എന്തുകൊണ്ട് ലോകത്ത് ഒരു കമ്മ്യൂണിസ്റ്റ് രാജ്യവും നിലനില്‍ക്കുന്നില്ലെന്ന് ഭരണകക്ഷി MLA; തിരുത്തി ജി സുധാകരന്‍

കമ്മ്യൂണിസം നിലനില്‍ക്കുന്നില്ല എന്നത് തെറ്റാണെന്ന് സുധാകരന്‍ മറുപടി നൽകി

തിരുവനന്തപുരം: വീണ്ടും ഭരണകക്ഷി എംഎല്‍എയെ തിരുത്തി ജി സുധാകരന്‍ എംഎല്‍എ. മുസ്‌ലിം ലീഗിന്റെ എം റഹ്മത്തുള്ളയെയാണ് ജി സുധാകരന്‍ തിരുത്തിയത്. എന്തുകൊണ്ട് ലോകത്ത് ഒരു കമ്മ്യൂണിസ്റ്റ് രാജ്യവും നിലനില്‍ക്കുന്നില്ല എന്നായിരുന്നു റഹ്മത്തുള്ള ചോദിച്ചത്. എന്നാല്‍ കമ്മ്യൂണിസം നിലനില്‍ക്കുന്നില്ല എന്ന വാദം തെറ്റാണ് എന്നായിരുന്നു ജി സുധാകരന്‍ പറഞ്ഞത്.

നിയമസഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു റഹ്മത്തുള്ളയുടെ പ്രതികരണം. ബജറ്റുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ പ്രതിപക്ഷത്തെ റഹ്മത്തുള്ള വിമര്‍ശിച്ചു. ബജറ്റിനെ കുറിച്ച് അപ്പുറത്തിരിക്കുന്നവര്‍ക്ക് മനസിലാകില്ലെന്ന് റഹ്മത്തുള്ള പറഞ്ഞു. അവര്‍ ഏതോ കാലത്ത് ജീവിക്കുന്നവരാണ്. പല അംഗങ്ങളും സഭയില്‍ നടത്തിയ പ്രസംഗം കേട്ടതാണ്. എന്തൊക്കെ താത്വികമായ വിശകലനങ്ങളായിരുന്നു ഇവിടെ നടന്നത്. മുതലാളിത്തം കടന്നുവരുന്നതിനെക്കുറിച്ചും ഫിനാൻസ് കാപിറ്റലിനെക്കുറിച്ചും അതിന്റെ അപകടത്തെക്കുറിച്ചുമെല്ലാം ഇവിടെ സംസാരിച്ചു. ഇത്രയുമൊക്കെ അറിയുന്ന ആളുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ലോകത്ത് ഒരു കമ്മ്യൂണിസ്റ്റ് രാജ്യവും ഇന്ന് നിലനില്‍ക്കാത്തത് എന്ന് താന്‍ സങ്കടത്തോടെ ചിന്തിച്ചു എന്നും റഹ്മത്തുള്ള പപറഞ്ഞു. ഇതിനിടെയാണ് സുധാകരന്‍ ഇടപെട്ടത്.

കമ്മ്യൂണിസം നിലനില്‍ക്കുന്നില്ല എന്നത് തെറ്റാണെന്ന് സുധാകരന്‍ പറഞ്ഞു. ചൈനയില്‍ അടക്കം അഞ്ച് രാജ്യങ്ങളില്‍ കമ്മ്യൂണിസം നിലനില്‍ക്കുന്നുണ്ട്. എംഎല്‍എ തിരുത്തണമെന്ന് ജി സുധാകരന്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ താന്‍ വ്യക്തിപരമായ വിയോജിപ്പ് രേഖപ്പെടുത്തുകയാണെന്ന് റഹ്മത്തുള്ള പറഞ്ഞു. കമ്മ്യൂണിസ്റ്റ് എന്ന പേരില്‍ അറിയപ്പെട്ടുന്ന രാജ്യങ്ങള്‍ ലോകത്ത് പലതുമുണ്ടെന്ന് താന്‍ അംഗീകരിക്കുന്നു. എന്നാല്‍ അതുമായി ബന്ധപ്പെട്ട് തന്റെ നിലപാട് ആവര്‍ത്തിക്കുന്നു. തര്‍ക്കത്തിലേക്ക് പോകുന്നില്ലെന്നും റഹ്മത്തുള്ള കൂട്ടിച്ചേര്‍ത്തു.

മുന്‍പും സമാനമായ സംഭവം നിയമസഭയില്‍ ഉണ്ടായിരുന്നു. കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞ യുഡിഎഫ് എംഎല്‍എ വര്‍ഗീസ് മാമ്മനെ ജി സുധാകരന്‍ തിരുത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 22നായിരുന്നു സംഭവം. ബജറ്റുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ചര്‍ച്ച നടന്നപ്പോഴായിരുന്നു വര്‍ഗീസ് മാമ്മന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കമ്മ്യൂണിസം വെറുക്കപ്പെട്ട വിശ്വാസ പ്രമാണമാണെന്നും വര്‍ഗീസ് മാമ്മന്‍ പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ജി സുധാകരന്റെ പ്രതികരണം. കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്ന് പറയുന്നവര്‍ക്ക് ജീവിച്ചിരിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് സുധാകരന്‍ ചോദിച്ചിരുന്നു.

Content Highlights- During legislative assembly, ruling MLA A Rahmathulla remarked that no communist country exists in the world. Senior leader G. Sudhakaran intervened and corrected the statement.

To advertise here,contact us