പി എം ശ്രീ; എല്‍ഡിഎഫ് ചെയ്തതിന്റെ പാപഭാരം യുഡിഎഫിന്റെ തലയില്‍ ഇടാന്‍ ശ്രമം: ഇ ടി മുഹമ്മദ് ബഷീര്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചത് വകുപ്പ് മന്ത്രി പറയേണ്ട കാര്യമാണെന്നും അതില്‍ ഓരോരുത്തരും അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ച് മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. പി എം ശ്രീ പദ്ധതിയില്‍ എല്‍ഡിഎഫ് ഉന്നയിക്കുന്ന വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എല്‍ഡിഎഫ് ചെയ്തതിന്റെ പാപഭാരം യുഡിഎഫിന്റെ തലയില്‍ ഇടാനാണ് ശ്രമമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

'എല്‍ഡിഎഫ് പറയുന്നതില്‍ കാര്യമില്ല. എന്‍ഡിഎഫ് ഒപ്പിട്ട ഒരു പദ്ധതിയുടെ തുടര്‍ച്ച വരുന്ന സമയത്ത് അതിന്റെ പാപഭാരം യുഡിഎഫിന്റെ തലയില്‍ ഇടാന്‍ വേണ്ടിയുള്ള കുത്സിത ശ്രമമാണ് നടക്കുന്നത്. യുഡിഎഫിന് ഏത് കാര്യത്തിലും കൃത്യമായ നിലപാടുകളുണ്ട്. പറയേണ്ട അഭിപ്രായങ്ങള്‍ നേതൃത്വം പറഞ്ഞിട്ടുണ്ട്. മന്ത്രിയും മുഖ്യമന്ത്രിയും ഇത്തരം കാര്യങ്ങളെ പറ്റി വ്യക്തമായ കാഴ്ചപ്പാട് പറഞ്ഞിട്ടുണ്ട്', ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

യുഡിഎഫിന് ഏത് കാര്യത്തിലും കൃത്യമായ നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ നിലപാടുകള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ജനങ്ങളോട് പറഞ്ഞിട്ടുമുണ്ട്. അതിന് വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ലെന്ന് എംപി വ്യക്തമാക്കി. നിലപാടുകള്‍ സുതാര്യമായി തന്നെ പാര്‍ട്ടിയും മന്ത്രിയും യുഡിഎഫ് നേതൃത്വവും കളങ്കമില്ലാത്ത രീതിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിലും അദ്ദേഹം പ്രതികരിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചത് വകുപ്പ് മന്ത്രി പറയേണ്ട കാര്യമാണെന്നും അതില്‍ ഓരോരുത്തരും അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ജനവിഭാഗത്തിനെയും അഭിപ്രായം തേടിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകര്‍, തൊഴിലാളികള്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ നിന്ന് കിട്ടിയ ഒരു ഫീഡ്ബാക്ക് തങ്ങളുടെ കയ്യിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വെച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Muslim League MP ET Mohammed Basheer has expressed support for Chief Minister VD Satheesan on various controversial issues, saying the government's position should be assessed in the proper context.

To advertise here,contact us