വീര്യം കുറഞ്ഞ മദ്യം: 'നികുതി ഇളവിനുള്ള നിർദേശം ധനകാര്യ ബില്ലിൽ ചേർത്ത ശേഷം UDF ചർച്ചയ്ക്ക് എന്ത് പ്രസക്തി?'

നീക്കം മദ്യക്കമ്പനിയുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള അടവ് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വികുതി ഇളവിനുള്ള നിര്‍ദേശം ധനകാര്യ ബില്ലില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ബജറ്റിനൊപ്പം നികുതി ഇളവുകള്‍ നിയമമാക്കുന്ന ഫിനാന്‍സ് ബില്‍ സഭ അംഗീകരിച്ചാല്‍ അത് നിയമമായി മാറുമെന്നും അത് നടപ്പാക്കുന്നത് തടയാന്‍ യുഡിഎഫിന് നിയമപരമായി കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ബില്‍ പാസ്സായി നിയമത്തിന്റെ ഭാഗമാവുന്ന നികുതി നിര്‍ദേശം എക്‌സിക്യുട്ടീവ് ഉത്തരവ് മൂലം മരവിപ്പിക്കാനും കഴിയില്ല. അപ്പോള്‍ ആ നികുതിയിളവിനുള്ള നിര്‍ദേശം ഫിനാന്‍സ് ബില്ലില്‍ ചേര്‍ത്ത ശേഷം യുഡിഎഫ് ചര്‍ച്ചക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് പിണറായി വിജയന്‍ ചോദിച്ചു. ഈ നീക്കം മദ്യക്കമ്പനിയുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള അടവ് മാത്രമാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ബജറ്റ് അവതരിപ്പിച്ച സമയം മുതല്‍ അതിലുള്ള പ്രഖ്യാപനങ്ങളെ ന്യായീകരിച്ച് സംസാരിച്ച മുഖ്യമന്ത്രി ബജറ്റിലെ നിര്‍ദേശങ്ങള്‍ നയപരമായി തങ്ങളുടെ രാഷ്ട്രീയ നിലപാടാണ് എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. പക്ഷെ മദ്യനികുതി ഇളവിന്റെ കാര്യം വന്നപ്പോള്‍ യുഡിഎഫ് തീരുമാനം ആയിട്ടില്ലെന്ന വിചിത്ര വാദമാണ് പറഞ്ഞത്. പ്രതിപക്ഷവും മാധ്യമങ്ങളും ഒപ്പം മതസാമുദായിക സംഘടനകളും ഉയര്‍ത്തിയ അതിശക്തമായ വിമര്‍ശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികളും ഉന്നയിച്ച എതിര്‍പ്പും ആശങ്കയും മദ്യനികുതി ഇളവ് കൂട്ടായ തീരുമാനമായിരുന്നില്ല എന്നതിന്റെ തെളിവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എക്‌സൈസ് നയത്തിലെ മാറ്റം അറിഞ്ഞില്ലെന്ന നിലയാണ് എക്‌സൈസ് മന്ത്രിയും പങ്കുവെച്ചത്. ധനകാര്യ വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഏകപക്ഷീയമായി മദ്യനയത്തില്‍ കൈകടത്തി എന്ന അതൃപ്തിയാണ് ഭരണമുന്നണിയില്‍ നിന്ന് തന്നെ ഉയര്‍ന്നു വരുന്നത്. ഇതിനെല്ലാം പരിഹാരമായി പറഞ്ഞ യുഡിഎഫ് ചര്‍ച്ച ഫിനാന്‍സ് ബില്‍ സഭ അംഗീകരിച്ചു കഴിഞ്ഞാല്‍ പ്രഹസനമാവും. ധനകാര്യവകുപ്പ് അതാത് ഭരണ വകുപ്പില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ബജറ്റ് നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്ന സുതാര്യ നടപടി ക്രമത്തില്‍ നിന്നും ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്വന്തം താല്‍പ്പര്യം മറ്റ് വകുപ്പുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് കാണുന്നത്. കോണ്‍ഗ്രസ് നേതൃത്വമാണ് ഇത് ഗൗരവതരമായി പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സ്വകാര്യ മദ്യലോബിയെ സഹായിക്കാനുള്ള ബജറ്റിലെ നികുതിയിളവ് സംബന്ധിച്ച നിയമസഭയിലെ ചര്‍ച്ചയില്‍ ബജറ്റ് നിര്‍ദ്ദേശം യുഡിഎഫില്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ നടപ്പാക്കൂ എന്നാണല്ലോ മുഖ്യമന്ത്രി പ്രസ്താവിച്ചത്. പക്ഷെ സഭയില്‍ അവതരിപ്പിക്കുന്ന ഫിനാന്‍സ് ബില്ലില്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 10% വരെ 120 ശതമാനവും 10 മുതല്‍ 20 വരെ 175 ശതമാനവും ആയി ഇളവ് ചെയ്യാനുള്ള ഭേദഗതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ്. ഇതാവട്ടെ വീര്യം കുറഞ്ഞ മദ്യം Horti wine കാറ്റഗറിയോട് ചേര്‍ത്താണ് ഭേദഗതി നിര്‍ദ്ദേശിച്ചതില്‍ കാണുന്നത്. ഇതാദ്യമായാണ് വീര്യം കുറഞ്ഞ സ്പിരിറ്റ് അധിഷ്ടിത ഐഎംഎഫ്എല്‍ കാറ്റഗറിക്ക് സംസ്ഥാനത്ത് നികുതി ഇളവ് നല്‍കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു എന്ന ദുരാരോപണം സ്വയം പൊളിയുന്ന കാഴ്ചയാണ് ഫിനാന്‍സ് ബില്ലിലെ ഇളവ് നിര്‍ദ്ദേശം.

