'അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏർപ്പെടുത്തും'; പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി

കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. അങ്കണവാടികളിൽ ആളുകളെ കടത്തിവിടുന്നതിന് ഉൾപ്പെടെ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ട് കിട്ടിയശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അങ്കണവാടികള്‍ക്കുള്ളിലേക്ക് ആളുകളെ കയറ്റി വിടുന്നതില്‍ കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ആശങ്കപ്പെടുത്തുന്നതായിരുന്നു. സംഭവത്തിൽ അങ്കണവാടി വര്‍ക്കറെ പിരിച്ചു വിടാന്‍ തീരുമാനിച്ചിരുന്നു. പുറത്തു നിന്നുള്ളവരെ അങ്കണവാടിയില്‍ പ്രവേശിപ്പിക്കരുതെന്ന നിര്‍ദേശം പാലിക്കാത്തതിനാണ് നടപടി ഉണ്ടായത്. വിശദമായ അന്വേഷണത്തിനും ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാനും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

കൊച്ചി എളമക്കരയിലെ അങ്കണവാടിയിലാണ് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. മൂന്നര വയസുകാരി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് കേസിലെ പ്രതി. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് എളമക്കര പൊലീസാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. മാതാപിതാക്കളായിരുന്നു കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Content Highlights: Minister Bindu Krishna has announced that stricter regulations will be introduced in Anganwadis across Kerala to improve safety, monitoring and the quality of services.

To advertise here,contact us