പത്തനംതിട്ട: യാത്രക്കാരെ കുത്തിനിറച്ച് ഗവിയിലേക്ക് കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യ യാത്ര. അനുവദനീയമായതിലും മൂന്നിരട്ടി യാത്രക്കാരുമായാണ് ഓടുന്നതെന്നാണ് പരാതി. അപകടകരമായ വളവുകളുള്ള വനപാത ആയതിനാല്‍ അപകടസാധ്യത ഏറെയാണ്. ഭൂരിഭാഗം ഇടങ്ങളിലും വാര്‍ത്താ വിനിമയ സൗകര്യമില്ല. മഴക്കാലം കൂടിയായതിനാൽ റോഡുകളും അപകടാവസ്ഥയിലാണ്.
സ്ത്രീ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നൂറിലധികം യാത്രക്കാരുമായാണ് ബസ് യാത്ര. തുടർന്ന് പരാതിയുമായി സ്ഥിരം യാത്രക്കാര്‍ രംഗത്തെത്തി. ബസ്സില്‍ കാലുകുത്താന്‍ ഇടമില്ലെന്നാണ് തദ്ദേശ വാസികള്‍ പറയുന്നത്. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്ക് ദിനംപ്രതി രണ്ട് ട്രിപ്പുകളാണുള്ളത്. പുലർച്ചെ അഞ്ചരയ്ക്കും ശേഷം ആറരയ്ക്കുമാണ് ഗവിയിലേക്ക് സർവ്വീസുള്ളത്. ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും നാട്ടുകാരടക്കം ആവശ്യപ്പെടുന്നുണ്ട്.
സ്ത്രീകൾക്കും ട്രാൻസ് വുമൺസിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണ് പ്രിയദർശിനി. സൗജന്യ യാത്രയ്ക്കായി സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായമുൾപ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിച്ചതിനാൽ വിദ്യാർത്ഥിനികൾക്ക് ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ കൺസെഷൻ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' എന്ന് എഴുതിയിട്ടുണ്ടാകും.
Content Highlights: Overcrowding Reported During KSRTC Priyadarshini Free Trip to Gavi