തിരുവനന്തപുരം: എഫ്സിആര്‍എ ചട്ട ഭേദഗതിക്കെതിരെ കത്തോലിക്ക സഭയുടെ രാജ്യവ്യാപക പ്രതിഷേധം. എഫ്സിആര്‍എ ചട്ട ഭേദഗതി ബില്‍ വര്‍ഷകാല സമ്മേളനത്തില്‍ കൊണ്ടുവരുന്നതിന് എതിരെ കത്തോലിക്കാ മെത്രാന് സമിതിയുടെ ആഹ്വാന പ്രകാരം ഇന്ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. നിയമഭേദഗതിയിലെ വ്യവസ്ഥകളെക്കുറിച്ചുള്ള ആശങ്ക അറിയിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്ന് കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
രാജ്യവ്യാപകമായി നിയമങ്ങള്‍ കടുപ്പിക്കുന്നതിനെതിരെ ക്രൈസ്തവ സംഘടനകള്‍ തുടങ്ങുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രാര്‍ഥന. കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ ക്രൈസ്തവരുടെ അടക്കമുള്ള സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം വിലക്കുന്നതാണെന്ന്സിബിസിഐ വ്യക്തമാക്കി.
എഫ്സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ ക്രൈസ്തവ സഭകള്‍ കടുത്ത ആശങ്കയ അറിയിച്ചിരുന്നു. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര യോഗം വിളിച്ചിരുന്നു. ചട്ട ഭേദഗതി നിയവിരുദ്ധമെന്നാണ് സഭകളുടെ വിമര്‍ശനം. വിദേശ സംഭാവന സ്വീകരിക്കാനും ചെലവഴിക്കാനും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ എഫ്സിആര്‍എ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്.
എഫ്സിആര്‍എ നിയമഭേദഗതി ബില്ല് വീണ്ടും പാര്‍ലമെന്റില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായാണ് പുതിയ ചട്ട ഭേദഗതി. ദേവാലയങ്ങള്‍ നവീകരിക്കുക, വേദഗ്രന്ധങ്ങള്‍ അച്ചടിക്കുക തുടങ്ങി 105 തരം പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഇനിമുതല്‍ വിദേശ ഫണ്ട് ഉപയോഗിക്കാനാകൂ. ഏത് തരം പ്രവര്‍ത്തനത്തിനാണ് പണം ചെലവഴിക്കുന്നത് എന്നത് രജിസ്ട്രേഷന് സമയത്ത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം. മത പരിവര്‍ത്തനത്തിന് പണം ചെലവഴിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്. രണ്ട് വര്‍ഷത്തിനിടയില്‍ 10 ലക്ഷം രൂപയെങ്കിലും ചെലവഴിക്കുന്ന സ്ഥാപനങ്ങള്‍ക്കേ എഫ്സിആര്‍എ ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. ഇതടക്കം കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച പുതിയ ഭേദഗതി തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായി.
കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് രാജ്യത്തെ ക്രൈസ്തവ സഭകള്‍. എഫ്സിആര്‍എ അടിയന്തര യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ പ്രഖ്യാപിക്കുമെന്ന് സഭകൾ അറിയിച്ചിരുന്നു. ഞായറാഴ്ച ദേശീയ പ്രാര്‍ഥനാ ദിനമായി ആചരിക്കുമെന്നും സഭാ നേതൃത്വം അറിയിച്ചിരുന്നു.
Content Highlights: The Catholic Church has protested against the proposed amendments to the FCRA rules. Special prayers are being held in churches today as part of the protest