കൊച്ചി: ഇ ഡി ആക്രമണക്കേസില്‍ പ്രതിക്കായി അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടര്‍ക്കെതിരെ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. പ്രോസിക്യൂട്ടര്‍ ടി ഗീനാ കുമാരിയെ ഉടന്‍ നീക്കും. രണ്ട് മണിക്കൂറിനുളളില്‍ ഉത്തരവ് ഇറങ്ങുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പുതിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നാളെ കേസിന് ഹാജരാകും. പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്ന പ്രോസിക്യൂട്ടറെ മാറ്റുകയാണെന്നും ഇ ഡിയെ ആക്രമിച്ച കേസ് വളരെ ഗൗരവമുളളതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എല്‍ഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട പ്രോസിക്യൂട്ടറാണ് ഗീനാ കുമാരി. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ റെയ്ഡിന് പിന്നാലെ പുറത്തിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അരുള്‍ ബി കൃഷ്ണ പരാതി നല്‍കിയിരുന്നു. പ്രോസിക്യൂട്ടര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നുമാണ് കമ്മീഷണര്‍ പരാതിയില്‍ പറഞ്ഞത്. പൊലീസ് റിപ്പോര്‍ട്ടിന് കടകവിരുദ്ധമായി വാദിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒന്‍പതാം പ്രതി ഹരീഷ് കുമാറിനെ കസ്റ്റഡിയില്‍ വേണ്ടെന്ന് ഗീനാ കുമാരി കോടതിയില്‍ വാദത്തിനിടെ പറഞ്ഞിരുന്നു. ജാമ്യത്തിനെതിരെയുളള പൊലീസ് റിപ്പോര്‍ട്ടിന് വിരുദ്ധമായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. ഇതോടെയാണ് ഗീനാകുമാരിയെ നീക്കാന്‍ തീരുമാനമായത്. ഒരു പ്രോസിക്യൂട്ടര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയിലെത്തുന്നത് അപൂര്‍വ്വമാണ്.
Content Highlights: Following intense backlash and a police complaint, the Kerala government is likely to remove Public Prosecutor T. Geena Kumari for failing to oppose the bail plea of an accused in the ED officials' assault case.