തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനവും വിവാദത്തില്‍. എന്‍ ശേഷാദ്രിനാഥനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് രംഗത്തെത്തി. ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്നും തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും പി എം നിയാസ് പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിയാസ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, മുഖ്യമന്ത്രി വി ഡി സതീശന്, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവര്‍ക്ക് കത്ത് നല്കി.
ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച മന്ത്രിസഭായോഗ തീരുമാനം അത്യധികം വേദനയോടെയാണ് അറിഞ്ഞതെന്ന് പി എം നിയാസ് പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണ ചുമതലയുള്ള ജുഡീഷ്യല്‍ അധികാരങ്ങളുള്ള തസ്തികയാണിത്. കൂടാതെ നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ഡീലിമിറ്റേഷന്‍ കമ്മീഷനില്‍ ഒരു സ്ഥിരാംഗം കൂടിയാണ് ഈ തസ്തിക. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതും പാര്‍ട്ടിയുടെയും മുന്നണിയുടെയും രാഷ്ട്രീയ താല്പര്യങ്ങള്ക്ക് ഏറെ വിലകല്‍പ്പിക്കുന്ന പദവിയുമാണിതെന്ന് നിയാസ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ശേഷാദ്രിനാഥന് ജനിച്ചതും പഠിച്ചതും പ്രാക്ടീസ് ആരംഭിച്ചതും താന്‍ ജനപ്രതിനിധിയായിരുന്ന ചാലപ്പുറത്താണ്. താന്‍ കെഎസ്യു ജില്ലാ പ്രസിഡന്റായിരുന്ന കാലത്ത് ഇദ്ദേഹം ഉറച്ച എസ്എഫ്ഐ പ്രവര്‍ത്തനും നേതാവുമായിരുന്നു. ലോ-കോളേജിലും കെഎസ്യു പ്രസ്ഥാനത്തിനെതിരെ ശക്തമായ നിലപാടെടുത്ത വ്യക്തിയാണ്. അക്കാലത്ത് കെഎസ്യുവിന് വേണ്ടി നിലയുറപ്പിച്ചവരും ഒരുപാട് മര്‍ദ്ദനങ്ങളും പീഡനങ്ങളും സഹിച്ചവരും ഇന്ന് ഈ തസ്തികയിലേക്ക് പരിഗണിക്കപ്പെട്ടവരായി ഉണ്ടായിരുന്നു എന്നതും ഖേദകരമാണെന്നും നിയാസ് പറയുന്നു.
പത്ത് വര്‍ഷക്കാലം സിപിഐഎമ്മിന്റെയും എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെയും കൊടിയ മര്‍ദ്ദനങ്ങളെയും കിരാതമായ ഭീഷണികളെയും എതിരിട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആയിരക്കണക്കിന് നേതാക്കളും പ്രവര്‍ത്തകരും പരിഗണിക്കപ്പെടേണ്ട സ്ഥാനങ്ങളില്‍ നിന്നും പുറംന്തള്ളപ്പെടുകയാണ്. ഇത് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന കാര്യമാണ്. സംഘിയായി പ്രവര്‍ത്തിച്ച് പാര്‍ട്ടിയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇന്ന് സുപ്രധാന തസ്തികയിലേക്ക് നമ്മുടെ ഭരണകാലത്ത് വാഴ്ത്തപ്പെടുന്നത് കണ്ട് നില്‍ക്കാനാവില്ല. ഒരു കാലത്തും പാര്‍ട്ടിയോടൊപ്പം നില്ക്കാത്തവര് നിരന്തരമായി പ്രധാന തസ്തികയില്‍ അവരോധിക്കപ്പെടുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്ന സാധാരണപ്രവര്ത്തകരുടേയും നേതാക്കളുടെയും അവസ്ഥ കെപിസിസി പ്രസിഡന്റിന് മനസിലാകുമല്ലോയെന്നും നിയാസ് ചോദിക്കുന്നു.
താങ്കളുടെ ജില്ലയില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയവരും വിട്ടുവീഴ്ചയില്ലാതെ ഏത് പ്രതിസന്ധികാലത്തും പാര്‍ട്ടിക്കൊപ്പം നിന്നവരും തഴയപ്പെടുന്നത് താങ്കള്‍ കൂടി പങ്കെടുക്കുന്ന മന്ത്രിസഭായോഗത്തില്‍ വെച്ചാണ് എന്ന് അറിയുന്നത് ഏറെ ദുഖകരമാണ്. പാര്‍ട്ടിയുടെ താഴെത്തട്ട് മുതല്‍ പ്രവര്‍ത്തിച്ചുവന്ന താങ്കള്‍ക്ക് പ്രവര്‍ത്തകരുടെ വികാരം ഉള്കൊള്ളാനാവുമെന്നാണ് കരുതുന്നത്. പാര്‍ട്ടിക്ക് വിലകൊടുക്കേണ്ടിവരുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിയമനം അടിയന്തരമായി നിര്‍ത്തിവെയ്ക്കണം. ഇക്കാര്യത്തില്‍ പുനരാലോചന നടത്തി പാര്‍ട്ടിക്ക് അഭിമതരായവരെ നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും നിയാസ് ആവശ്യപ്പെടുന്നുണ്ട്.
Content Highlights- KPCC General Secretary P M Niyas has called for a reconsideration of N Seshadrinathan's appointment