പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ഇന്ന് ചേരുന്ന യോഗത്തില്‍ തുടര്‍നടപടി സംബന്ധിച്ച് തീരുമാനമുണ്ടാകും

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുള്ള യാത്ര വൈകിയതില്‍ കേരളാ ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. കേരളാ ഹൗസ് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇന്ന് ചേരുന്ന യോഗത്തില്‍ തുടര്‍നടപടി സംബന്ധിച്ച തീരുമാനമുണ്ടാകും.

പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ച കാരണം പിണറായി വിജയന്റെ യാത്ര മണിക്കൂറുകളോളം വൈകിയിരുന്നു. നാല് മണിക്കൂറിലധികം വൈകിയാണ് അദ്ദേഹത്തിന് യാത്ര തിരിക്കാനായത്. ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

സംഭവത്തില്‍ വിമാനക്കമ്പനിയെ പഴിചാരിയാണ് കേരള ഹൗസ് രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ യാത്ര വിമാന കമ്പനിയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ബോര്‍ഡിങ് ആരംഭിച്ച വിവരം കമ്പനി അധികൃതര്‍ അറിയിച്ചില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം പരിശോധിക്കും.

ഡല്‍ഹിയില്‍ നിന്ന് 2.50 ന് കോഴിക്കോട്ടേയ്ക്ക് തിരിക്കുന്ന വിമാനത്തിലായിരുന്നു പിണറായി വിജയന് പോകേണ്ടിയിരുന്നത്. ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായി പൊളിറ്റ് ബ്യൂറോ യോഗം കഴിയുന്നതിന് മുന്നേ തന്നെ അദ്ദേഹം പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് ഇറങ്ങിയിരുന്നു. കേരളാ ഹൗസില്‍ എത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമായിരുന്നു വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്.

വിമാനത്താവളത്തില്‍ എത്തിയ ശേഷം ലോഞ്ചില്‍ വിശ്രമിക്കുകയായിരുന്ന പിണറായി വിജയന് കൃത്യസമയത്ത് അറിയിപ്പ് ലഭിച്ചില്ല. ഇതാണ് യാത്ര മുടങ്ങാന്‍ കാരണമായതെന്നാണ് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. പ്രാട്ടോക്കോള്‍ വിഭാഗത്തിന്റെ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന് പിന്നീട് വ്യക്തമായി. പിണറായി വിജയന്‍ വരുന്ന കാര്യം പ്രോട്ടോക്കോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്‍ഡിഗോയെ അറിയിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയത്. ഇതിന് ശേഷം 7.15ന്റെ വിമാനത്തില്‍ പിണറായി വിജയന്‍ കണ്ണൂരിലേക്ക് പോയി. ഈ വിമാനം 25 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.

Content Highlights: Action Likely Against Kerala House Officials Over Pinarayi Vijayan's Travel Delay.

To advertise here,contact us