കെ എം ഷാജിയുടേത് ബിജെപിയോടുളള വിധേയത്വം, മതവര്‍ഗീയതയ്ക്ക് സഹായം ഒരുക്കുന്ന നിലപാട്: പി എ മുഹമ്മദ് റിയാസ്

ഷാജിയുടെ പ്രസ്താവന സംഘപരിവാര്‍ അജണ്ട കുത്തിവെക്കാനുളള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

കൊച്ചി: പ്രധാനമന്ത്രി ആവാസ് യോജന(പിഎംഎവൈ)യുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിക്കെതിരെ വിമര്‍ശനവുമായി പി എ മുഹമ്മദ് റിയാസ് എംഎൽഎ. കെ എം ഷാജിയുടേത് ബിജെപിയോടുളള വിധേയത്വമാണെന്നും മതവര്‍ഗീയതയ്ക്ക് സഹായമൊരുക്കുന്ന നിലപാടാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ഷാജിയുടെ പ്രസ്താവന സംഘപരിവാര്‍ അജണ്ട കുത്തിവെക്കാനുളള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ്. പ്രധാനമന്ത്രിയുടെ ചിത്രം വരുന്നതുകൊണ്ട് മാത്രമല്ല, എല്ലാ ക്രെഡിറ്റും കേന്ദ്രത്തിന് നല്‍കുന്നുണ്ടെന്നും ലോഗോ വന്നാലും ചാപ്പ കുത്തല്‍ തന്നെയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ലൈഫ് പദ്ധതി ലോകത്തിന് തന്നെ മാതൃകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ലൈഫിന്റെ ഫണ്ട് തങ്ങളുടേതാണെന്ന് സംഘപരിവാര്‍ പ്രചരിപ്പിക്കുകയാണെന്നും ആ പ്രചാരണം തെറ്റാണെന്ന് കേരളം തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഫണ്ട് കേന്ദ്രത്തിന്റേതാണ് എന്ന് സ്ഥാപിക്കാന്‍ അനാരോഗ്യകരമായ ശ്രമമാണോ നടക്കുന്നതെന്ന് പരിശോധിക്കണമെന്നും മലയാളിയുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന നിലപാട് കൂടിയാണ് അതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

പിഎംഎവൈയുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നായിരുന്നു മാധ്യമങ്ങളെ കണ്ട് കെ എം ഷാജി വിശദീകരിച്ചത്. ലോഗോയില്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ലെന്നും പാവപ്പെട്ട മനുഷ്യര്‍ക്ക് കിട്ടുന്ന വീടുകള്‍ ലോഗോയുടെ പേരില്‍ മുടക്കേണ്ടതില്ലെന്നും ഷാജി പറഞ്ഞു. 'ഫോട്ടോ വയ്ക്കാനാകില്ല എന്ന് പറഞ്ഞാണ് കഴിഞ്ഞ സര്‍ക്കാര്‍ പിഎംഎവൈ പദ്ധതി എതിര്‍ത്തത്. പിഎംഎവൈ വീടുകളില്‍ വയ്ക്കുന്ന എംബ്ലങ്ങളില്‍ പ്രധാനമന്ത്രിയുടെ പടമില്ല. മോദിയുടെ പടമുളള എംബ്ലം വയ്ക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. കഴിഞ്ഞ 10 വര്‍ഷം കേരളത്തില്‍ 5 ലക്ഷം വീടുകള്‍ നല്‍കിയെന്ന കണക്കാണ് നിയമസഭയില്‍ കൊടുത്തത്. ഇതില്‍ ലൈഫ് മിഷന്‍ നല്‍കിയ 1.60 ലക്ഷം വീടുകള്‍ പിഎംഎവൈ പദ്ധതി പ്രകാരം നിര്‍മ്മിച്ചവയാണ്. നഗരമേഖലയില്‍ 1.20 ലക്ഷം വീടുകളും റൂറല്‍ മേഖലയില്‍ 38,000 വീടുകളുമാണ് നല്‍കിയത്. പിഎംഎവൈയുടെ വീടുകളിലെല്ലാം എംബ്ലമുണ്ട്. എന്നാല്‍ ആ എംബ്ലത്തില്‍ പ്രധാനമന്ത്രിയുടെ പടവുമില്ല, പേരുമില്ല. വീടുകളില്‍ എംബ്ലം വയ്ക്കുന്നതില്‍ തെറ്റില്ലെന്നാണ് താൻ പറഞ്ഞത്. കേരളത്തില്‍ പിഎംഎവൈ പ്രകാരം നല്‍കിയ 1.60 ലക്ഷം വീടുകളില്‍ ഏതെങ്കിലും ഒന്നില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ കാണിച്ചുതന്നാല്‍ താൻ തെറ്റ് സമ്മതിക്കാം എന്നും കെ എം ഷാജി പറഞ്ഞിരുന്നു.

Content Highlights: PA Mohamed Riyas criticize Minister KM Shaji over his remarks on the PMAY emblem, alleging that Shaji's stance reflects a complete allegiance to the BJP and aids communal politics.

To advertise here,contact us