തിരുവനന്തപുരം: പിആര്‍ഡി ഉദ്യോഗസ്ഥനായ പ്രതീഷ് മണിയെ ചലച്ചിത്ര അക്കാദമിയില്‍ മാനേജരായി നിയമിക്കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്. ഇരുണ്ട കാലം എന്ന പേരില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ ചട്ടവിരുദ്ധമായി ക്യാമ്പെയ്ന് നടത്താന്‍ നേതൃത്വം നല്കിയ ആളാണ് പ്രതീഷ് മണിയെന്നും നടപടിയെടുക്കുന്നതിന് പകരം പ്രധാന പദവി നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഷാജഹാന് പറഞ്ഞു. മന്ത്രി പി സി വിഷ്ണുനാഥിന് അയച്ച കത്തിലാണ് ഷാജഹാന് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പ്രതീഷ് മണിയെ നിയമിക്കാനുള്ള തീരുമാനം സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കാണിക്കുന്ന ക്രൂരതയാണെന്നും ഷാജഹാന് വിമര്‍ശിച്ചു. ഒരു ഡസനിലേറെ കേസുകളാണ് പാര്‍ട്ടിക്ക് വേണ്ടി പോരാടിയതിന്റെ പേരില്‍ താന്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ നേരിടുന്നത്. നിരവധി തവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. പൊലീസിന്റെയും സിപിഐഎം പ്രവര്‍ത്തകരുടെയും ക്രൂര മര്‍ദ്ദനത്തിനും പലവട്ടം ഇരയായിട്ടുണ്ട്. തങ്ങളെയാകെ അവഹേളിക്കുന്ന തീരുമാനം കൂടിയാണ് താങ്കളുടെ വകുപ്പ് എടുത്തിരിക്കുന്നതെന്നും ഷാജഹാന് കുറ്റപ്പെടുത്തി.
ഇടതുപക്ഷ അനുകൂല പിആര്‍ഡി ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളില്‍ നിയമിക്കാനുള്ള നീക്കത്തില്‍ നിന്ന് മന്ത്രി പിന്മാറുമെന്ന് വിശ്വസിക്കുന്നു. മുന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്നവരെ പോലും പിആര്‍ഡിയില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ലാവണങ്ങളിലേക്ക് മാറ്റി പ്രതിഷ്ഠിച്ചതായും അറിയുന്നു. പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന നടപടികളാണിതെല്ലാം. പ്രതീഷ് മണിയെ ചലച്ചിത്ര അക്കാദമി മാനേജരാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും ഷാജഹാന് ആവശ്യപ്പെട്ടു.
Content Highlights- A former Youth Congress state secretary criticised the decision to appoint a leader to a key position, arguing that disciplinary action should have been taken instead