തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ്. നഗരസഭയില്‍ സമാധാനപരമായാണ് പ്രതിഷേധം നടത്തിയതെന്നും മേയര്‍ പൊലീസുകാരെ ഉള്‍പ്പെടെ ചവിട്ടി മെതിച്ചാണ് ഓഫീസിലെത്തിയതെന്നും വി ജോയ് ആരോപിച്ചു.
കൗണ്‍സിലര്‍ സിന്ധു ശശിയുടെ തലയില്‍ അടിയേറ്റ് ഏഴ് സ്റ്റിച്ചുകള്‍ ഇട്ടുവെന്നും അവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും ജോയ് പറഞ്ഞു. കൗണ്‍സിലര്‍ വീണയുടെ കാല് പൊട്ടി പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണെന്നും അവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായ സ്ഥിതിയാണെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തില്‍ മാധ്യമങ്ങളില്‍ എല്‍ഡിഎഫിന് വേണ്ടത്ര മേല്‍ക്കൈ കിട്ടിയിട്ടില്ലെന്നും നഗരസഭയില്‍ നടന്നത് നാടകമാണെന്നും വി ജോയ് ആരോപിച്ചു. 'ആര് സുഗതന്റെ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കണം. അതാണ് മേയറുടെ നേതൃത്വത്തില്‍ ബോധപൂര്‍വ്വം നടന്നത്. വരുംദിവസങ്ങളില്‍ സമരം ശക്തമാക്കും. ആര് സുഗതനെ കൗണ്‍സിലര്‍ സ്ഥാനത്തുനിന്നും പുറത്താക്കണം': വി ജോയ് പറഞ്ഞു.
തിരുവനന്തപുരം നഗരസഭ ഭരണ സ്തംഭനത്തിലാണെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടിയും പ്രതികരിച്ചു. തെരുവുനായ ശല്യം കാരണം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത് ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും ശിവന്‍കുട്ടി ആരോപിച്ചു. 'ആര് സുഗതനെ കാപ്പാ കേസില്‍ പെടുത്തിയത് ഇടതുപക്ഷമല്ല. അയാളുടെ പ്രവര്‍ത്തികൊണ്ടാണ് കാപ്പാ കേസില്‍ പെട്ടത്. ആര് സുഗതന് കൗണ്‍സിലര്‍ ആയത് ജനങ്ങളെ ഭീഷണിപ്പെടുത്തിയാണ്. വാഴോട്ടുകോണം വാര്‍ഡില്‍ ഞങ്ങള്‍ പോകും. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കും. സുഗതനെ രക്ഷപ്പെടുത്താന്‍ വേണ്ടി കൗണ്‍സിലുമായി ബന്ധപ്പെട്ട രേഖകളില്‍ തിരിമറി നടത്തിയിട്ടുണ്ട്. സുഗതന് കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല എന്നാണ് ഞങ്ങളുടെ വിശ്വാസം. സുഗതന് അയോഗ്യത കല്പ്പിച്ചാല് കോര്‍പ്പറേഷനില്‍ ബിജെപിക്ക് ഭരണം നഷ്ടമാകും': വി ശിവന്‍കുട്ടി പറഞ്ഞു.
രാജീവ് ചന്ദ്രശേഖര്‍ ഭീഷണിയുടെ സ്വരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാണ്. രാഷ്ട്രീയ കാര്യങ്ങള്‍ രാഷ്ട്രീയമായി പറഞ്ഞ് അവസാനിപ്പിക്കണം. കഴിഞ്ഞ ദിവസം നടന്ന സംഭവവികാസങ്ങള്‍ക്ക് കാരണം മേയര്‍ മാത്രമാണ്. ഇന്നലെ ഒരു കലാപം ഉണ്ടാക്കാനാണ് വി വി രാജേഷ് ശ്രമിച്ചത്. അതുവഴി സുഗതനെ രക്ഷപ്പെടുത്താനും ശ്രമം നടന്നു'- ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
സമരത്തില്‍ 18 കൗണ്‍സിലര്‍മാരാണ് പങ്കെടുത്തതെന്നും സമാധാനപരമായ സമരമാണ് നടന്നതെന്നും നഗരസഭയിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. എസ് ദീപക് പറഞ്ഞു. ആരെയും തടയുന്ന സമീപനം തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ജനാധിപത്യപരമായ സമരമാണ് നടന്നതെന്നും ദീപക് വ്യക്തമാക്കി. ' ഞങ്ങള്‍ അവിടെയെത്തിയ ആരെയെങ്കിലും തടയുന്ന ദൃശ്യങ്ങള്‍ കാണിച്ചുതരാന്‍ കഴിയുമോ? ഇന്നലെ നടന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളുടെ കയ്യിലുണ്ട്. അസത്യമായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അതൊട്ടും ശരിയായില്ല എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുളളത്. കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധു ഇന്ന് ആശുപത്രിയില്‍ കിടക്കുകയാണ്. പലര്‍ക്കും കാലുകള്‍ക്ക് പൊട്ടലുണ്ടായിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തില്‍ അതിക്രൂരമായ ആക്രമണമാണ് ഞങ്ങള്‍ക്കുനേരെ നടന്നത്': ദീപക് പറഞ്ഞു. കൗണ്‍സിലുമായി ബന്ധപ്പെട്ട ഹാജര്‍ രേഖ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നും തെരുവുനായ പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും ദീപക് പറഞ്ഞു. മാലിന്യ പ്രശ്നവും കുടിവെളള പ്രതിസന്ധിയും ഉള്‍പ്പെടെ അടിസ്ഥാന പ്രശ്നങ്ങള്‍ ഒന്നും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വെറും ഷോ ഓഫ് മാത്രമാണ് നടക്കുന്നതെന്നും ദീപക് കൂട്ടിച്ചേര്‍ത്തു.
Content Highlights: oy alleged that the recent drama witnessed in the Thiruvananthapuram Corporation was a deliberate attempt by the BJP to divert public attention from the controversy surrounding councillor R. Sugathan