ബജറ്റിനൊപ്പം നികുതി ഇളവുകള്‍ നിയമമാക്കുന്ന ഫിനാന്‍സ് ബില്‍ സഭ അംഗീകരിച്ചാല്‍ അത് നിയമമായി മാറും. അത് നടപ്പാക്കുന്നത് തടയാന്‍ യുഡിഎഫിന് നിയമപരമായി കഴിയില്ല. ബില്‍ പാസ്സായി നിയമത്തിന്റെ ഭാഗമാവുന്ന നികുതി നിര്‍ദ്ദേശം എക്‌സിക്യുട്ടീവ് ഉത്തരവ് മൂലം മരവിപ്പിക്കാനും കഴിയില്ല. അപ്പോള്‍ ആ നികുതിയിളവിനുള്ള നിര്‍ദ്ദേശം ഫിനാന്‍സ് ബില്ലില്‍ ചേര്‍ത്ത ശേഷം യുഡിഎഫ് ചര്‍ച്ചക്ക് എന്ത് പ്രസക്തിയാണ് ഉള്ളത്? ഈ പുകമറ മദ്യക്കമ്പനിയുടെ വഴിവിട്ട ആവശ്യം അംഗീകരിക്കാനുള്ള അടവ് മാത്രമാണ്.

ബജറ്റ് അവതരിപ്പിച്ച സമയം മുതല്‍ അതിലുള്ള പ്രഖ്യാപനങ്ങളെ ന്യായീകരിച്ച് സംസാരിച്ച മുഖ്യമന്ത്രി ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ നയപരമായി തങ്ങളുടെ രാഷ്ട്രീയ നിലപാടാണ് എന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. പക്ഷെ മദ്യനികുതി ഇളവിന്റെ കാര്യം വന്നപ്പോള്‍ യുഡിഎഫ് തീരുമാനം ആയിട്ടില്ലെന്ന വിചിത്ര വാദമാണ് പറഞ്ഞത്. പ്രതിപക്ഷവും മാധ്യമങ്ങളും ഒപ്പം മതസാമുദായിക സംഘടനകളും ഉയര്‍ത്തിയ അതിശക്തമായ വിമര്‍ശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികളും ഉന്നയിച്ച എതിര്‍പ്പും ആശങ്കയും മദ്യനികുതി ഇളവ് കൂട്ടായ തീരുമാനമായിരുന്നില്ല എന്നതിന്റെ തെളിവാണ്.

എക്‌സൈസ് നയത്തിലെ മാറ്റം അറിഞ്ഞില്ലെന്ന നിലയാണ് എക്‌സൈസ് മന്ത്രിയും പങ്കുവെച്ചത്. ധനകാര്യ വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഏകപക്ഷീയമായി മദ്യനയത്തില്‍ കൈകടത്തി എന്ന അതൃപ്തിയാണ് ഭരണമുന്നണിയില്‍ നിന്ന് തന്നെ ഉയര്‍ന്നു വരുന്നത്. ഇതിനെല്ലാം പരിഹാരമായി പറഞ്ഞ യുഡിഎഫ് ചര്‍ച്ച ഫിനാന്‍സ് ബില്‍ സഭ അംഗീകരിച്ചു കഴിഞ്ഞാല്‍ പ്രഹസനമാവും. ധനകാര്യവകുപ്പ് അതാത് ഭരണ വകുപ്പില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്ന സുതാര്യ നടപടി ക്രമത്തില്‍ നിന്നും ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്വന്തം താല്‍പ്പര്യം മറ്റ് വകുപ്പുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് കാണുന്നത്. കോണ്‍ഗ്രസ് നേതൃത്വമാണ് ഇത് ഗൗരവതരമായി പരിശോധിക്കേണ്ടത്.

തിരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞ 'ടീം യുഡിഎഫ്' സങ്കല്‍പ്പം പോലും സ്വകാര്യവല്‍ക്കരിച്ചിരിക്കുന്നു. മദ്യ കമ്പനികളും തീരദേശം കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന കുത്തകകളുമാണ് ടീം യുഡിഎഫിലെ പുതിയ സഖ്യകക്ഷികള്‍. മുന്നണിയോ മന്ത്രിസഭയോ അറിയാതെ മുഖ്യമന്ത്രി ഏകപക്ഷീയമായി നിര്‍ണ്ണായക തീരുമാനമെടുത്ത ഒട്ടനവധി സന്ദര്‍ഭങ്ങളാണ് കഴിഞ്ഞ ഒരു മാസത്തില്‍ നടന്നത്. മദ്യത്തിന് നികുതി ഇളവ് നല്‍കാനുള്ള തെറ്റായ തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം

Content Highlights- The Opposition Leader criticized the UDF over discussions on the tax concession for low-alcohol liquor

To advertise here,contact us