ലഹരിക്കെതിരെ വീട്ടുവീഴ്ചയില്ല; പ്രതികൾക്കെതിരെ കാപ്പ ചുമത്തുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ലഹരിയുടെ വേരുകള്‍ ഇത്ര ആഴത്തില്‍ പോയിട്ടുണ്ടെന്ന് ഇപ്പോഴാണ് താന്‍ അറിയുന്നതെന്ന് രമേശ് ചെന്നിത്തല

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാറിനെ തൂഫാന്‍ വാരിയറായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ പിന്തുണയും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു. ലഹരിയുടെ വേരുകള്‍ ഇത്ര താഴെ പോയിട്ടുണ്ടെന്ന് ഇപ്പോഴാണ് താന്‍ അറിയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി വ്യാപനവും വില്‍പ്പനയും അവസാനിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി കോഫി വിത്ത് അരുണിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

'കേരള പൊലീസ് 3258 ബോധവല്‍ക്കരണ ക്ലാസും 224 കൗണ്‍സിലിങ്ങും നടത്തിയിട്ടുണ്ട്. 15 പേരെ റീഹാബിലിറ്റേഷന്‍ സെന്ററില്‍ അയച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് ഇതുവരെ 3790 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 4070 പേരെ അറസ്റ്റ് ചെയ്തു. അതില്‍ നിന്ന് 32 കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി കേസുകളും 131 ഇന്റര്‍മീഡിയറ്റ് ക്വാണ്ടിറ്റി കേസുകളും രജിസ്റ്റര്‍ ചെയ്തു. വലിയ രീതിയിലുള്ള സ്വീകാര്യത ഓപ്പറേഷന്‍ തൂഫാന് ലഭിക്കുന്നുണ്ട്', രമേശ് ചെന്നിത്തല പറഞ്ഞു.

ലഹരി വില്‍പ്പന അവസാനിപ്പിക്കാന്‍ പൊലീസ് മാത്രം വിചാരിച്ചാല്‍ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മള്‍ എല്ലാവരും അതിനോട് ചേരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കാസര്‍കോട് മേല്‍പ്പറമ്പ് പൊലീസ് നടത്തിയ റെയ്ഡില്‍ ഒരു പുകയില ഉല്‍പ്പന്ന കേന്ദ്രം കണ്ടെത്തി. ആയിരക്കണക്കിന് കുട്ടികള്‍ക്ക് വര്‍ണക്കടലാസില്‍ മിഠായി പോലെ പൊതിഞ്ഞ് വിതരണം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറി പ്രവര്‍ത്തിക്കുകയാണ്. ലക്ഷക്കണക്കിന് ലഹരിമിഠായികള്‍ ഉണ്ടാക്കുകയാണ്. അതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. നമ്മുടെ കുട്ടികളെ ചെറിയ പ്രായത്തില്‍ വിഷമിഠായികള്‍ കൊടുത്ത് അവരെ വലയിലാക്കാന്‍ ശ്രമിക്കുന്ന കശ്മലന്മാരെ കാപ്പ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിയമത്തിന് മുന്നില്‍ കൊണ്ട് വരും. സ്വത്തുക്കള്‍ കണ്ടുകെട്ടും', രമേശ് ചെന്നിത്തല പറഞ്ഞു.

നിരന്തരമായി ഗുണ്ടാപ്രവര്‍ത്തനം നടത്തുകയും ലഹരിപദാര്‍ത്ഥങ്ങളുടെ ഏജന്റായി മാറുകയും ചെയ്യുന്നവര്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സ്വത്തുക്കള്‍ കണ്ടുകെട്ടും, നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഗുണ്ടയാണേലും അല്ലെങ്കില്‍ ഇതെല്ലാം നിര്‍ത്തണം. ഈ പരിപാടി കേരളത്തില്‍ നടത്തില്ല, ഒരു വിട്ടുവീഴ്ചയുമില്ല, ഓപ്പറേഷന്‍ തൂഫാന് ജനപിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ക്ലബുകള്‍, കലാസാംസ്‌കാരിക ഗ്രൂപ്പുകള്‍ തുടങ്ങിയ എല്ലാവരും ഓപ്പറേഷന്‍ തൂഫാന് പിന്തുണ നല്‍കുന്നുണ്ട്. അമ്മമാരാണ് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത്. വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ യോഗം വിളിക്കും. വിപത്തിനെ ഓടിക്കാന്‍ നമുക്ക് കഴിയണം. അതിന് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്', രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരും രംഗത്തിറങ്ങി ബോധവല്‍ക്കരണം നടത്തുന്നു. പണ്ട് ജനങ്ങള്‍ക്ക് ഗുണ്ടകളെ പേടിയായിരുന്നു, ഇപ്പോള്‍ നേരെ തിരിച്ചാണ് ഗുണ്ടകള്‍ക്ക് ജനങ്ങളെയും പൊലീസിനെയും പേടിയാണ്. എല്ലാവരെയും കൂട്ടി പ്രവര്‍ത്തിക്കുന്നതാണ് ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ടം. റീഹാബിലിറ്റേഷനാണ് മൂന്നാം ഘട്ടം. നിരവധിപ്പേരെ റീഹാബിലിറ്റേഷന് വിധേയമാക്കി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും. സൈക്യാട്രിസ്റ്റുകളെ എല്ലാ സ്‌കൂളുകളിലും കൊണ്ടുപോയി ക്ലാസ് എടുത്ത് കുട്ടികളുടെ സ്വഭാവം പഠിക്കാന്‍ വേണ്ടി തീരുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കുമെന്ന വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ഘട്ടം ഘട്ടമായി മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറച്ചുകൊണ്ടുവരികയാണ് എന്നതാണ് കോണ്‍ഗ്രസിന്റെ നയം. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ടുള്ള വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടേ തീരുമാനിക്കുകയുള്ളു. അല്ലാതെ ഒരു തീരുമാനമുണ്ടാകുകയില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Content Highlights: Home Minister Ramesh Chennithala has said that he is confident of putting an end illegal activities

To advertise here,contact us