പത്രാധിപര്‍ക്ക് ഇതാണ് അനുഭവം എങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരായ പൗരന്മാരുടെ സ്ഥിതി എന്തായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

'കൊല്‍ക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വോട്ടര്‍ പട്ടിക തീവ്ര പരിശോധനയിലാണ് രാജഗോപാലിനെ നീക്കിയത്. അതിന്റെ തുടര്‍ച്ചയായി പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടിരിക്കുന്നു. ബംഗാളിലെ 27 ലക്ഷം പൗരന്മാര്‍ക്കൊപ്പം പേരുവെട്ടപ്പെട്ട രാജഗോപാല്‍ ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ ഉടന്‍ ഹാജരാവാന്‍ അറിയിപ്പ് ലഭിച്ചെങ്കിലും അപ്പോയിന്‍മെന്റ് അനുവദിച്ചത് ജൂലൈ 17 ന് മാത്രമാണ്. ഇതിനിടയില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നടന്ന മകളുടെ വിവാഹത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല', പിണറായി വിജയന്‍ പറഞ്ഞു.

ബിജെപിയുടെ കടുത്ത വിമര്‍ശകന്‍ എന്ന നിലയില്‍ ആയിരിക്കും രാജഗോപാല്‍ പ്രതികാര നടപടിക്ക് ഇരയായിട്ടുണ്ടാവുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതോടൊപ്പം വിഭാഗീയ സമീപനത്തോടെ സാധാരണക്കാരായ പൗരന്മാരെ തെരഞ്ഞുപിടിച്ച് എസ്‌ഐആറിലൂടെ പുറത്താക്കുകയാണ്.

വിഭജന ഹിന്ദുത്വ അജണ്ടയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഉപകരണമായി എസ്‌ഐആര്‍ മാറിക്കഴിഞ്ഞു. പൗരത്വം നിര്‍ണയിക്കേണ്ടത് എസ്‌ഐആറിന്റെ അടിസ്ഥാനത്തിലല്ലെന്നത് ഉറപ്പാക്കേണ്ടിയിരിക്കുന്നു. പൗരന്മാരുടെ ജീവിതവും അവകാശങ്ങളും ചവിട്ടിമെതിപ്പെടുമ്പോള്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് നിശബ്ദരായിക്കാനാവില്ലെന്നും ജനാധിപത്യത്തെ വിലമതിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പാസ്പോര്‍ട്ട് പുതുക്കണമെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടാകണം എന്നത് പുതിയ അറിവായിരുന്നുവെന്ന് രാജഗോപാല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നറിയില്ല. പൗരന്റെ അവകാശത്തെ നിഷേധിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. പൗരന്‍ എന്ന് തെളിയിക്കാന്‍ കൈവശം ഒന്നുമില്ല. തന്റെ അവകാശം നഷ്ടപ്പെട്ടുവെന്നും രാജഗോപാല്‍ പറഞ്ഞു.

ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് എസ്ഐആറില്‍ നിന്ന് പേര് വെട്ടിയത്. അധികൃതര്‍ ഇക്കാര്യം തന്നെ അറിയിക്കുകയായിരുന്നു. അതിന് മുന്‍പ് ഫെബ്രുവരി 27ന് പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ വേരിഫിക്കേഷനായി പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. വോട്ടര്‍ ഐഡി ആവശ്യമുണ്ട് എന്ന് പറഞ്ഞു. ഈ സമയം എസ്ഐആറില്‍ നിന്ന് പേര് വെട്ടിയ കാര്യം താന്‍ സൂചിപ്പിച്ചു. ഇതോടെ മറ്റ് രേഖകള്‍ ഹാജരാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അച്ഛന്റെ മരണ സര്‍ട്ടഫിക്കറ്റ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് അടക്കം നല്‍കാന്‍ പറഞ്ഞു. ഇതിന്റെയെല്ലാം കോപ്പി നല്‍കിയ ശേഷം അവിടെ നിന്ന് ഇറങ്ങി. കുറച്ചു ദിവസം കഴിഞ്ഞ് കൊല്‍ക്കത്ത പൊലീസിന്റെ കീഴിലുള്ള സെക്യൂരിറ്റി കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനില്‍ നിന്ന് വിളിപ്പിച്ചതായി രാജഗോപാല്‍ പറഞ്ഞു.

പേര് എസ്ഐആറില്‍ നിന്ന് നീക്കം ചെയ്തതിനാല്‍ പൊലീസ് വേരിഫിക്കേഷന് സാധ്യമല്ല എന്നാണ് അവര്‍ അറിയിച്ചത്. പേര് റീ സ്റ്റോര്‍ ചെയ്യാന്‍ സാധിക്കുമെന്നും പറഞ്ഞു. പേര് റീ സ്റ്റോര്‍ ചെയ്യാന്‍ അപ്പീല്‍ നല്‍കിയ കാര്യം താന്‍ സൂചിപ്പിച്ചിരുന്നുവെന്നും രാജഗോപാല്‍ വ്യക്തമാക്കി. 27 ലക്ഷത്തോളം പേരാണ് ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. എപ്പോള്‍ പരിഗണിക്കും എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010ലാണ് കൊല്‍ക്കത്തയില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത്. വോട്ടും ചെയ്തിട്ടുണ്ട്. മാപ്പിങ്ങിന്റെ പേരില്‍ പേര് വെട്ടിയതായാണ് മനസിലാക്കുന്നത്. നടപടി വ്യക്തിപരമായും ബാധിച്ചു. പാസ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ അമേരിക്കയില്‍വെച്ചു നടന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Opposition Leader Pinarayi Vijayan has expressed solidarity with former Telegraph editor R Rajagopal

To advertise here,contact us