പത്തനംതിട്ട: പത്തനംതിട്ട ചിറ്റാര്‍ ഉന്നതിയില്‍ യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇവര്‍ നായട്ട് സംഘങ്ങളാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ കയ്യില്‍ നിന്ന് നാടന്‍ തോക്ക് പൊലീസ് കണ്ടെത്തി. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കസ്റ്റഡിയിലുള്ള പ്രതികള്‍ക്കെതിരെ ആംസ് ആക്ട് പ്രകാരം ചിറ്റാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്. മരിച്ച സന്ദീപിന്റെ വനിതാ സുഹൃത്തിന്റെ പിതാവിനേയും രണ്ടു സുഹൃത്തുക്കളേയുമാണ് ചിറ്റാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത്. സന്ദീപ് സൗഹൃദം പുലര്‍ത്തിയത് വിവാഹിതയായ യുവതിയുമായാണ്. യുവതിയുടെ കുടുംബാംഗങ്ങള്‍ സൗഹൃദത്തെ എതിര്‍ത്തിരുന്നു.
മരിച്ച സന്ദീപിന്റെ പിതാവ് സദാനന്ദനാണ് മകന്റെ മരണം കൊലപാതകമാണെന്ന സംശയവുമായി ആദ്യം എത്തിയത്. മകന് കുഴിയില്‍ അവശനിലയില്‍ കിടക്കുന്ന വിവരം പ്രദേശവാസികളാണ് അറിയിച്ചതെന്നും വെള്ളം കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും പിതാവ് പറഞ്ഞിരുന്നു.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ അവിടെ എത്തിയെന്നും സദാനന്ദന് പറഞ്ഞു. മരിച്ച സന്ദീപിന്റെ നെറ്റിയിലും നെഞ്ചിന് സമീപവും മര്‍ദ്ദനമേറ്റതിന് സമാനമായ പാടുകള്‍ ഉണ്ടായിരുന്നുവെന്നും കമ്പി വടി കൊണ്ട് അടിച്ചതാണോ എന്ന സംശയമുണ്ടെന്നും സന്ദീപിന്റെ അച്ഛന് പറഞ്ഞു. മകന് ഒരു യുവതിയുമായി സ്നേഹബന്ധത്തില്‍ ആയിരുന്നു. യുവതിയുടെ ബന്ധുക്കള്‍ നേരത്തെ മകനെ മര്‍ദ്ദിച്ചിട്ടുണ്ട്. മകന്റെ സമീപത്തു നിന്നും ചിലര്‍ ഓടിപ്പോയതായി പ്രദേശവാസികള്‍ കണ്ടെന്നും മരിച്ച സന്ദീപിന്റെ പിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.
അവശനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ച സംഭവത്തില്‍ അയല്‍വാസിയും സംശയം പ്രകടിപ്പിച്ചിരുന്നു. മരിച്ച സന്ദീപ് ആള്‍ത്താമസമില്ലാത്ത വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുന്നതായി കണ്ടെന്നാണ് പറഞ്ഞത്. വീട്ട് മുറ്റത്ത് കൂടി രണ്ട് പേര് നടന്ന് പോകുന്നതും അദേഹം കണ്ടിരുന്നു. സംഭവം കണ്ടയുടന്‍ സന്ദീപിന്റെ പിതാവിനെ വിവരം അറിയിച്ചെന്നും പിതാവ് സദാനന്ദന് എത്തിയപ്പോള്‍ സന്ദീപ് കുഴിയില്‍ കിടക്കുന്ന നിലയില്‍ ആയിരുന്നു എന്നും പ്രദേശവാസി രാജന് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
Content Highlights: New details have emerged in the death of a young man at Chittar Unnathi in Pathanamthitta, with police intensifying investigation into the incident.