തിരുവനന്തപുരം: ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് ആരതിയുടെ കുടുംബം. ആരതിയും അതുലും തമ്മില്‍ ഇടയ്ക്കിടെ വഴക്ക് കൂടാറുണ്ടെന്നും അതുലിനെ അത്രത്തോളം സ്നേഹിക്കുന്നതുകൊണ്ട് വിട്ടുവരാന്‍ പറ്റില്ലെന്നാണ് മകള്‍ പറഞ്ഞതെന്നും അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
അതുലിന് ആദ്യം ഒരു ബന്ധമുണ്ടായിരുന്നു. ആ പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തിരുന്നു. പെണ്‍കുട്ടിയെ വെച്ച് താരതമ്യം ചെയ്ത് സംസാരിക്കുമായിരുന്നുവെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു. സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന കാര്യം മറച്ചു വെച്ചാണ് കല്യാണം കഴിച്ചതെന്നും അവര്‍ പറഞ്ഞു. പ്രശ്നങ്ങളുണ്ടായപ്പോള്‍ കൗണ്‍സിലിംഗിനൊക്കെ പോയതാണെന്നും പിന്നീട് കുറച്ചുനാള്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ആരതിയുടെ അച്ഛനും പ്രതികരിച്ചു. അതുലിന്റെ വീട്ടില്‍ നില്ക്കാന് പറ്റില്ലെന്ന് പറഞ്ഞിരുന്നു. അതുലിന്റെ അച്ഛന് ചീത്ത പറയുമായിരുന്നു. അതൊക്കെ മകള്‍ക്ക് വിഷമമായിരുന്നുവെന്നും അച്ഛന് പറഞ്ഞു.
'എല്ലാം എന്നോട് പറയാറില്ല. കുറച്ചുകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇടയ്ക്കിടെ വഴക്ക് കൂടാറുണ്ട്. അവനെ അത്രത്തോളം സ്നേഹിക്കുന്നതുകൊണ്ട് വിട്ടുവരാന്‍ പറ്റില്ലെന്നാണ് അവള് പറഞ്ഞത്. വിളിച്ചുകൊണ്ടു വരാന്‍ വരണ്ട എന്ന് പറഞ്ഞു. ആറുമാസം ആയപ്പോഴെ മര്‍ദ്ദനത്തെക്കുറിച്ച് പറഞ്ഞു. മദ്യപിച്ച് വന്ന് അതുല്‍ മര്‍ദ്ദിക്കും. മാര്‍ച്ചിലെ സംഭവത്തിന് ശേഷം പ്രശ്നങ്ങളുള്ളതായി അവള് പറഞ്ഞിട്ടില്ല. അതിനുശേഷം വളരെ സന്തോഷത്തോടെയാണ് ഇവിടെ വന്നത്. അതുലിന് കടം ഉണ്ടായിരുന്നു. 50 ലക്ഷത്തോളം ഉണ്ടെന്നാണ് അവള് പറഞ്ഞത്. അത് തീര്‍ക്കാന്‍ പണം ആവശ്യപ്പെട്ടു. സ്വര്‍ണം പണയം വെച്ചിരുന്നു.
അതുലിന്റെ വീട്ടുകാര്‍ക്കും മര്‍ദ്ദനത്തിന്റെ കാര്യം അറിയാം. അവര്‍ ഒന്നിലും ഇടപ്പെട്ടില്ല. അതുലിന് ആദ്യം ഒരു ബന്ധമുണ്ടായിരുന്നു. ആ പെണ്‍കുട്ടിയും ആത്മഹത്യ ചെയ്തു. ആ പെണ്‍കുട്ടിയെ വെച്ച് താരതമ്യം ചെയ്ത് സംസാരിക്കുമായിരുന്നുവെന്നും മകള്‍ പറഞ്ഞിരുന്നു. അതിനുശേഷവും വേറൊരു ബന്ധമുണ്ടായിരുന്നു. വിവാഹത്തിന് മുമ്പാണ്. അതുലിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന കാര്യം മറച്ചു വെച്ചാണ് കല്യാണം കഴിച്ചത്', അമ്മ പറഞ്ഞു.
'എനിക്കെന്റെ കൊച്ചിനെയാണ് നഷ്ടപ്പെട്ടത്. പ്രശ്നങ്ങളുണ്ടായപ്പോള്‍ കൗണ്‍സിലിംഗിനൊക്കെ പോയതാണ്. അതുലിന്റെ വീട്ടില്‍ നില്ക്കാന് പറ്റില്ലെന്നൊക്കെ പറഞ്ഞിരുന്നു. അതുലിന്റെ അച്ഛന് ചീത്ത പറയുമായിരുന്നു. അതൊക്കെ അവള്‍ക്ക് വിഷമമായിരുന്നു. നിയമ പരമായി മുന്നോട്ട് പോകും', ആരതിയുടെ അച്ഛൻ പ്രതികരിച്ചു.
Content Highlights: Attukal Woman's Death: Aarathi's Family to Pursue Legal Action